അതുകൊണ്ട് വായനക്കാരേ, ഞാൻ ആ കവിത പിൻവലിക്കുന്നു...
Mail This Article
ബോധ്യമില്ലാതെ ഉപയോഗിച്ച രണ്ടു വാക്കുകളുടെ അരം കൊണ്ടു നീറി 21 വർഷങ്ങൾക്കു ശേഷം ഒരു കവി തന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കവിത പിൻവലിച്ചു. ഒരു വാരികയിൽ ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന സമാഹാരത്തിൽ പിന്നീട് ഉൾപ്പെടുത്തുകയും ചെയ്ത കവിതയാണു പിൻവലിച്ചത്. മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എം.എസ്. ബനേഷാണു കവി. പതിവു പരിപാടിയായി മാറിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ നൊന്തെഴുതിയ കവിതയായിരുന്നു ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’. ഉള്ളടരുകളിൽ തീക്ഷ്ണമായ രാഷ്ട്രീയ മാനങ്ങളും ധ്വനിയും നിറഞ്ഞ കവിത കേരളത്തിലെ വായനാസമൂഹം ഏറ്റെടുത്തിരുന്നു. നാം നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചാണ് ആ കവിത അവസാനിപ്പിക്കുന്നത്.
‘‘രണ്ടു പതിറ്റാണ്ടുകള്‍ക്കു മുൻപ് ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങള്‍, പരിഹാസത്തിന്‍റെ സംസ്കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടു പദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചുനോക്കി.
ഇപ്പോള്‍ മനസ്സിലാവുന്നു, ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിന്‍വലിക്കുക തന്നെയാണ്...’’ കവിത പിൻവലിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിൽ കവി പറയുന്നു.
‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന തന്റെ ആദ്യ കാവ്യപുസ്തകം ഭാവിയിൽ പുനഃപ്രസിദ്ധീകരിക്കുമ്പോഴോ സമ്പൂർണ സമാഹാരം പുറത്തിറക്കുമ്പോഴോ ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന കവിത ഉൾപ്പെടുത്തില്ല എന്നുകൂടി പറഞ്ഞുകൊണ്ടാണു കവി പോസ്റ്റ് അവസാനിപ്പിക്കുന്നത്. കവിത പിൻവലിച്ചതോടെ കവിയെ അഭിനന്ദിച്ച് ഒട്ടേറെ എഴുത്തുകാരും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളും രംഗത്തുവന്നു.
Content Summary: Poet M.S. Banesh withdraws his poem published in 2000