രൺവീറിനൊപ്പം സെൽഫി; മലയാളി നടി കാത്തിരുന്നത് മണിക്കൂറുകള്‍

Mail This Article
മണിക്കൂറുകൾ കാത്തു നിന്നെങ്കിലും ഇഷ്ടതാരത്തിനൊപ്പം ഒരു സെൽഫിയെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ശ്വേത വിനോദ്. തന്റെ പ്രിയനടൻ രൺവീര്‍ സിങ്ങിനൊപ്പമുള്ള ചിത്രം ഒരു ചെറു കുറിപ്പിനൊപ്പം ശ്വേത കുറച്ചു ദിവസം മുമ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
മലയാളിനടിയും മോഡലും വ്ലോഗറുമൊക്കെയാണ് ശ്വേത വിനോദ്. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രണ്‍വീര്‍ സിങ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83 യില്‍ ശ്വേതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
83 ന്റെ ചിത്രീകരണത്തിനൊടുവില്‍ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്റെ സന്തോഷം ഫെയ്സ്ബുക്ക് കുറുപ്പിൽ ശ്വേത പങ്കുവയ്ക്കുന്നു: ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്... രണ്‍വീര്‍.. നല്ല മനുഷ്യനാണ് നിങ്ങള്‍...ഇതിന് ഒരുപാട് നന്ദി... ഈ ഫോട്ടോ ഞാനെന്റെ ജീവനെപ്പോലെ സൂക്ഷിക്കും...’.

സെല്‍ഫിക്കായി മണിക്കൂറുകളോളം കാത്തുനിന്നതും ശ്വേത വിവരിക്കുന്നു. പുലര്‍ച്ചെ നാലേമുക്കാലിന് ഷൂട്ട് തീർന്ന് രണ്‍വീര്‍ വസ്ത്രം മാറുവാനായി പോയി. രണ്‍വീര്‍ മേക്കപ്പും കോസ്റ്റ്യൂമും മാറ്റി വരുന്നതുവരെ ശ്വേത കാത്തുനിന്നു. പക്ഷേ, കോസ്റ്റ്യൂം മാറി രണ്‍വീര്‍ പുറത്തെത്തിയ സമയത്ത് സംവിധായകന്‍ ശ്വേതയെ വിളിച്ചു.
രണ്‍വീര്‍ അപ്പോഴേക്കും മുറിയില്‍നിന്നു പുറത്തേക്കും പോയി. ശ്വേത ഹൃദയം തകര്‍ന്നു നിൽക്കുമ്പോൾ, എല്ലാവരും ശ്വേതയെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുകയായിരുന്നു. നോക്കുമ്പോള്‍ രണ്‍വീര്‍ ശ്വേതയെ കാത്തു നില്‍ക്കുന്നു. ഷൂട്ടിനിടയില്‍ പല തവണ കൂടെ നിന്ന് ഒരു സെല്‍ഫിയെടുക്കണമെന്ന ആഗ്രഹം ശ്വേത പ്രകടിപ്പിച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്നു വളരെയധികം ക്ഷീണിതനായിട്ടും തന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്തു നിന്ന രണ്‍വീറിനെ അവിടെ കണ്ടതും താന്‍ ആവേശഭരിതയായെന്നും ശ്വേത പറയുന്നു.
ഇര, മേരേ പ്യാരി ദേശ് വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത വിനോദ്.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ കഥ പറയുന്ന ‘83’ കബീർ ഖാനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോൺ ആണ്. തമിഴ് നടന്‍ ജീവയും പ്രധാന വേഷത്തിലെത്തുന്നു.