മനഃപൂർവമുള്ള അശ്ലീല പരാമർശവും മോശം കമന്റുകളും; ഇത് മാനസിക രോഗമോ?
Mail This Article
തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന് ചലച്ചിത്രതാരം ഹണി റോസ് ബോബി ചെമ്മണൂരിനെതിരെ നൽകിയ പരാതിയും അതിനെതുടർന്നുണ്ടായ അറസ്റ്റുമൊക്കെ വാർത്തകളിൽ നിറയുകയാണ്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടുള്ള യുദ്ധമായാണ് ഈ പരാതിയെ പലരും കണ്ടത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ മനഃശാസ്ത്രപരമായി ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കണം.
ചില സ്ത്രീകളെ കാണുമ്പോൾ പലർക്കും പല കാരണങ്ങൾ കൊണ്ടും ആരാധനയോ താൽപര്യമോ തോന്നിയേക്കാം. അവർക്കൊപ്പം കഴിയണമെന്നു പോലും തോന്നാം. അതു സ്വാഭാവികമാണ്, കുറ്റകരമല്ല. കാരണം ആ ചിന്ത പുറത്തേക്കു വരുകയോ മറ്റൊരാളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ചിലർ ഇത്തരം തോന്നലുകൾ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ പ്രകടിപ്പിക്കുന്നു. അത് സമൂഹമാധ്യമങ്ങളിലെ മോശം കമന്റായോ പരിഹാസമായോ ഭീഷണിയായോ ചേഷ്ടകളായോ അതു പ്രകടമാകാം. അല്ലെങ്കിൽ പോൺ വിഡിയോകളോ അശ്ലീല ചിത്രങ്ങളോ അയയ്ക്കുന്നതാവാം. അത്തരം പ്രതികരണങ്ങൾ കുറ്റകരമാണ്. ഇങ്ങനെ സംഭവിക്കുന്നതിനു പിന്നിലെ കാരണങ്ങളെ പ്രധാനമായും രണ്ടായി തരിക്കാം. ഒന്ന്, വ്യക്തിപരം, രണ്ട്, സാഹചര്യം.
∙ വ്യക്തിപരമായ കാരണങ്ങൾ
ചില ആൾക്കാർക്ക് അനുകമ്പയോടുള്ള സമീപനവും വൈകാരിക ബുദ്ധിയും കുറവായിരിക്കാം. മറ്റുളളവരുടെ അവകാശങ്ങൾ, വികാരങ്ങൾ എന്നിവയെ ബഹുമാനിക്കണമെന്നോ അല്ലാത്തപക്ഷം അവർക്ക് മാനസിക ബുദ്ധമുട്ട് ഉണ്ടാകുമെന്നോ അവർക്കു ധാരണയില്ല. യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ കണക്കു നോക്കിയാൽ എട്ടു ശതമാനം വരെ ആളുകൾക്ക് സെക്‌ഷ്വൽ അഡിക്‌ഷൻ അല്ലെങ്കിൽ സെക്‌ഷ്വൽ കംപൽസീവ് ഡിസോർഡർ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ഇംപൾസ് കൺട്രോൾഡ് ഡിസോർഡറിൽ വരുന്നതാണ്. അവർക്ക് ലൈംഗിക ത്വര വരുമ്പോൾ യന്ത്രിക്കാൻ പറ്റാതെവരും. അപ്പോൾ സ്ത്രീകള്‍ക്കു നേരെ അശ്ലീലവാക്കുകൾ പ്രയോഗിക്കുക പോലുള്ള കാര്യങ്ങളിൽ ഏർപ്പെടാനുള്ള വ്യഗ്രതയുണ്ട്. അതിലൂടെ അവർക്ക് ലൈംഗിക സംതൃപ്തി കിട്ടുന്നു. ഇത്തരക്കാർ സ്ത്രീകളോട് മോശമായി പെരുമാറാൻ സാധ്യത ഏറെയാണ്. അതുപോലെ ഒരു വ്യക്തിയെ ആഗ്രഹിച്ചിട്ട് കിട്ടാതെ അതൃപ്തി വരുന്നവർ അവരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യുന്നു. അങ്ങനെ സംതൃപ്തി കണ്ടെത്തുന്നു.
മറ്റൊരു വിഭാഗം ആളുകളുടെ ധാരണ, ഏതു സ്ത്രീയും അവരുടെ അനുഭൂതിക്കായി സൃഷ്ടിക്കപ്പെട്ടവരാണ് എന്നായിരിക്കും. അങ്ങനെയുള്ളവർ നിരന്തരം സ്ത്രീകളോട് മോശമായി പെരുമാറാനും അശ്ലീല ചേഷ്ടകൾ കാണിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ കൂട്ടർ എന്തു പ്രശ്നം വന്നാലും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. തങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരിൽ എന്തു പ്രതികരണമാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിക്കുകയുമില്ല. സമൂഹത്തിൽ സ്ത്രീകളുമായി ഇടപഴകാനോ സഹകരിക്കാനോ ഇവർക്ക് ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാം. തങ്ങളെ ആരും കുറ്റം പറയുന്നതോ ഉപദേശിക്കുന്നതോ ഇഷ്ടപ്പെടണമെന്നുമില്ല.
ഇനി നാർസിസ്റ്റിക് വ്യക്തിത്വ സ്വഭാവമുളളവരാണെങ്കിലോ? അവർക്ക് അവരോടു മാത്രമേ സ്നേഹമുള്ളൂ. മറ്റുള്ളവരുടെ വികാരങ്ങളോ കാര്യങ്ങളോ അവരെ ഒരു രീതിയിലും അലട്ടുന്നില്ല. ഞാൻ വലിയ ആളാണ് എന്ന ഭാവമുള്ളവരാണ് അവർ. എന്തു വൃത്തികേട് പറഞ്ഞാലും അതിനെ മറ്റുളളവർ തമാശയായി കാണുമെന്നു ധരിക്കും. ഞാൻ ആ ഉദ്ദേശ്യത്തിലല്ല പറഞ്ഞത് എന്നു സമർഥിക്കാനും ഇവർ മിടുക്കരാണ്.
സ്വന്തം കഴിവില്ലായ്മ മറച്ചു പിടിക്കാനായി മറ്റുള്ളവരെ ആക്ഷേപിക്കുകയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നവരുണ്ട്. അവരുടെ ജീവിതത്തിൽ നെഗറ്റീവ് ആയ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലോ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലോ സ്വന്തം വികാരങ്ങളെ ഒളിപ്പിക്കാൻ സ്ത്രീകൾക്കു നേരെയുള്ള സൈബർ ആക്രമണവും മറ്റും അവർ ഡിഫൻസ് മെക്കാനിസം ആയി ഉപയോഗിക്കുന്നു.
ബൈപോളാർ എഫക്ടീവ് ഡിസോർഡർ എന്നൊരു മൂഡ് ഡിസോർഡറുണ്ട്. അതിൽ മാനിയ എന്നൊരു ഘട്ടത്തിൽ രോഗിക്ക് ലൈംഗികതൃഷ്ണ കൂടുതലായിരിക്കും. ശരിതെറ്റ് തിരിച്ചറിയാനുള്ള കഴിവും അവർക്ക് ഉണ്ടാകണമെന്നില്ല. രോഗാവസ്ഥയിൽ ഇങ്ങനെയൊരു പ്രശ്നമുണ്ടാകാമെന്നുള്ള തിരിച്ചറിവും ഇവർക്കില്ല. ഈ സാഹചര്യത്തിലും സ്ത്രീകളോട് മോശമായി പെരുമാറാം.
പൊതുവിടങ്ങളിൽ പലപ്പോഴും കാണുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട്. സെക്‌ഷ്വൽ പാരഫിലിക് ഡിസോർഡർ അതായത് ലൈംഗികവൈകൃത സ്വഭാവമുള്ളവർ. അവരുടെ ലൈംഗിക അവയവം സ്ത്രീകളിൽ സ്പർശിക്കുമ്പോൾ മാത്രമേ ലൈംഗിക അനുഭൂതി ലഭിക്കുകയുള്ളൂ. അങ്ങനെയുള്ളവർ പൊതുഇടത്തിൽ ആണെങ്കിലും സ്ത്രീകളോട് മോശമായി പെരുമാറാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെയൊരു സാഹചര്യം ലഭിക്കുന്നില്ലെങ്കിൽ അവരുടെ വികാരങ്ങൾ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളായും മറ്റും പ്രകടിപ്പിക്കാറുണ്ട്.
∙ സാഹചര്യം കൊണ്ടുണ്ടാകുന്നവ
ഇനി സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും അവര്‍ക്കു നേരെ അശ്ലീല കമന്റുകൾ പറയുകയും ചെയ്യുന്നവരുണ്ട്. വലിയ ആവേശവും പ്രചോദനവുമുള്ള സാഹചര്യത്തിൽ (ഓവർ സ്റ്റിമുലേറ്റഡ്) എന്തും വിളിച്ചുപറയും. ഉദാഹരണമായി, രാഷ്ട്രീയക്കാർ അണികളുടെ ആവേശം കണ്ട് മനസ്സിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ഒരു രീതി. ആ ആവേശത്തിമിർപ്പില്‍ എന്തും വിളിച്ചു പറയാനുള്ള ഒരു ത്വര വരുന്നു. അത് വരുംവരായ്കകള്‍ ആലോചിക്കാതെയുള്ള പെരുമാറ്റത്തിനു കാരണമാകുന്നു. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക്, ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ തോന്നുന്നതുപോലെ ജീവിക്കാം എന്ന ചിന്തയായിരിക്കും. വിദേശത്ത് ഒറ്റപ്പെട്ട് കഴിയുന്നവര്‍, എന്നെ ആർക്കും അറിയില്ലെന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നു. ഇന്റർനെറ്റ് വലിയ സാഹചര്യം തന്നെയാണ് പലർക്കു മുന്നിലും ഒരുക്കുന്നത്. ഒളിഞ്ഞിരുന്ന് എന്തു വേണമെങ്കിലും ചെയ്യാം, ഫേക്ക് ഐഡി മതി എന്ന അവസ്ഥ ഇത്തരം ചിന്താഗതി ഉള്ളവർക്ക് അനുകൂല സാഹചര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ലഹരി ഉപയോഗം സ്വബോധം നഷ്ടപ്പെടുത്തുകയും ലൈംഗിക ത്വര കൂട്ടുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ചില സ്വകാര്യ പാർട്ടികളിൽ മദ്യലഹരിയിൽ സ്ത്രീകളോട് മോശമായി പെരുമാറാറുണ്ട്. ഇങ്ങനെ പലതരം മാനസിക വൈകൃതങ്ങൾ ഉള്ളവരും സമൂഹത്തിലുണ്ട്. ചികിത്സ വേണ്ട അവസ്ഥയിൽ അത് ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്