പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തുകളിൽ ഒന്നെങ്കിലും സുധീർ കുമാർ മിശ്രയുടേതായിരുന്നെങ്കിൽ...
Mail This Article
സ്നേഹം ഭൂതകാലത്തിന്റെ കുടുസ്സുതുറുങ്കിൽ കുടുങ്ങിപ്പോയവരെ തേടിവരുന്നുണ്ട്.
വൈകാതെ അത് വാതിലിൽ മുട്ടും
പുറത്ത് വരൂ... വെയിലിലേക്ക്, മഴയിലേക്ക്,
അങ്ങനെ ഋതുക്കളാൽ വീണ്ടെടുക്കപ്പെട്ടവനാവുക.
(ചില്ല്- ബോബി ജോസ് കട്ടിക്കാട്)
വരൂ... മഞ്ഞിലേക്ക്... മാറി വരുന്ന ഋതുക്കളിലേക്ക്... മാറാതെ നിൽക്കുന്ന പ്രതീക്ഷകളിലേക്ക്...
മധുരമാണ് കൗമാരമെന്നത് കവി മാത്രമല്ല കാലവും പലവുരു പറഞ്ഞതാണ്... മഞ്ഞിന് കാത്തിരിപ്പ് എന്ന പര്യായം കൊടുത്തവരെ... 31 വയസ്സുകാരൻ 31 വയസ്സുകാരിയുടെ കഥയെഴുതിയത് മുപ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും വായിക്കുന്നത് പഴയ കൗമാരക്കാരിയുടെ അതേ തീക്ഷ്ണതയിൽ ആവുമോ? അനുഭവങ്ങളുടെ അളവു തൂക്കങ്ങളിൽ പതം വന്ന മനസ്സ് വിമലയുടെ കാത്തിരിപ്പിനെ, മൂടൽ മഞ്ഞിനെ, ഒരു നനുത്ത കാറ്റിൽ എന്നപോൽ പറത്തിക്കളയുമോ? ഇളം വെയിലിൽ എന്ന പോൽ ഉരുക്കുമോ?
ചില വായനകൾ മനസ്സുകൊണ്ട് നടത്തിക്കുന്ന യാത്രകളുണ്ട്. ഒരിക്കലും പോവാതെയും കാണാതെയും വായനക്കാരുടെ ഉള്ളിൽ വരഞ്ഞുവെച്ച നൈനിറ്റാൾ.മഞ്ഞടരുകളിൽ മഞ്ഞ വെയിൽ പരക്കുന്നിടം. കൗമാരത്തിന്റെ കൗതുകങ്ങളിൽ മഞ്ഞ് പൊഴിഞ്ഞപ്പോൾ, പ്രണയത്തിന്റെ ചുട്ട പൊള്ളൽ ആയിരുന്നു. ഇങ്ങനെയും കാത്തിരിക്കാൻ കഴിയുമോ എന്നൊരു ചോദ്യം. വീണ്ടുമൊരു വായനയ്ക്ക് കൂട്ടിരുന്ന കൗമാരക്കാരിക്ക് വീണ്ടും സംശയം: ഇതൊക്കെ വെറും കഥയല്ലെ?
തല പിറകോട്ട് ചെരിച്ചു പാറിപ്പറക്കുന്ന മുടി തട്ടി ചിരിച്ചുലയുമ്പോൾ അതിൽ ഇന്നത്തെ രശ്മി വാജ്പേയിയെ കണ്ടെത്താൽ അറിയാതെ മനസ്സ് ശ്രമിക്കുന്നു. നഷ്ടങ്ങൾ ഒരിക്കലും ലോകത്തോടുള്ള വെറുപ്പോ പ്രതികാരമോ ആവാതെ പോകുന്നതുകൊണ്ടുതന്നെയാണ് വിമലയുടെ ഒറ്റപ്പെടലിനും ജീവിതത്തിനും നനുത്ത മഞ്ഞിന്റെ കുളിർ തരാൻ ആവുന്നത്. മരണം എന്ന കൂട്ടുകാരനെയും കൂട്ടിയെത്തുന്ന സർദാർജി മാത്രമാണ് അറിഞ്ഞു കൊണ്ട് തന്നെമൂടൽമഞ്ഞിനെ വകഞ്ഞുമാറ്റാൻ ശ്രമിക്കുന്നത്.
ആരും വന്നില്ല എന്നറിഞ്ഞിട്ടും, ബോട്ട് നീങ്ങിയപ്പോൾ ജലപ്പരപ്പിലേക്ക് നോക്കിനിന്ന് വിമല നിശ്ശബ്ദമായ് പറയുന്നത് നമുക്ക് കേൾക്കാം .... "വരാതിരിക്കില്ല". ഈ ഒരു വാക്കില്ലാതെ ഇന്നുവരെ ഒരാളും മഞ്ഞിനെക്കുറിച്ച് പറഞ്ഞിട്ടൊ എഴുതിയിട്ടോ ഉണ്ടാവില്ല. എന്നാൽ വിമല പോലും ആ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ? പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തുകളിൽ ഒന്നെങ്കിലും സുധീർ കുമാർ മിശ്രയുടേതായിരുന്നെങ്കിൽ, സീസണിലോ അല്ലാതെയോ സിഗരറ്റ് മണവുമായി പൂച്ചക്കണ്ണിലൊളിപ്പിച്ച ചിരിയുമായി അയാൾ കാപ്പിറ്റോളിന്റെ ചുവരും ചാരി നിൽക്കുന്നത് കണ്ടാൽ "അവർ അങ്ങനെ കാലങ്ങളോളം സുഖമായി ജീവിച്ചു" എന്നൊരു മുത്തശ്ശിക്കഥ പോലെ വിരസമാവുമായിരുന്നു. ബുദ്ദുവിന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന ഗോരാസാബിന്റെ നിറം മങ്ങിയ ചിത്രത്തിന് സൂര്യന്റെ തെളിമയാണ്. അയാൾ വന്നാൽ അവനെ തിരിച്ചറിയാതെ കടന്നു പോവുമ്പോൾ കെട്ടുപോവുന്ന ആ തിളക്കത്തേക്കാൾ നല്ലതല്ലേ അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കുന്നത്. സുഹൃത്ത് എന്ന് പറയാൻ ആരുമില്ലാത്ത വിമലയ്ക്കും ബുദ്ദുവിനും ഇടയിലെ കൂട്ട് സീസൺ കാത്തിരിക്കുന്നവരുടെ സൗഹൃദമാവുന്നു. മഞ്ഞ പല്ലുകളും മുഖത്ത് പുള്ളിക്കുത്തുകളുമുള്ള ബുദ്ദുവിന്റെ കഥ കേട്ടവരെല്ലാം കളിയാക്കുകയാണ്. അവന്റെ പ്രതീക്ഷകൾക്ക് സ്നേഹത്തോടെ തിളക്കമേറ്റുമ്പോൾ വിമല സ്വന്തം പ്രതീക്ഷകളെ കൂടി കൂട്ടിയുറപ്പിക്കുകയാണ്.
മുറിച്ചു മാറ്റപ്പെട്ട കാൽവിരൽ അവിടെ തന്നെ ഉണ്ടെന്ന തോന്നലിൽ ഇടയ്ക്കൊക്കെ തൊടാൻ വെമ്പുന്നതു പോലെയാണ്, പെട്ടിക്കടിയിൽ സൂക്ഷിക്കുന്ന സംഗീതചിഹ്നങ്ങൾ തുന്നിയ സ്വെറ്ററിലേക്ക് കൈകൾ എത്തുന്നത്. ഒരൊറ്റ സ്പർശത്തിൽ വർഷങ്ങൾ പിറകിലേക്ക് എത്തിക്കുന്ന മാന്ത്രികതയാണത്. ഇല്ല എന്ന് വിശ്വസിക്കാൻ കഴിയാത്തത്ര യാഥാർഥ്യമാവുന്ന സത്യം. ഇതിന്റെ മറുപാതിയിൽ ആണ്, എന്നും ഓർമിക്കാനുള്ള ഒരു രാത്രി സ്വന്തമാക്കിയ രശ്മി വാജ്പേയിയോട് "നിനക്ക് മാപ്പു തന്നിരിക്കുന്നു" എന്ന് ഒരു സംശയവുമില്ലാതെ പറയാനാവുന്നതും.
കാത്തിരിപ്പ് എന്ന് കേൾക്കുമ്പോൾ അതിൽ സങ്കടത്തിന്റെ. നഷ്ടത്തിന്റെ നിറം കലരുന്നു. പക്ഷേ പ്രതീക്ഷ എന്നത് നല്ലൊരു നാളെയിലേക്ക് നയിക്കുന്ന ശക്തിയാവുന്നു. 9 വർഷമായുള്ള തന്റെ ഒറ്റപ്പെടലിനെ ഒരു വാക്കുകൊണ്ടാണ് വിമല മറികടന്നു പ്രതീക്ഷയിൽ എത്തിക്കുന്നത്: വരാതിരിക്കില്ല. അതേ വരും, വരാതിരിക്കില്ല... മഞ്ഞ് കാത്തിരിപ്പ് മാത്രമല്ല, സുഖമുള്ള നോവാർന്ന പ്രതീക്ഷയും കൂടിയാണ്.
Content Summary: Article about 'Manju' Novel