വെസ്പ ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷൻ, വില 6.46 ലക്ഷം
Mail This Article
വെസ്പ ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. കനേഡിയന്‍ പോപ് താരം ജസ്റ്റിന് ബീബര്‍ തന്നെ രൂപകല്പന ചെയ്ത ഈ വെസ്പ 6.46 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ ലഭ്യമാവുക. കഴിഞ്ഞ ഏപ്രിലില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ വെസ്പ ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന്റെ വിരലിലെണ്ണാവുന്ന സ്കൂട്ടറുകള് മാത്രമേ ഇന്ത്യയില്‍ ലഭ്യമാവുകയുള്ളൂ.
വെസ്പ ഡീലര്‍മാര്‍ വഴി ബുക്കു ചെയ്യാവുന്ന ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന് പൂര്‍ണമായും നിര്‍മിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കനേഡിയന്‍ പോപ് താരം ജസ്റ്റിന് ബീബര്‍ തന്നെയാണ് ഈ വെസ്പ രൂപകല്പന ചെയ്തിരിക്കുന്നതും. വെളുപ്പ് നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബീബര്‍ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയില്‍ മാത്രമല്ല സാഡില്‍, ഗ്രിപ്പുകള്‍, റിമ്മുകള്‍, മിറര്‍ കവര്‍ എന്നിങ്ങനെ ഏതാണ്ടെല്ലാ ഭാഗങ്ങളും വെള്ളമയമാണ്.
വെസ്പയുമായി സഹകരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ജസ്റ്റിന് ബീബറും പങ്കുവെച്ചിരുന്നു. 'എനിക്ക് വെസ്പ ഇഷ്ടമാണ്, അവരുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. കലയോ, സംഗീതമോ, ദൃശ്യമോ മറ്റേതെങ്കിലും മേഖലയോ ആവട്ടെ സ്വയം പ്രകടിപ്പിക്കാന്‍ സാധിക്കുന്നതും, ഒന്നുമില്ലായ്മയില്‍ നിന്നും പുതിയ എന്തെങ്കിലും നിര്‍മിക്കുന്നതും എന്റെയുള്ളിലുള്ളതാണ്. ആദ്യമായി വെസ്പ ഓടിച്ചത് യൂറോപില്‍ വെച്ചായിരുന്നു. അന്ന് കാറ്റില്‍ മുടിയിഴകള്‍ പാറിക്കളിച്ചതും സ്വാതന്ത്ര്യം ആസ്വദിച്ചതും ഓര്‍മയുണ്ട്. അതൊരു സന്തോഷമായിരുന്നു' ബീബര്‍ പറയുന്നു.
'ഒരു വാഹന നിര്‍മാണ കമ്പനി എന്നതിനൊപ്പം കലയേയും രൂപകല്പനയേയും സാങ്കേതികവിദ്യയേയും സന്തോഷത്തേയും കൂട്ടിചേര്‍ക്കുന്ന സ്ഥലം കൂടിയാണിത്. ലോകമെങ്ങുമുള്ള കലാകാരന്മാരേയും ഡിസൈനര്‍മാരേയും ഞങ്ങള്‍ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജസ്റ്റിന് ബീബര്‍ ലിമിറ്റഡ് എഡിഷന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍' പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും ചെയര്‍മാനുമായ ദിയേഗോ ഗ്രാഫി പറഞ്ഞു.
ആഗോളതലത്തില്‍ 50 സിസി, 125 സിസി, 150 സിസികളില്‍ വാഹനം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 150 സിസി വെസ്പ ജസ്റ്റിന് ബീബര്‍ എഡിഷനാവും ലഭ്യമാവുക. ഏറ്റവും പുതിയ BS6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള വാഹനമായിരിക്കും ഇത്. ബിലീബേഴ്സ്(Beliebers) എന്നറിയപ്പെടുന്ന ബീബര്‍ ആരാധകര്‍ക്ക് അമൂല്യമായ സമ്മാനമാവും ഈ വെസ്പ പ്രത്യേകപതിപ്പ്.
English Summary: Vespa Justin Bieber Limited Edition launched in India