മുടികൊഴിച്ചിൽ കൂടി കഷണ്ടി ആകുമോയെന്ന ടെൻഷനിലാണോ? ഈ തെറ്റുകൾ ഒഴിവാക്കൂ
Mail This Article
മുടിയുടെ വളര്‍ച്ചാ ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്‌നമാണ്. പുരുഷന്മാര്‍ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍.
നാലു ഘട്ടങ്ങളാണ് മുടിയുടെ ജീവിതചക്രത്തിലുള്ളത്. ഇതില്‍ ആദ്യ ഘട്ടമാണ് അനജന്‍ അഥവാ വളര്‍ച്ചയുടെ ഘട്ടം. മുടി കൊഴിയാന്‍ തുടങ്ങുന്നവരില്‍ ഈ ഘട്ടത്തിലെ മുടി വളര്‍ച്ച കുറവാണെന്ന് കാണാം. അടുത്തത് കാറ്റജന്‍ അഥവാ ട്രാന്‍സിഷണല്‍ ഘട്ടം. മൂന്നാമത് ടെലോജന്‍ അഥവാ റെസ്‌റ്റിങ് ഘട്ടം. മുടി കൊഴിച്ചില്‍ ഉള്ളവരില്‍ ഈ ഘട്ടത്തിന് ദൈര്‍ഘ്യം കൂടുതലാകും. അവസാന ഘട്ടമായ എക്‌സോജനിലാണ് മുടി കൊഴിയുന്നത്.
നിങ്ങളുടെ കുടുംബത്തില്‍ കഷണ്ടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ജനിതകപരമായി മുടികൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുടികൊഴിച്ചിലിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അറിയാന്‍ ശരീരത്തിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12 തോത് അയണ്‍ തോത്, രക്തത്തിലെ പഞ്ചസാരയുടെ തോത്, തൈറോയ്‌ഡ് തോത് എന്നിവയെല്ലാം അറിയുന്നത് സഹായിക്കും. മുടി കൊഴിച്ചില്‍ ശ്രദ്ധയില്‍പ്പെടുന്ന പുരുഷന്മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ചര്‍മ്മരോഗ വിദഗ്‌ധ ഡോ. ദീപാലി ഭരദ്വാജ്.
സന്തുലിത ഭക്ഷണം
വൈറ്റമിനും ധാതുക്കളും പ്രോട്ടീനുമൊക്കെ അടങ്ങിയ സന്തുലിത ഭക്ഷണക്രമം മുടിയുടെ ആരോഗ്യമുള്ള വളര്‍ച്ചയ്‌ക്ക് അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ഒമേഗ-3 ഫാറ്റി ആസിഡ്, ഹോള്‍ ഗ്രെയ്‌നുകള്‍, ബയോട്ടിന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
മുടി കഴുകാന്‍ സോഫ്‌ട് വാട്ടര്‍
വെള്ളത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിച്ച് അതിനെ ലഘുവാക്കാന്‍ വാട്ടര്‍ സോഫ്‌ട്‌നര്‍ വീട്ടില്‍ വയ്‌ക്കുന്നത് മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
ജലാംശം നിലനിര്‍ത്തുക
ശരീരത്തിന്റെയും തലയോടിന്റെയും ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
മുടിയെ കുഞ്ഞിനെ പോലെ പരിചരിക്കാം
മുടി കൊഴിച്ചിലുള്ളവര്‍ വളരെ ശ്രദ്ധയോടെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ മുടിയെ പരിചരിക്കേണ്ടതാണ്. തല നിത്യവും മൈല്‍ഡ് ഷാംപുവും കണ്ടീഷനറും ഇട്ട് കഴുകാവുന്നതാണ്. മുടി തുവര്‍ത്തുമ്പോള്‍ ശക്തിയായി ചെയ്യുന്നതും മുടി വല്ലാതെ കൊഴിയാന്‍ ഇടയാക്കും.
രണ്ട് ഷാംപൂ
രാസവസ്‌തുക്കള്‍ ഇല്ലാത്ത രണ്ട് തരം ഷാംപൂ വച്ച് അവ ഓരോന്നും ഓരോ ദിവസം എന്ന കണക്കില്‍ മാറ്റി മാറ്റി ഉപയോഗിക്കുക.
അകലമുള്ള ചീര്‍പ്പ്
മുടി ചീകാനായി പല്ലുകള്‍ക്കിടയില്‍ നല്ല അകലമുള്ള തരം ചീര്‍പ്പ് ഉപയോഗിക്കുക. മുടിക്കിടയിലൂടെ എളുപ്പത്തില്‍ ഇവ ചലിക്കും. അകലം കുറഞ്ഞ ചീര്‍പ്പ് മുടിയില്‍ കുടുങ്ങി അവ പൊട്ടിപ്പോകാന്‍ ഇടയാക്കാം.
രാസവസ്‌തുക്കള്‍ ഒഴിവാക്കാം
ഹെയര്‍ ഡൈ, ബ്ലീച്ചുകള്‍, ആല്‍ക്കഹോള്‍ ചേര്‍ത്ത സ്‌റ്റൈലിങ് ഉത്‌പന്നങ്ങള്‍ എന്നിവ മുടിക്കും ശിരോചര്‍മ്മത്തിനും നാശം വരുത്തുമെന്നതിനാല്‍ അവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
ഹെയര്‍ ഡ്രയര്‍ ഉപയോഗം കുറയ്‌ക്കാം
ഹെയര്‍ ഡ്രയറില്‍ നിന്നുള്ള അമിതമായ ചൂട് മുടി പൊട്ടാന്‍ ഇടയാക്കുമെന്നതിനാല്‍ വല്ലപ്പോഴും മാത്രമേ അവ ഉപയോഗിക്കാവൂ.
ടൈറ്റ് ഹെയര്‍സ്‌റ്റൈലുകള്‍ ഒഴിവാക്കാം
മുടിയെ കട്ടിയായി വലിച്ച് കെട്ടി വയ്‌ക്കുന്ന തരം ടൈറ്റ് പോണി ടെയ്‌ലുകള്‍, ടൈറ്റ് മാന്‍-ബണുകള്‍, തുടങ്ങിയ സ്‌റ്റൈലുകള്‍ ഒഴിവാക്കാം.
ചൂട് അധികമുള്ള വെള്ളം
മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ ചൂട് കൂടിയ വെള്ളവും തലയില്‍ ഒഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രോട്ടീന്‍ പൗഡര്‍ ഒഴിവാക്കാം
മുടി കൊഴിച്ചില്‍ ഉള്ളവരിൽ ചിലർക്ക് കഷണ്ടി വരുന്നതിന്റെ വേഗം കൂടാനുള്ള സാധ്യത ഉള്ളതിനാൽ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.
എണ്ണയും ഹെയര്‍ സ്‌പായും ഒഴിവാക്കാം
എണ്ണ ശിരോചര്‍മ്മത്തിലേക്ക് ഇറങ്ങി ചെന്ന് മുടി കൊഴിച്ചില്‍ തടയുമെന്നത് മിഥ്യാധാരണയാണ്. ഇതിനാല്‍ ഓയില്‍ ട്രീറ്റ്‌മെന്റുകള്‍, ഹെയര്‍ സ്‌പാകള്‍, ഹെയര്‍ മാസ്‌ക് എന്നിവ ഒഴിവാക്കുക. എണ്ണ ഉപയോഗിച്ച് ശിരോചര്‍മ്മം മസാജ് ചെയ്യുന്നത് പക്ഷേ ഉപയോഗപ്രദമാണ്.
പുരുഷന്മാരിലെ മുടി കൊഴിച്ചിലിന് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ തെറാപ്പി, ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ്, ഡെര്‍മ റോളിങ് പോലുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണെന്നും ഡോ. ദീപാലി കൂട്ടിച്ചേര്‍ക്കുന്നു.