‘നോക്കണ്ട, ഇതു മോപ്പഡ് അല്ല’... കിടിലൻ മേക്ക് ഓവർ !

Mail This Article
ബൈക്കായി രൂപമാറ്റം വരുത്തിയ മോപ്പഡുമായി രാകേഷ് ബാബു. ബൈക്കിന്റെ എൻജിനിൽ നിർമിച്ച കാറാണ് പിന്നിൽ. ചേർത്തല കളവംകോടം ഇന്ദ്രധനുസ്സിൽ സുരേഷിന്റെ മകനാണ് രാകേഷ് ബാബു (29). 25,000 രൂപ ചെലവിട്ട് ഒരു മാസം കൊണ്ടാണ് മോപ്പഡിന് കിടിലൻ മേക്ക് ഓവർ ഒരുക്കിയത്. മോപ്പഡിന്റെതന്നെയാണ് എൻജിനും ടയറുകളും.
രൂപമാറ്റ സമയത്ത് ഹാർലി ഡേവിഡ്സൺ ബൈക്ക് ആയിരുന്നു രാകേഷിന്റെ മനസ്സിൽ. എൻജിൻ ഫൈബർ ഗ്ലാസ് ഉപയോഗിച്ച് അൽപം രൂപമാറ്റം വരുത്തി. 6 ലീറ്ററിന്റെ പെട്രോൾ ടാങ്ക്, സൈഡ് കവർ, ചേസ് തുടങ്ങിയവ ജിഐ ഷീറ്റിൽ നിർമിച്ചു. ജിഐ പൈപ്പ് കൊണ്ടു സൈലൻസറും തയാറാക്കി. കിക്കർ അടിച്ചാണ് സ്റ്റാർട്ട് ചെയ്യേണ്ടത്. 60 കിലോമീറ്റർ വരെ വേഗം ലഭിക്കും. ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചു കുഞ്ഞൻ കാർ നിർമിക്കുന്നത് ഉൾപ്പെടെ ചെയ്യാറുണ്ട് ചേർത്തല ഓട്ടോകാസ്റ്റിലെ വർക്കർ കൂടിയായ രാകേഷ്. ഇതിനെല്ലാം പിന്തുണയായി അമ്മ ഇന്ദുവും ഭാര്യ മേഘയും ഒപ്പമുണ്ട്.