ദിവസക്കൂലിക്കാരുടെ കുടുംബം പട്ടിണിയാവില്ലേ?: പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയുമായി ടൊവിനോ

Mail This Article
രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയ യുവാവിന് മറുപടിയുമായി നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ അടച്ചിടലിൽ എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും ഒന്നിച്ച് പോരാടാനും പറഞ്ഞ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. പോസ്റ്റിനു താഴെ നിരവധി ആളുകൾ പിന്തുണയുമായി എത്തി.
അപകടം പറ്റി കയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുന്ന പോലെ കരുതിയാൽ മതിയെന്നും, അതേസമയം തന്നെ ദിവസക്കൂലിക്ക് പോകുന്നവരുടെ കുടുംബം പട്ടിണിയാവും എന്നുമായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ഈ അഭിപ്രായത്തിനാണ് ടൊവിനോ നേരിട്ട് മറുപടി നൽകിയത്.

‘അങ്ങനെയുള്ളവർ പട്ടിണിയാവാതെ നോക്കാൻ ഇവിടെ നമ്മളൊക്കെ ഇല്ലേ? സർക്കാർ ഇല്ലേ? എല്ലാത്തിനും വഴിയുണ്ടാവും. എന്നെക്കൊണ്ട് കഴിയുന്ന പോലൊക്കെ ഞാൻ ചെയ്യും. എല്ലാരും അങ്ങനെ തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ?’.– ടൊവിനോ പറഞ്ഞു.
കോവിഡ് ഭീതിയിൽ സിനിമാ റിലീസ് നിർത്തി വച്ചപ്പോൾ മലയാളത്തിൽ നിന്നും ആദ്യമായി റിലീസ് മാറ്റി എന്ന പ്രഖ്യാപനമുണ്ടായത് ടൊവിനോയുടെ ഭാഗത്തുനിന്നായിരുന്നു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയാണ് റിലീസ് മാറ്റി വച്ചത്