ADVERTISEMENT

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് കിട്ടിയത് അർഹതപ്പെട്ട വിജയമെന്ന് നടൻ അശോകൻ.  ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഏറെ പ്രധാനപ്പെട്ട വേഷമാണ് അശോകൻ കൈകാര്യം ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്ന സംവിധായകനാണ് അശോകൻ പറയുന്നു. മമ്മൂട്ടിയുടെ റേഞ്ച് വീണ്ടും വെളിപ്പെടുത്തുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കമെന്നും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അശോകൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.     

 

അർഹതപ്പെട്ട വിജയം 

 

അമരത്തിനു ശേഷം ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള ഗംഭീര പെർഫോമൻസ് എന്നാണ് നൻപകലിനെക്കുറിച്ച് അഭിപ്രായം പറയാൻ വിളിച്ചവരൊക്കെ പറഞ്ഞത്. അമരത്തിനു ശേഷം പിഷാരടിയുടെ ഗാനഗന്ധർവനിൽ ഞങ്ങൾ രണ്ടുപേരും അഭിനയിച്ചിരുന്നു. പക്ഷേ മമ്മൂക്കയോടൊപ്പം കോംബിനേഷൻ ഇല്ലായിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തുടങ്ങുന്നത് തന്നെ എന്നെ വച്ചാണ്. തുടക്കം മുതൽ ഒടുക്കം വരെ മമ്മൂക്കയോടൊപ്പം നിൽക്കുന്ന കഥാപാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രം വളരെ നന്നായി ചെയ്തു. വളരെ നല്ല എക്സ്പീരിയൻസ് ആണ് ഈ സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയത്. ഈ പടം ഹിറ്റ് ആയെങ്കിൽ അത് നൂറു ശതമാനം അർഹതപ്പെട്ടത് തന്നെയാണ്.  

nanpakal

 

വ്യത്യസ്തമായി ചിന്തിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി 

mammotty-ashokan-3

 

കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിട്ട് പരിചയമുള്ള സംവിധായകനാണ് ലിജോ. ലിജോയുടെ അച്ഛൻ ജോസ് പെല്ലിശ്ശേരി ചേട്ടനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. എന്നെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ കോവിഡിനു മുൻപ് ലിജോ പ്ലാൻ ചെയ്തിരുന്നു. ലിജോയുടെ ഫ്ലാറ്റിലിരുന്നു ഞങ്ങൾ തിരക്കഥയൊക്കെ ചർച്ച ചെയ്തിരുന്നു. പക്ഷേ പല കാരണങ്ങളാൽ ഇതുവരെ ആ സിനിമ ഇതുവരെ നടന്നില്ല. നൻപകലിലെ ഈ കഥാപാത്രത്തിലേക്ക് ലിജോ തന്നെയാണ് എന്നെ സജ്സ്റ്റ് ചെയ്തത്. സാധാരണ സിനിമകളുടെ ഫോർമുലയിൽനിന്നൊക്കെ മാറി സിനിമ ചെയ്യാൻ ധൈര്യം കാണിക്കുന്ന സംവിധായകനാണ് ലിജോ. അങ്ങനെ ധൈര്യം കാണിച്ച പദ്മരാജൻ, ഭരതൻ, കെ.ജി. ജോർജ്, മോഹൻ തുടങ്ങി ചുരുക്കം ചില സംവിധായകരേ ഉള്ളൂ. അങ്ങനെ ഒരു ചങ്കൂറ്റത്തോടെ എടുത്ത സിനിമയാണ് നൻപകൽ. സിനിമയുടെ സ്ഥിരം ഫോർമുലകളായ പ്രണയം, അടിപിടി, പൊലീസ് കേസ് അങ്ങനെ പലതും ഇതിൽ ഇല്ല. വളരെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണ് ഈ സിനിമയിലേത്.    

 

mammootty-ashokan-32

ധീരമായ തീരുമാനം 

 

ഐഎഫ്എഫ്കെയിൽ ഒരുപാട് ചർച്ച ചെയ്ത സിനിമയാണ് നൻപകൽ നേരത്ത് മയക്കം. റിലീസിന് മുൻപ് ഒരു ഫിലിം ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്കായി സിനിമ കാണിക്കുക എന്നുള്ളത് ധീരമായ ഒരു തീരുമാനമാണ്. അത് ഒരു റിസ്ക് തന്നെയാണ്. ടെക്നോളജി ഇത്രയും വളർന്ന സമയത്ത് ഒരാൾ ഒരു മോശം റിവ്യൂ ഇട്ടാൽ അത് സിനിമയുടെ റിലീസിനെ തന്നെ ബാധിക്കും.  ഈ സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണങ്ങൾ ആണ് കിട്ടിയത്. പ്രൊഡ്യൂസറും ഡയറക്ടറും മമ്മൂക്കയുമൊക്കെ ധീരമായ നിലപാടാണ് അന്ന് എടുത്തത്.  ലോകത്തുള്ള എല്ലാ ഭാഷയിലുമുള്ള വളരെ വ്യത്യസ്തമായ പ്രമേയങ്ങളും സിനിമയുമാണ് ഫിലിം ഫെസ്റ്റിവലിന് എത്തുന്നത്. അതിനോട് കിടപിടിക്കുന്ന ഒരു പടമായി നൻപകൽ മാറി എന്നതാണ് ഏറ്റവും വലിയ കാര്യം.

 

മമ്മൂക്കയുടെ റേഞ്ച് തെളിയിക്കുന്ന സിനിമ 

 

യവനിക എന്ന സിനിമയുടെ സെറ്റിലാണ് ആദ്യം മമ്മൂക്കയെ കാണുന്നത്. അദ്ദേഹം പേരെടുത്തു വരുന്ന സമയമായിരുന്നു അത്. ആദ്യം കാണുമ്പോൾ പോലും മുൻ പരിചയം ഉള്ളതുപോലെയാണ് അദ്ദേഹം എന്നോട് പെരുമാറുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു, തുല്യ പ്രാധാന്യമുള്ള ഒരുപാട് സിനിമകൾ ചെയ്തു. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രത്തിൽ ഞാനും മമ്മൂക്കയും നെടുമുടി വേണു ചേട്ടനും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ ആയിരുന്നു. അതൊരു അസാമാന്യ പടമായിരുന്നു. അമരം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം ഒരു അഞ്ഞൂറ് സിനിമയിൽ അഭിനയിച്ച പ്രതീതി ആണ് ഉണ്ടായത്. പാട്ടുകൾ, മധു അമ്പാട്ടിന്റെ ക്യാമറ, അഭിനയേതാക്കൾ, കഥ എല്ലാം വിസ്മയിപ്പിച്ച ഒരു സിനിമയായിരുന്നു അത്. ആ പടം ഇന്നും എല്ലവരുടെയും മനസ്സിൽ നിൽക്കുന്നുണ്ട്. എന്റെ പേര് പറയുമ്പോഴും അതിനോടൊപ്പം ചേർക്കുന്നത് അമരമാണ്. 

 

നൻപകലിൽ മമ്മൂക്ക ചെയ്ത കഥാപാത്രങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. രണ്ടു കഥാപാത്രങ്ങളും തമ്മിൽ ഒരു സാമ്യവുമില്ല. ഒരു പരകായപ്രവേശം എന്നൊക്കെ പറയാം.  ഒരുപാട് റേഞ്ച് ഉള്ള നടനാണ് അദ്ദേഹം എന്നത് ഞാൻ പറഞ്ഞിട്ട് വേണ്ട മലയാളികൾ അറിയാൻ. അടൂർ ഗോപാലകൃഷ്‍ണന്റെ വിധേയൻ ഒക്കെ കണ്ടാൽ അതിൽ മമ്മൂക്കയുടെ അംശം പോലും കാണാനാകില്ല. മമ്മൂക്കയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അതാണ്, പിന്നെ ടി.വി. ചന്ദ്രന്റെ ഡാനി.  ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ കച്ചവട സിനിമ രാജമാണിക്യം ഇതൊക്കെ മമ്മൂക്കയുടെ റേഞ്ച് തെളിയിക്കുന്ന സിനിമകളാണ്. ആ ഒരു റേഞ്ച് നൻപകലിൽ കാണാൻ കഴിയും. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ കംഫോർട്ടബിൾ ആണ്. അത് നമുക്ക് എല്ലാവരിൽ നിന്നും കിട്ടുന്നതല്ല, ചിലരോടൊക്കെ ഒരുമിച്ച്  അഭിനയിക്കുമ്പോൾ ഒന്ന് തീർന്നാൽ മതി എന്ന് തോന്നാറുണ്ട്. പക്ഷേ മമ്മൂക്ക ഉള്ള സെറ്റ് വളരെ നല്ലതാണ്.     

 

പ്രതികരണങ്ങളിൽ സന്തോഷം 

 

വളരെ നല്ല പ്രതികരണങ്ങളാണ് ചിത്രത്തിനെക്കുറിച്ച് കിട്ടുന്നത്. നല്ലൊരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.  ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നല്ല അഭിപ്രായമാണ് കിട്ടുന്നത്. ലിജോയ്ക്ക് അഭിനന്ദനങ്ങൾ. 

 

ഭാവി പ്രോജക്ടുകൾ 

 

'എന്റെ ഇക്കാക്കയ്ക്ക് ഒരു പ്രേമമുണ്ടാർന്നു' എന്നതാണ് അടുത്തതായി വരാനിരിക്കുന്ന സിനിമ. വലിയൊരു ഗ്യാപ്പിന് ശേഷം നടി ഭാവന അഭിനയിക്കുന്ന സിനിമയാണ്. അതിൽ വളരെ വ്യത്യസ്തമായ വേഷമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. പിന്നെ ബാബു തിരുവല്ലയുടെ മനസ്സ് ആണ് മറ്റൊരു സിനിമ. മറ്റൊരു പ്രത്യേകത ഉള്ളത് ആ സിനിമയിൽ സംഗീതം ഞാൻ ആണ് ചെയ്യുന്നത് എന്നതാണ്. കോളജിലൊക്കെ പാടിയിരുന്ന ഞാൻ സിനിമയിലേക്ക് എത്തിയത് തന്നെ ഒരു ഗായകൻ ആകണം എന്ന ആഗ്രഹത്തോടെയാണ്.  ആ ഒരു ആഗ്രഹം ഈ സിനിമയിൽ സംഗീതം ചെയ്തത്തിലൂടെ സാക്ഷാത്കരിക്കുന്നു.  പി. ജയചന്ദ്രൻ ആണ്പാടുന്നത്. ശ്രീകുമാരൻ തമ്പി ആണ് വരികൾ രചിച്ചിരിക്കുന്നത്.  അടുത്തതായി ചെയ്യാൻ പോകുന്ന സിനിമകളുടെ ചർച്ചകൾ നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com