മൂന്നാം തവണയും പ്രസിഡന്റാകാൻ വഴി തേടുമെന്ന് ട്രംപ്

Mail This Article
മോസ്കോ ∙ ധാതു കരാറിൽനിന്നു പിൻവാങ്ങാൻ സെലെൻസ്കി ശ്രമിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധികനികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നേതൃത്വത്തെ പുട്ടിൻ ചോദ്യംചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്ത്യയും ചൈനയുമാണ് റഷ്യയിൽനിന്നു പ്രധാനമായും എണ്ണ വാങ്ങുന്നത്. ട്രംപിന്റെ ഭീഷണിയോടു കരുതലോടെയായിരുന്നു റഷ്യയുടെ പ്രതികരണം.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും ഉഭയകക്ഷി ബന്ധം ശക്തമാക്കാനും റഷ്യയും യുഎസും പ്രവർത്തിച്ചുവരികയാണെന്നു റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആവശ്യമെങ്കിൽ ട്രംപുമായി സംസാരിക്കാൻ പുട്ടിൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം തവണയും പ്രസിഡന്റാകാൻ വഴി തേടും: ട്രംപ്
വെസ്റ്റ് പാം ബീച്ച് (യുഎസ്) ∙ മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാൻ വഴികൾ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ൽ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
ഫ്രാങ്ക്ളിൻ ഡി.റൂസ്‍വെൽറ്റ് 1951 ൽ തുടർച്ചയായി നാലാംതവണയും പ്രസിഡന്റായതിനെത്തുടർന്നാണ്, ആരും 2 തവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന് യുഎസ് ഭരണഘടനയിൽ വ്യവസ്ഥകൊണ്ടുവന്നത്.