നാലുമാസത്തിനുശേഷം വീട്ടിലെത്തി; കാത്തിരുന്നത് ഫ്രിജിനുള്ളിലെ ഐസ് കൂമ്പാരം!

Mail This Article
ദീർഘകാലം വീടുപൂട്ടി പോകേണ്ട സാഹചര്യം ഉണ്ടായാൽ വീടിനോ ഗൃഹോപകരണങ്ങൾക്കോ കേടുപാടുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധ ചിലപ്പോൾ അപകടത്തിൽ കലാശിച്ചെന്ന് വരും.
അക്കൂട്ടത്തിൽ ഏറ്റവും അധികം ശ്രദ്ധ നൽകേണ്ടവയാണ് വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ. അവയെല്ലാം അൺപ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യപടി. എന്നാൽ നാലുമാസം നീണ്ട അവധിക്കാലം ആസ്വദിക്കാനായി വീടുവിട്ടുപോയ ഒരു അമേരിക്കൻ കുടുംബം തങ്ങളുടെ റഫ്രിജറേറ്റർ ഓഫ് ചെയ്യാൻ വിട്ടുപോയി. തിരികെ വന്നപ്പോൾ അവർ കണ്ട കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ വിദേശസമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സാറ ഹെയ്വാർഡ് എന്ന യുവതിയാണ് തങ്ങളുടെ റഫ്രിജറേറ്ററിന്റെ അവസ്ഥ വെളിവാക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓട്ടമാറ്റിക്കായി ഐസ് ക്യൂബുകൾ നിർമിക്കാൻ സംവിധാനമുള്ള റഫ്രിജറേറ്ററാണ് സാറയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇത് ഓഫ് ചെയ്യാൻ മറന്നതോടെ റഫ്രിജറേറ്റർ ഐസ്ക്യൂബുകൾ നിർമിച്ചു തുടങ്ങി. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഫ്രിജ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിന് അബദ്ധം മനസ്സിലായത്.
സാവധാനം ഫ്രിജിന്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഡബിൾ ഡോർ ഫ്രിജിന്റെ ഫ്രീസറിലും കമ്പാർട്ട്മെന്റുകളിലും ഐസ് തിങ്ങിനിറഞ്ഞിരിക്കുന്ന കാഴ്ച. വാതിൽ തുറന്നപ്പോൾ തന്നെ ഐസ് കെട്ടകൾ കൂമ്പാരമായി താഴേയ്ക്ക് വീണു. റഫ്രിജറേറ്ററിന്റെ ഉൾഭാഗം കാണാൻ പറ്റാത്ത വിധത്തിൽ ഐസ് കൊണ്ട് മൂടപ്പെട്ടു പോയിരുന്നു. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ വീടുപൂട്ടി പോകുന്നവർ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ദീർഘകാലം വീടുപൂട്ടി പോകുന്ന സമയത്ത് റഫ്രിജറേറ്ററിന്‍റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. എത്രകാലത്തേയ്ക്കാണ് റഫ്രിജറേറ്റർ ഉപയോഗശൂന്യമായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അവ എങ്ങനെ പരിപാലിക്കണമെന്ന് തീരുമാനിക്കുന്നത്. ചെറിയ കാലയളവാണെങ്കിൽ അൺപ്ലഗ് ചെയ്യണമെന്നില്ല. പഴകുന്ന ഭക്ഷണസാധനങ്ങൾ അടക്കമുള്ളവ മാറ്റി ഫ്രിജ് കാലിയാക്കാം. താപനില നിയന്ത്രിച്ചു നിർത്തുന്നതിനായി വെള്ളം നിറച്ച ജഗ്ഗുകൾ ഫ്രിജിനുള്ളിൽ സൂക്ഷിക്കണം. വീടുവിട്ടു പോകുന്നതിനു മുൻപായി ഐസ് മേക്കർ ഫങ്ഷൻ ഓഫ് ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പുവരുത്തുക. ടെംപറേച്ചർ കൺട്രോളുകൾ നോർമലിലാക്കി വയ്ക്കുന്നതാണ് ഉചിതം.
ദീർഘകാലത്തേക്കാണ് വീട് പൂട്ടി പോകുന്നതെങ്കിൽ ഫ്രിജിനുള്ളിൽ ഒരു സാധനങ്ങളും അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കി പൂർണമായും കാലിയാക്കുക. ഐസ് മേക്കർ ഓഫാക്കി എന്ന് ഉറപ്പുവരുത്തണം. ഐസ് ട്രേയിൽ അവശേഷിക്കുന്ന ക്യൂബുകളും നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. അതിനുശേഷം വൃത്തിയുള്ള തുണിയും ക്ലീനിങ് ലായനിയും ഉപയോഗിച്ച് ഫ്രിജിനകം തുടച്ച് വൃത്തിയാക്കാം. ടെംപറേച്ചർ കൺട്രോളുകൾ എല്ലാം ഓഫാക്കണം. ഫ്രിജിന്റെ അകം നന്നായി ഉണങ്ങിയ ശേഷം അൺപ്ലഗ് ചെയ്യാം. വാട്ടർ സപ്ലൈ വാൽവും ഓഫ് ചെയ്യണം.
ഫ്രിജിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാതിരിക്കാൻ തുറന്ന നിലയിലുള്ള ബേക്കിങ് സോഡയുടെ പായ്ക്കറ്റോ പത്ര പേപ്പറിന്റെ കഷ്ണങ്ങളോ ഫ്രിജിനുള്ളിൽ വയ്ക്കാം. മടങ്ങിയെത്തി ഉപയോഗിക്കുന്നതിനു മുൻപും ഫ്രിജിനകം നന്നായി തുടച്ച് വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം.