ADVERTISEMENT

പ്രണയികളുടെ ലോകത്ത് പകലുകള്‍ക്ക് അസ്തമനമില്ല, രാത്രികള്‍ക്ക് അവസാനവും. 

അവസാനമവസാനമവസാനമീയാത്ര-

അവസാനമവസാനമല്ലോ? എന്ന് ഹൃദയം പിളര്‍ക്കുന്ന ഉപചാരത്തോടെ കമിതാക്കള്‍ വിടചൊല്ലിയാലും പ്രണയത്തിന്‍റെ ലോകത്ത് മനസ്സിനെ കൊളുത്തിവലിക്കുന്ന വൈകാരികത അനശ്വരമായി നിലനില്‍ക്കും. മലയാള കവിതയില്‍ പ്രണയത്തിന്‍റെ വേറിട്ട ഭാവാത്മകത സമ്മാനിച്ച ആധുനികനായ കവിയാണ് അയ്യപ്പപണിക്കര്‍. അദ്ദേഹം യാത്രയായിട്ട് ആഗസ്റ്റ് 23ന് 15 വര്‍ഷം പൂര്‍ത്തിയാകുന്നു. കവിതയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ പണിക്കരുടെ ‘പകലുകള്‍രാത്രികള്‍’ എന്ന കവിതയ്ക്ക് ഒരിക്കലും മരണമില്ല.

‘‘നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ മരണവും സന്ധ്യേ’’

‘‘നീ തന്ന ജീവിതം നീ തന്ന മരണവും

നീ കൊണ്ടുപോകുന്നു സന്ധ്യേ.’’

എണ്‍പതുകളുടെ തുടക്കത്തില്‍കേരളത്തിലെ കോളജ് ക്യാമ്പസുകളിലെല്ലാം ഈ വരികളാണ് അലയടിച്ചിരുന്നത്. ഭാവസാന്ദ്രവും പ്രണയാര്‍ദ്രവുമായ അനുഭൂതിമണ്ഡലമാണ് ‘പകലുകള്‍രാത്രികള്‍’   സൃഷ്ടിച്ചത്. 

 

‘‘പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും

പതിവായി നീവന്ന നാളില്‍

പിരിയാതെ ശുഭരാത്രി പറയാതെ

കുന്നിന്‍റെ ചെരിവില്‍ കിടന്നുവോ നമ്മള്‍?’’

 

‘‘ഒരുവാതില്‍മെല്ലെ– തുറന്നിറങ്ങുന്നപോല്‍

കരിയില കൊഴിയുന്നപോലെ

ഒരു മഞ്ഞുകട്ടയലിയുന്ന പോലെത്ര

ayyappa-paniker-1
അയ്യപ്പപണിക്കർ

ലഘുവായ് ലളിതമായ്

നീ മറഞ്ഞു?’’

 

ഘടികാര സൂചിയില്‍ പിടിച്ചുനില്‍ക്കാത്ത കാലത്തെ മറികടക്കാനുള്ള പ്രണയതീക്ഷ്ണത ഓരോ വരിയിലുമുണ്ട്. കമിതാക്കളെ മാത്രമല്ല ഈ കവിത ആകര്‍ഷിച്ചത്. പ്രണയിക്കാത്തവരുടെ ഹൃദയത്തെപ്പോലും അത് ആര്‍ദ്രമാക്കി. ആസ്വാദകരെ ആകര്‍ഷിക്കുന്ന ആധുനികഭാവുകത്വം  അത്രമേല്‍പ്രതിഫലിക്കുന്ന കവിതയാണിത്. പിന്നീട് എഴുതപ്പെട്ട,  “അറിയുന്നു ഗോപികേ നിന്നെ ഞാനെന്‍റെയീ വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍..” എന്നുതുടങ്ങുന്ന  ‘ഗോപികാദണ്ഡക’ത്തിലും ഇതേ ഭാവുകത്വം നിറഞ്ഞുനില്‍ക്കുന്നു.

 

കാല്‍പ്പനികതയിലും വൃത്തനിബദ്ധമായ പദസൗന്ദര്യത്തിലും അതുവരെ അഭിരമിച്ചിരുന്ന മലയാള കാവ്യപാരമ്പര്യത്തെ ധീരമായി ഉടച്ചുവാര്‍ത്ത കവിയാണ് അയ്യപ്പപണിക്കര്‍. വ്യവസ്ഥാപിതമായ കാവ്യ പാരമ്പര്യത്തെ അപനിര്‍മ്മിച്ച് പുതിയ യുവനിരയെ സൃഷ്ടിക്കാനും പണിക്കര്‍ക്ക് സാധിച്ചു. പാശ്ചാത്യസാഹിത്യത്തെകുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന പണിക്കര്‍ പക്ഷേ കവിതയില്‍തദ്ദേശീയമായ പ്രമേയസാധ്യതകളെ പ്രയോജനപ്പെടുത്തുകയാണുണ്ടായത്. അതുവഴി നവീനമായ ആഖ്യാനശൈലി അവതരിപ്പിക്കുകയും ചെയ്തു. നിലവിലുള്ള വ്യവസ്ഥിതിയോട് സന്ധിചെയ്യാതെ അധികാരം, കക്ഷിരാഷ്ട്രീയം, മതം എന്നിവയില്‍ അന്തര്‍ലീനമായ നെറികേടുകളെ തുറന്നുകാട്ടി. സമൂഹധര്‍മ്മസങ്കടങ്ങളെ രോഷമായും ആക്ഷേപഹാസ്യമായും സമർഥമായി കവിതയില്‍ അവതരിപ്പിച്ചു. 

 

ആധുനികതയുടെ പ്രചാരണകാലത്ത് വിദേശകൃതികള്‍ മലയാളത്തിലേക്ക് ധാരാളമായി വിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രവണതയുണ്ടായി. ടി.എസ്. എലിയറ്റിന്‍റെ വേസ്റ്റ്ലാന്‍റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അയ്യപ്പപണിക്കരുടെ സേവനം എടുത്തുപറയേണ്ടതുണ്ട്. കഥയില്‍ എം.ടിയും മാധവിക്കുട്ടിയും ടി. പത്മനാഭനും ഒ.വി. വിജയനുമാണ് ആധുനികതയെ പുഷ്ടിപ്പെടുത്തിയ ഒന്നാം നിരക്കാര്‍. എന്നാല്‍ കവിതയില്‍ ആധുനികതയുടെ പിതൃസ്ഥാനം അയ്യപ്പപ്പണിക്കര്‍ക്ക് അവകാശപ്പെട്ടതാണ്.

നീയറിയുന്നോ വായനക്കാരാ

നീറുമെന്നുള്ളിലെ നക്ഷത്രവീര്യം?

നീമറക്കുന്നോ വായനക്കാരാ

നീറുന്നുനമ്മില്‍നിറയെ വ്യഥകള്‍. 

 

ayyppapaniker
അയ്യപ്പപണിക്കർ

മേല്‍പ്പറഞ്ഞ ആഖ്യാനരീതി അതുവരെ മലയാളകവിതയില്‍ പരിചിതമായിരുന്നില്ല. സമകാലസമൂഹത്തിന്‍റെ നീറുന്ന നേരുകളെ തീക്ഷ്ണത ചോരാതെ വേറിട്ടരീതിയില്‍ അവതരിപ്പിക്കുകയാണ് കവി. ആധുനിക കവിതയുടെ ഈടുവെയ്പ്പായിത്തീര്‍ന്ന അയ്യപ്പപണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയിലെ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. 

“തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും

തങ്ങള്‍തന്നെ വിലപേശിനില്‍ക്കുന്നു”. എന്നിങ്ങനെയാണ് കമ്പോള സംസ്കാരത്തിന്‍റെയും പരിഷ്കൃതിയുടേയും ജീര്‍ണ്ണതയെ ഇക്കവിതയില്‍വിശേഷിപ്പിക്കുന്നത്. 

നീതിനിരാസങ്ങള്‍ക്കെതിരായ ആധുനിക സമൂഹത്തിന്‍റെ പൊട്ടിത്തെറിയാണ് ‘കുരുക്ഷേത്രം’. 

 “എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍

എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ” എന്നുതുടങ്ങുന്ന കവിത (കണിക്കൊന്ന) കാല്‍പ്പനികതയുടെ ലാഘവത്വത്തെ മറികടക്കുന്ന ആശയഗാംഭീര്യവും സംഗീതമാധുര്യവും ആസ്വാദകര്‍ക്കു സമ്മാനിച്ചു.  

 

പരിസ്ഥിതിബോധത്തെ ഊട്ടിയുറപ്പിക്കുന്ന കവിതയാണ് ‘നാടെവിടെ മക്കളെ?’ “കാര്‍ഷിക ഗവേഷണകശപിശയില്‍വാടാത്ത, കാറ്റുവീഴാ കേരതരുവെവിടെ മക്കളെ” എന്നിങ്ങനെ പരിഹാസവിചാരണയുടെ നിരവധി കാവ്യമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സമ്മാനിക്കുന്നുണ്ട്.

കവിതയില്‍നിരന്തരമായ നവീകരണത്തിന് അയ്യപ്പപണിക്കര്‍ ശ്രമിച്ചു. ആധുനികതയില്‍നിന്ന് ഉത്തരാധുനികതയിലേക്കും മലയാളകവിതയെ കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം ആത്മാർഥമായി ആഗ്രഹിച്ചു. ഉത്തരാധുനിക കവിതയുടെ വിസ്താരദോഷത്തെ മറികടക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ അയ്യപ്പപ്പണിക്കരുടെ പദനിര്‍മ്മിതി ഉപകരിക്കും. വാക്കിലും വാക്യത്തിലും സൂക്ഷ്മാർഥവും ധ്വനിയും സമർഥമായി അദ്ദേഹം സന്നിവേശിപ്പിച്ചു. ഇന്നത്തെ പല യുവകവികളും സ്വായത്തമാക്കാത്ത സാമര്‍ത്ഥ്യമാണത്. കവിത അക്ഷരങ്ങളല്ല മറിച്ച് അക്ഷരങ്ങളെ അപ്രസക്തമാക്കുന്ന ഭാവാത്മകതയാണ്. അയ്യപ്പണിക്കരുടെ കവിത അത് സാക്ഷ്യപ്പെടുത്തുന്നു. 

കേരളകവിത എന്ന സ്വന്തം മാസികയിലൂടെ  നിരവധി യുവകവികളെ പണിക്കര്‍ വളര്‍ത്തിക്കൊണ്ടുവന്നു. കാവ്യ പരീക്ഷണങ്ങളില്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങുന്ന പണിക്കര്‍ ഏതു പരീക്ഷണവും വിജയിച്ച കവിയാണ്. 

 

കാര്‍ട്ടൂണ്‍കവിത, കടങ്കവിത, ആക്ഷേപഹാസ്യം, ഐറണി അഥവാ വിരോധാഭാസം എന്നിങ്ങനെ സാമൂഹ്യവിമര്‍ശനത്തിന് വിവിധ കാവ്യരൂപങ്ങള്‍ അവലംബിച്ച അയ്യപ്പപണിക്കരുടെ ഗൂഢനര്‍മ്മം സവിശേഷമാണ്. ഇണ്ടനമ്മാവന്‍ ഇടംകാലിലെ ചെളി വലം കാലുകൊണ്ടു തുടയ്ക്കുന്നതും പിന്നെ വലം കാലിലെ ചെളി ഇടംകാലുകൊണ്ടു തുടയ്ക്കുന്നതുമായ കാവ്യചിത്രം അവതരിപ്പിച്ച് കരിപുരണ്ട സമൂഹശരീരത്തിന്‍റെ കോമാളിത്തം എത്ര പരിഹാസ്യമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്? ശുദ്ധ ഹാസ്യത്തിനപ്പുറം സാമൂഹ്യവിമര്‍ശനവും രാഷ്ട്രീയവിമര്‍ശനവുമായി പണിക്കരുടെ കവിതകള്‍വികസിക്കുന്നു. 1930 സെപ്തംബര്‍ 12ന്  ആലപ്പുഴയിലെ കാവാലത്ത് ജനിച്ച അയ്യപ്പണിക്കര്‍ മികച്ച അധ്യാപകനുമായിരുന്നു. 2006 ആഗസ്റ്റ് 23നാണ് അന്തരിച്ചത്.

 

Content Summary: Remembering writer Ayyappa Paniker on his death anniversary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com