വിദേശികൾക്ക് സ്വന്തം പേരിൽ രണ്ടു വാഹനങ്ങൾ മാത്രം; അറിയിപ്പുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
Mail This Article
റിയാദ് ∙ സൗദിയിൽ വിദേശികളായ താമസക്കാർക്ക് സ്വന്തം പേരിൽ രണ്ടു സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ഉടമസ്ഥാവകാശത്തിന് അർഹതയുള്ളൂ എന്ന് സൗദി ട്രാഫിക് ഡയറക്ടേറ്റ് വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷീർ മുഖാന്തിരം നമ്പർപ്ലേറ്റ് മാറ്റം നടത്താനാവുമെന്നും അധികൃതർ വ്യക്തമാക്കി.
സ്വന്തം പേരിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറ്റൊരാളുടെ വാഹന നമ്പർ പ്ലേറ്റുമായി പരസ്പരം സമ്മതപ്രകാരം അബ്ഷീറിലൂടെ മാറ്റാനും സൗകര്യമുണ്ട്. സ്വന്തം ഉടമസ്ഥതയിലും പേരിലുമുള്ള വാഹനങ്ങളുടെ നമ്പറുകളാണ് ഇത്തരത്തിൽ അബ്ഷീർ മുഖാന്തിരം മാറുവാൻ അനുവദിക്കുകയുള്ളു. ഇൻഷുറൻസ്, റജിസ്ട്രേഷൻ എന്നിവയും കാലവധി ഉണ്ടായിരിക്കുകയും വേണം. കൂടാതെ മതിയായ ഫീസുകളും നൽകണം. ഇതിനു ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാനാവു എന്നും ഗതാഗത വിഭാഗം അറിയിച്ചു.
ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി പൂർത്തിയാക്കി 60 ദിവസം കഴിഞ്ഞ് ലൈസൻസ് പുതുക്കുന്നതിന് പിഴ നൽകണമെന്നും അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ വിശദമാക്കി. ലൈസൻസ് കാലഹരണപ്പെട്ട തീയതി മുതൽ 60 ദിവസം കഴിഞ്ഞ് ഓരോ വർഷവും അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് 100 റിയാലാണ് ലേറ്റ് ഫീസ് നൽകേണ്ടത്. ട്രാഫിക് പിഴകൾ ഒഴിവാക്കാൻ സമയബന്ധിതമായി ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടതിന്റെ പ്രാധാന്യം സൗദി ട്രാഫിക് ഡിപ്പാർട്ട്മെന്റ് എടുത്തു പറഞ്ഞു.