മികച്ച ക്യാമറ, തുടർച്ചയായി സംസ്ഥാന അവാർഡ്: ചന്ദ്രു സെൽവരാജ് അഭിമുഖം
Mail This Article
‘‘ഈ പയ്യനെ നോക്കി വച്ചോളൂ... അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാകും ഈ കക്ഷി,’’- മഹാവീര്യർ എന്ന സിനിമയുടെ ക്യാമറ ചെയ്ത ചന്ദ്രു സെൽവരാജിനെക്കുറിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞ വാക്കുകൾ ആണിത്. ചന്ദ്രുവുമായി ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവർക്കറിയാം ഈ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന്! അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഈ യുവ ഛായാഗ്രാഹകനെ തേടി ആ സന്തോഷവാർത്തയെത്തി! വഴക്ക് എന്ന സിനിമയുടെ ഛായാഗ്രാഹണ മികവിന് ഏറ്റവും മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരം! രണ്ടാം തവണയാണ് കേരളത്തിന്റെ അംഗീകാരം ചന്ദ്രുവിനെ തേടിയെത്തുന്നത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയിലൂടെയായിരുന്നു ചന്ദ്രുവിന്റെ ആദ്യ പുരസ്കാര നേട്ടം. രണ്ടാം വട്ടം പുരസ്കാരം തേടിയെത്തിയതും സനൽകുമാർ ശശിധരന്റെ സിനിമയിലൂടെയെന്നത് യാദൃച്ഛികം മാത്രം! സമാന്തര സിനിമകൾ മാത്രമല്ല മഹാവീര്യർ, മധുര മനോഹര മോഹം എന്നിങ്ങനെ ജനപ്രിയ സിനിമകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള ചന്ദ്രു പുരസ്കാര നേട്ടത്തിനു ശേഷം ഇതാദ്യമായി മനസു തുറക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.
പുരസ്കാരം അപ്രതീക്ഷിതം
എനിക്ക് ആദ്യ പുരസ്കാരം ലഭിക്കുന്നത് സനൽകുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയ്ക്കായിരുന്നു. ആദ്യത്തെ പുരസ്കാരം തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം, അത് ഐഫോണിലായിരുന്നല്ലോ ചിത്രീകരിച്ചത്. അവാർഡ് കിട്ടിയ വിവരം അന്ന് മഞ്ജു മാഡം ആണ് വിളിച്ച് അറിയിച്ചത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ അംഗീകാരം. വലിയ സന്തോഷമായിരുന്നു അന്ന്. അതിനുശേഷം രണ്ടാമതും പുരസ്കാരം ലഭിച്ചെന്ന് ഫോണിലൂടെ അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. കാരണം, വഴക്ക് ശരിക്കും പരീക്ഷണം തന്നെയായിരുന്നു. അതിനു ലഭിക്കുന്ന പുരസ്കാരം ഇതുപോലെ പരീക്ഷണങ്ങൾ നടത്തുന്നവർക്ക് ഏറെ പ്രചോദനം നൽകും. മികച്ച ബാലതാരം, മികച്ച കളറിങ്, മികച്ച വിഷ്വൽ എഫക്ട്സ് എന്നീ കാറ്റഗറികളിലും വഴക്കിന് പുരസ്കാരമുണ്ട്. എല്ലാ പുരസ്കാരജേതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ.
വഴക്കിലെ വെല്ലുവിളികൾ
ഞാൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകനായത് ‘കയറ്റ’ത്തിലാണ്. പക്ഷേ, അതിൽ പ്രഫഷനൽ ക്യാമറ ഉപയോഗിക്കാൻ സാധിച്ചില്ല. കയറ്റം ഷൂട്ട് ചെയ്തത് ഐ ഫോണിലായിരുന്നു എന്നു പറഞ്ഞല്ലോ. ഇപ്പോൾ പുരസ്കാരം ലഭിച്ച ‘വഴക്ക്’ എന്ന സിനിമയിലും പ്രഫഷനൽ ക്യാമറ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. സോണി എ7എസ്3 ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് വഴക്ക് ഷൂട്ട് ചെയ്തത്. ആകാശത്തിൽ തുടങ്ങി ആകാശത്തിൽ അവസാനിക്കുന്നതു പോലെ സിംഗിൾ ഷോട്ട് ആയിട്ടാണ് ആദ്യം ആ സിനിമ പ്ലാൻ ചെയ്തിരുന്നത്. 2020 ഡിസംബറിലായിരുന്നു ഷൂട്ട്. കോവിഡും ബജറ്റിന്റെ പ്രശ്നങ്ങളും കാരണം മുമ്പ് പ്ലാൻ ചെയ്തത് പലതും മാറ്റേണ്ടി വന്നു. പക്ഷേ, സിനിമ കണ്ട എല്ലാവരും പറഞ്ഞത് സിനിമയുടെ വിഷ്വൽ ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തതായി തോന്നിയില്ല എന്നാണ്. ഡ്രോണും സോണി എ7എസ്3യും കൊണ്ടാണ് ‘വഴക്ക്’ പൂർണമായും ചിത്രീകരിച്ചത്.
കയറ്റത്തിലേക്ക് എത്തിയത്
പ്രശസ്ത ഛായാഗ്രാഹകൻ തിരു സാറിന്റെ സഹായിയായി ജോലി ചെയ്യുന്നതിന് ഇടയിലാണ് സനൽകുമാർ ശശിധരനെ പരിചയപ്പെടുന്നത്. കാർത്തിക് സുബ്ബരാജിന്റെ അസോഷ്യേറ്റാണ് എന്നെ അദ്ദേഹവുമായി പരിചയപ്പെടുത്തുന്നത്. ഹിമാലയത്തിൽ ഒരു സിനിമ ചിത്രീകരിക്കുന്നുണ്ട്, മഞ്ജു വാരിയരാണ് നായിക എന്നൊക്കെ അറിഞ്ഞു. ലൊക്കേഷൻ പോയി കണ്ടപ്പോൾ ഫിലിം ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടക്കില്ലെന്നു മനസിലായി. അത്രയും ഉയരത്തിലേക്ക് വലിയ ക്യാമറയോ ലൈറ്റോ മറ്റു സംവിധാനങ്ങളോ കൊണ്ടുപോകാൻ പറ്റില്ലായിരുന്നു. അങ്ങനെയാണ് ഐഫോണിലേക്ക് ഞങ്ങളെത്തുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഷൂട്ട് ആയിരുന്നു അത്. ആ സിനിമയോടെ ഞാനും സനൽ അണ്ണനും നല്ല സൗഹൃദത്തിലായി.
സംവിധായകൻ നൽകുന്ന ടാസ്ക്
സംവിധായകൻ എന്ന നിലയിൽ അദ്ദേഹം നൽകുന്ന വെല്ലുവിളികളാണ് എന്നെ ഓരോ പരീക്ഷണങ്ങൾക്കു പ്രേരിപ്പിക്കുന്നത്. സനൽ അണ്ണൻ പങ്കുവയ്ക്കുന്ന ആശയത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഞാൻ അത് എക്സിക്യൂട്ട് ചെയ്യുന്നു എന്നു മാത്രം. ‘വഴക്ക്’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് തന്നെ ഏറെ വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു. ഈ സിനിമയിലെ ആദ്യ ഷോട്ട് ഒരു ഫോൺ സംഭാഷണമാണ്. കൃത്യമായി എഴുതി തയാറാക്കിയ ഡയലോഗുകൾ അല്ല ആർടിസ്റ്റുകൾ പറയുന്നത്. ആ സീനിൽ എന്തു വേണമെന്ന് സംവിധായകൻ പറയുന്നത് അനുസരിച്ച് ആർടിസ്റ്റ് തന്നെ ഡയലോഗുകൾ കയ്യിൽ നിന്നിട്ടു പറയുകയാണ്. ആ സീനിന്റെ ചർച്ചയുടെ സമയത്ത് ടൊവീനോ പറഞ്ഞത് ആ ഫോൺ സംഭാഷണം ഏകദേശം അഞ്ചു മിനിറ്റ് പോകുമെന്നായിരുന്നു. പക്ഷേ, അത് 13 മിനിറ്റ് വരെ പോയി. ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ ഷോട്ടിന്റെ ദൈർഘ്യം കൂടി വരും. ഷോട്ട് പോകുന്ന സമയത്താകും ആർടിസ്റ്റ് ഇംപ്രൊവൈസേഷൻ ചെയ്യുന്നത്. അതിന്റെ സത്ത ചോരാതെ ആ സാഹചര്യത്തിനൊപ്പം ഛായാഗ്രഹകനും ഉയരണം. അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു.
ചെന്നൈ പയ്യൻ
ചെന്നൈ ആണ് എന്റെ സ്വദേശം. അപ്പ, അമ്മ, സഹോദരി പിന്നെ ഞാൻ... ഇത്രയും പേരാണ് വീട്ടിലുള്ളത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയോടുള്ള ഇഷ്ടം കാര്യമാകുന്നത്. ആ സമയത്ത് ക്യാമറ, സംവിധാനം അങ്ങനെയൊന്നും അറിയില്ല. എന്തായാലും സിനിമ ചെയ്യണം എന്നൊരു ആഗ്രഹം മാത്രം! കോളജിൽ പഠിക്കുന്ന സമയത്ത് ഷോർട്ട്ഫിലിമുകൾ ചെയ്യാൻ തുടങ്ങി. അന്ന് ചെയ്ത ആ ഷോർട്ട്ഫിലിംസുമായി ഞാൻ ഛായാഗ്രാഹകൻ തിരു സാറിനെ കാണാൻ പോയി. അങ്ങനെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആകാൻ അവസരം കിട്ടി. നാലു വർഷം അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചു. ഏഴു പടങ്ങളിൽ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് സ്വതന്ത്രമായി ക്യാമറ ചെയ്യാൻ തുടങ്ങിയത്.
സിനിമ ജനങ്ങൾ കാണണം
രണ്ടു പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും ഈ രണ്ടു ചിത്രങ്ങളും സാധാരണ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ തീർച്ചയായും നിരാശയുണ്ട്. കയറ്റവും വഴക്കും തിയറ്ററിൽ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. ഈ സിനിമകൾ ജനങ്ങൾ കാണുന്നതാണ് ഏറ്റവും വലിയ പുരസ്കാരം. കയറ്റം, വഴക്ക്, മഹാവീര്യർ, മധുര മനോഹര മോഹം, ഹെർ അങ്ങനെ ഞാൻ വർക്ക് ചെയ്തിട്ടുള്ള എല്ലാ സിനിമയും ഓരോ ജോണറിലുള്ള സിനിമയാണ്. ആ കഥ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഓരോ സിനിമയ്ക്കു വേണ്ടിയും ഒരുക്കുന്നത്.
മഹാവീര്യർ എന്ന സിനിമയെടുത്താൽ ആ ചിത്രം ഒരേ സമയം വാണിജ്യ ചിത്രവും കലാമൂല്യമുള്ള സിനിമയുമാണ്. അതിനു വേണ്ടിയും ഒരുപാടു പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ട്. ഗന്ധർവ ജൂനിയർ, ആക്‌ഷൻ ഹീറോ ബിജു രണ്ടാം ഭാഗം എന്നിവയാണ് ഇനി തുടങ്ങാൻ പോകുന്ന പ്രൊജക്ടുകൾ.