ഇവിടുത്തെ കാറ്റാണ് കാറ്റ്... ഏലക്കാടുകളിൽ രാപാർക്കാൻ അവസരമൊക്കി ‘എലെറ്റേറിയ’

Mail This Article
മദിപ്പിക്കുന്ന ഗന്ധമുണ്ട് ഏലക്കായ്ക്ക്; മദിപ്പിക്കുന്ന കാഴ്ചയാണ് ഓരോ ഏലക്കാടും. കാടും കൃഷിയും തമ്മിൽ കലർന്നു കിടക്കുന്നതിന്റെ നിഗൂഢഭംഗി ആസ്വദിക്കണമെങ്കിൽ ഏലക്കാടുകളിലെത്തണം. പണ്ടെന്നോ വനമായിരുന്നതിന്റെ ഓർമകളും അടയാളങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ഓരോ ഏലത്തോട്ടത്തിലും. ഏലക്കാട്ടിലൂടെ നടക്കുന്ന ഏതൊരാളെയും ഈ വനഭംഗി വന്ന് തൊട്ടുവിളിക്കും. എലയ്ക്കായയുടെ സുഗന്ധം കലർന്ന കാറ്റ് ഈ മലനിരകളിലെ മനഷ്യാധ്വാനത്തിന്റെ കഥകൾ പറയും.‘എലെറ്റേറിയ’യിലേക്ക് സന്ദർശകർ വരുന്നതും ഈ അനുഭവങ്ങൾ ആസ്വദിക്കാൻ തന്നെ.

കോട്ടയത്തുനിന്ന് ദശാബ്ദങ്ങൾ മുൻപ് ഇടുക്കി കട്ടപ്പന പുളിയൻമലയിലേക്കു കുടിയേറിയ കർഷക കുടുംബാംഗമായ കൊപ്പുഴ വീട്ടിൽ ജയൻ ജോസഫ് വണ്ടൻമേട്ടിൽ ഒരുക്കിയിരിക്കുന്ന ‘എലെറ്റേറിയ’ ഏലക്കൃഷിയുടെ ടൂറിസം സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്ന സംരംഭമാണ്. പ്രകൃതിക്കും കൃഷിക്കും തെല്ലും അലോസരമുണ്ടാക്കാതെ കൃഷിയും വിനോദസഞ്ചാരവും തമ്മിൽ ലയിപ്പിച്ച് വരുമാനം വർധിപ്പിക്കുകയാണ് ജയൻ ചെയ്യുന്നത്.
കൃഷിക്കൊപ്പം ടൂറിസം
കേരളത്തിന്റെ കൃഷിപാരമ്പര്യത്തിൽ സുഗന്ധവിളകൾക്കു സുപ്രധാന സ്ഥാനമുണ്ട്. നാട്ടിലും മറുനാടുകളിലും നമ്മുടെ സുഗന്ധവിള പാരമ്പര്യത്തിന് ആരാധകര്‍ ഏറെയാണ്. ഈ വിളകളിൽ ഏലത്തിനു വിനോദസഞ്ചാരത്തില്‍ മേൽക്കൈ നൽകുന്നത് അതു വളരുന്ന വനപ്രകൃതി തന്നെ. ആളേക്കാൾ ഉയരത്തിൽ വളർന്നുനിൽക്കുമല്ലോ ഏലച്ചെടികൾ. ഒപ്പം ഏലത്തിനു തണലേകുന്ന വൻ മരങ്ങൾകൂടി ചേരുന്നതോടെ കുളിരുള്ള കാടിനെ ഓർമിപ്പിക്കും ഓരോ ഏലത്തോട്ടവും. വർഷങ്ങൾക്കു മുൻപ് വണ്ടൻമേട്ടിൽ 15 ഏക്കറോളം വരുന്ന ഏലത്തോട്ടം വാങ്ങുമ്പോഴേ ഈ ടൂറിസം സാധ്യത മനസ്സിലുണ്ടായിരുന്നെന്നു ജയൻ. ടൂറിസം അക്കാദമിക് വിഷയമായിത്തന്നെ പഠിച്ചതിന്റെ ആത്മവിശ്വാസവുമുണ്ടായിരുന്നു. അങ്ങനെയാണ് ഏലത്തിന്റെ ശാസ്ത്രനാമമായ ‘എലെറ്റേറിയ’ എന്നുതന്നെ പേരിട്ട ഫാം ടൂറിസം സംരംഭത്തിലേക്കു കടക്കുന്നത്. വിശാലമായ ഏലത്തോട്ടത്തിലെ ചെറു കുന്നുകളും ചെരിവുകളും താഴ്‌വാരങ്ങളുമെല്ലാം ചേർന്ന ലാൻഡ്സ്കേപ്പിന് ഒരു പരുക്കും ഏൽപിക്കാതെ ഒരു കോട്ടേജ് നിർമിച്ചാണ് തുടക്കം. അറിഞ്ഞും ആസ്വദിച്ചും സന്ദർശകരുടെ എണ്ണം കൂടിയതോടെ കൃഷിയെ തെല്ലും ബാധിക്കാത്തവിധം കോട്ടേജുകളുടെ എണ്ണം 20 ആക്കി. കല്ലു നടപ്പാതകളും സന്ദർശകർക്കു തന്നെ ചൂണ്ടയിട്ടു മീൻപിടിക്കാൻ മത്സ്യക്കുളവും ഒരുക്കി. നിലത്തുനിന്ന് നാലഞ്ചാൾ പൊക്കത്തിൽ വൻമരങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ‘ട്രീ ടു ട്രീ വാക്ക്’ നടപ്പാതയൊരുക്കി. ഏലത്തോട്ടത്തിന്റെ ‘ഏരിയൽ വ്യൂ’ ആസ്വദിക്കാനായി ട്രീ ഹട്ട് തയാറാക്കി. ഏലക്കൃഷിയെ തെല്ലും ശല്യപ്പെടുത്താതെയാണ് ഈ നിര്‍മാണമെല്ലാം.

കൃഷിയാണ് മുഖ്യം
ഫാം ടൂറിസത്തിന്റെ കേന്ദ്രബിന്ദു കൃഷിയാണല്ലോ. കൃഷിയുടെ അനുബന്ധമായാണ് ടൂറിസം വളരുന്നത്. അതുകൊണ്ടുതന്നെ കൃഷിയിലെ ഉൽപാദനവും വരുമാനവും തന്നെയാണ് പ്രധാനം. സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകവും ഈ വിളസമൃദ്ധിതന്നെ. അതിനാല്‍ വിളവു കുറയാതെ നോക്കേണ്ടതുണ്ട്. അതേസമയം രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കൂടുതലുള്ള വിളയാണ് ഏലം. എലത്തോട്ടത്തെ ഫാം ടൂറിസമായി വളർത്തുമ്പോൾ രാസവള– കീടനാശിനി പ്രയോഗം കുറയ്ക്കേണ്ടി വരും. സന്ദർശകർക്ക് അലോസരമുണ്ടാക്കുന്ന അന്തരീക്ഷമാകരുത് കൃഷിയിടത്തില്‍. അതിനു കൃഷി കൂടുതൽ ശാസ്ത്രീയമാക്കുകയോ ബദൽമാർഗം തേടുകയോ വേണം. രാസവള–കീടനാശിനി പ്രയോഗം പരമാവധി പരിമിതപ്പെടുത്തുകയാണ് ജയൻ സ്വീകരിച്ച വഴി. കൃഷിയിടത്തിന്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവക്കൃഷിയിലേക്കു മാറ്റുകയും ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച ഫലം നല്‍കുന്ന ജൈവവളം–കീടനാശിനികൾ ഇന്നു ലഭ്യമാണെന്നത് അനുകൂലമായി. മത്സ്യക്കുളത്തിലെ വെള്ളമാണ് ഏലച്ചെടികൾക്കു പ്രധാന പോഷകം. തിലാപ്പിയകൾ വളരുന്ന വിശാലമായ കുളത്തിലെ മത്സ്യവിസർജ്യം കലർന്ന പോഷകവെള്ളം ഏലച്ചെടികളുടെ ആരോഗ്യത്തിനും ഉൽപാദന വർധനയ്ക്കും നല്ല ഗുണം ചെയ്യുന്നുണ്ടെന്ന് ജയൻ.
സന്ദർശകർക്ക് സ്വസ്ഥമായി താമസിക്കാനും ഏലത്തോട്ടത്തിലെ തൊഴിലാളികൾക്കൊപ്പം നടന്ന് കൃഷിയിലും എലയ്ക്കാ വിളവെടുപ്പിലുമെല്ലാം പങ്കുചേരാനും ജയൻ അവസരമൊരുക്കുന്നു. തോട്ടത്തിൽ ഉൽപാദിപ്പിക്കുന്ന ഏലയ്ക്കയിലൊരു പങ്ക് സന്ദർശകർ തന്നെ വാങ്ങുകയും ചെയ്യുന്നു. ഏലം മാത്രമല്ല, ഇടവിളയായി കുരുമുളകും പഴച്ചെടികളും പരിപാലിക്കുന്നു. രുദ്രാക്ഷം പോലെ കൗതുകം പകരുന്ന വൃക്ഷങ്ങൾക്കും ഇടം നൽകിയിരിക്കുന്നു, സന്ദർശകർക്ക് ഇടുക്കിയിലെ ഇതര ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിച്ചുള്ള ജീപ്പ് സഫാരിക്കും അവസരമുണ്ട്. കേരളീയ കലകൾ ആസ്വദി ക്കണോ, അതിനും സൗകര്യമുണ്ട്.

കോവിഡ് കാലത്തിനുശേഷം കുടുംബമായി വരുന്ന സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ജയൻ പറയുന്നു. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ കോവിഡ് കാലം കാരണമായി. ഇങ്ങനെ കുടുംബമായി വിനോദയാത്ര പോകുന്നവർ കൃഷിയിടങ്ങളിലേക്കു യാത്ര പോകാന്‍ കൂടുതൽ താൽപര്യപ്പെടുന്നുണ്ട്. കൃഷിയിടങ്ങളിലെ താമസവും നാടൻഭക്ഷണവും കൃഷിപ്പണികളിൽ പങ്കു ചേരലുമെല്ലാം കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം വർധിപ്പിക്കുന്നുണ്ട്. ഈ മാറ്റം സംസ്ഥാനത്തിന്റെ ഫാം ടൂറിസം സാധ്യതകളും വർധിപ്പിക്കുമെന്നു ജയൻ പറയുന്നു.
ഫോൺ: 9961933306