യൂസഫലി ഇന്നും ഒഴുകുന്നു; നിലയ്ക്കാതൊഴുകുന്ന കേച്ചേരി പുഴ പോലെ...
Mail This Article
കവിത എഴുതാൻ വേണ്ടിയാണ് യൂസഫലി കേച്ചേരി ജീവിച്ചതുതന്നെ. എന്നാൽ ജീവിക്കാൻ വേണ്ടി അദ്ദേഹത്തിന് സിനിമാഗാനങ്ങളും എഴുതേണ്ടിവന്നു. കവിതയെ സാധാരണക്കാരനോട് അടുപ്പിച്ച അദ്ദേഹം സിനിമാ ഗാനങ്ങളെ പണ്ഡിതരുടെയും പ്രിയപ്പെട്ട സാഹിത്യമാക്കി. അതിനദ്ദേഹത്തെ സഹായിച്ചത് സംസ്കൃതം എന്ന ദേവഭാഷയും. ദേവൻമാരുടെ ഭാഷയാണെങ്കിലും മൃതഭാഷ കൂടിയാണ് സംസ്കൃതം. സംസാരിക്കപ്പെടാതെ, എഴുതപ്പെടാതെ പുതിയ കാലത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന, ഗവേഷകർക്കുപോലും കടുകട്ടിയായ സംസ്കൃതത്തിൽ പാട്ടെഴുതാൻ ധൈര്യം കാണിച്ച ഒരേയൊരു മലയാള കവിയും യൂസഫലി തന്നെ.
ആ പാട്ടുകൾ സാധാരണക്കാരന്റെ ചുണ്ടുകളിൽപോലും തത്തിക്കളിച്ചപ്പോഴാണ് സംകൃതത്തിന്റെ സൗന്ദര്യം പുതിയ തലമുറ മനസ്സിലാക്കിയത്. മഴ എന്ന സിനിമയിലെ ‘ഗേയം ഹരിനാമധേയം’ എന്ന പാട്ടു കേൾക്കു മ്പോൾ സംസ്കൃത വാക്കുകളെപ്പറ്റി ചിന്തിച്ചു തല പുണ്ണാക്കാതെ മലയാളി അനുഭവിച്ചത് പ്രണയത്തിന്റെയും ഭക്തിയുടെയും അനുഭൂതി. അതു തന്നെയാണ് ആ പാട്ടിന്റെ ശക്തി. ഈ ഗാനത്തിനാണ് യൂസഫലിക്ക് രാജ്യത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചത്. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥ മഴയായി മാറി ഇന്നും പെയ്തു തോരാത്തത് യുസഫലിയുടെ പാട്ടുകളുടെ ശക്തി കൊണ്ടു കൂടിയാണ്.
കൃഷ്ണ കൃപാ സാഗരം...മൂന്നു സംസ്കൃത വാക്കുകൾകൊണ്ട് യുസഫലി സൃഷ്ടിച്ചത് അചഞ്ചലമായ കൃഷ്ണ ഭക്തിയുടെ എന്നും ചിരി തൂകൂന്ന പീലിത്തിരുമുടി. ജാനകീ ജാനേ എന്നു പാട്ടിനു കയ്യടിച്ചവരിൽ പണ്ഡിതരും പാമരരുമുണ്ട്. ഇതേ കവി തന്നെയാണ് ‘എഴുതിയതാരാണ് സുജാത, നിന്റെ കരിമിഴിക്കോണിലെ കവിത’ എന്ന ശുദ്ധ മലയാള ഗാനവും സൃഷ്ടിച്ചത്. എന്തു ഭംഗി നിന്നെ കാണാൻ എന്നു ചോദിച്ചത്. കണ്ണീർ മഴയത്ത് എന്നു സങ്കടപ്പെട്ടത്. തേടുന്നരാതെ എന്ന് വിരഹാർദ്രനായി ചോദിച്ചത്. അനുരാഗം ഗാനം പോലെ എന്ന നിർവൃതിയിൽ ലയിച്ചത്. സുറുമയെഴുതിയ മിഴികളുടെ സ്വപ്നഭംഗിയെക്കുറിച്ച് വാചാലനായത്. കസവിന്റെ തട്ടത്തെക്കുറിച്ച് ഓർമിപ്പിച്ചത്. പേരറിയാത്ത നൊമ്പരത്തെ സ്നേഹമെന്നു വാഴ്ത്തിയത്.
തൃശൂരിലെ പ്രമുഖ മുസ്‍ലിം കുടുംബത്തിൽ ജനിച്ച യൂസഫലി സംസ്കൃതം പഠിച്ചത് ക്ലാസ്സുകളിൽ നിന്നല്ല, മഹാപണ്ഡിതനായ കെ.പി.നാരായണപ്പിഷാരടിയിൽ നിന്ന്. അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെ ഗുരുവാണ് പാട്ടെഴുതുന്ന കുട്ടിയെ സംസ്കൃത പണ്ഡിതനരികിൽ എത്തിച്ചത്. സംസ്കൃതം പഠിക്കുന്നത് പാട്ടെഴുതാൻ സഹിയിക്കും എന്ന പ്രതീക്ഷയിൽ പഠിച്ചുതുടങ്ങിയ കുട്ടി മഹാഭാരതവും ഭാഗവതവും കീർത്തനങ്ങളും ആവർത്തിച്ചു വായിച്ചു. പഠിച്ചു. കവിതയുടെ സ്വര രാഗ ഗംഗാ പ്രവാഹത്തിൽ ലയിച്ചു. സംസ്കൃതത്തെ കവിതകളേക്കാൾ ഗാനങ്ങളിൽ ഉപയോഗിച്ചതോടെ ഗുരുവിന്റെ പ്രതീക്ഷയ്ക്കപ്പുറം കേച്ചേരി ഉയർന്നു. മലയാളത്തിലെ മറ്റൊരു കവിക്കും എത്താനാകാത്ത അനന്യമായ പദവിയിൽ. ആയിരം നാവുള്ള മൗനം, അമൃത്, കേച്ചേരി പുഴ, രാഘവീയം, അഹൈന്ദവം തുടങ്ങിയ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തെ മലയാളത്തിലെ പ്രമുഖ കവികളിൽ ഒരാളാക്കി.
കേച്ചേരി പുഴ നാനാ ജാതി മതസ്ഥരുടെയും സ്വന്തമെന്നപോലെ യൂസഫലിയും മതാതീത ഭക്തിയിലാണു വിശ്വസിച്ചത്. പ്രപഞ്ചത്തിന്റെ നാഥനിൽ. കേവലം ഒരു പുൽക്കൊടിയിൽ പോലും ദൈവത്തിന്റെ സാന്നിധ്യം അറിഞ്ഞ അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കവി. ശത്രുക്കളെ അർഹിച്ചു എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല; എന്നാൽ സുഹൃത്തുക്കളെ ലഭിച്ചതിനെക്കുറിച്ച് ഞാൻ അതിശയിച്ചിട്ടുണ്ട് എന്ന് വിറ്റ്മാൻ എഴുതിയിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നുപറയാനും ആദർശങ്ങൾക്കൊത്തു ജീവിക്കാനും യൂസഫലി മടി കാണിച്ചിട്ടില്ല. ശത്രുക്കൾ കൂടുന്നത് അദ്ദേഹം ഭയപ്പെട്ടുമില്ല.
അർഥസമ്പുഷ്ടമായ കവിതകൾ. ധ്വനിസാന്ദ്രമായ പാട്ടുകൾ. യൂസഫലി ഇന്നും ഒഴുകുന്നു. കവിതകളായും ഗാനങ്ങളായും. നിലയ്ക്കാതൊഴുകുന്ന കേച്ചേരി പുഴ പോലെ.
English Summary : In Memories Of Yusufali Kechery