സ്നേഹത്തിൽ പൊതിഞ്ഞ രംഗങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത: വിനോദ് ഇല്ലംപള്ളി അഭിമുഖം
Mail This Article
സ്നേഹത്താൽ വരിഞ്ഞു മുറുക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് പ്രജേഷ് സെൻ എന്ന സംവിധായകന്റെ സിനിമകളുടെ പ്രത്യേകത. സംവിധായകൻ എന്ന നിലയിൽ പ്രജേഷിനെ അടയാളപ്പെടുത്തിയ ക്യാപ്റ്റനും വെള്ളത്തിനും പിന്നാലെ വന്നു തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെക്കൊണ്ട് നിറയ്ക്കുന്ന പുതിയ ചിത്രം മേരി ആവാസ് സുനോയും കനപ്പെട്ട നെഞ്ചോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ജയസൂര്യ പകർന്നാടിയ ആർ ജെ ശങ്കർ എന്ന റേഡിയോ ജോക്കിയുടെ ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ ഒപ്പിയെടുത്തത് വിനോദ് ഇല്ലംപള്ളി എന്ന സിനിമാട്ടോഗ്രാഫർ ആയിരുന്നു.
കനകം കാമിനി കലഹം, തണ്ണീർ മത്തൻ ദിനങ്ങൾ, ഓം ശാന്തി ഓശാന, ജലം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിലെ ക്യാമറ കണ്ണുകൾ വിനോദിൻറേതായിരുന്നു. വീണിടത്തു കിടക്കുന്നതല്ല അവിടെനിന്ന് എഴുന്നേറ്റു മുന്നോട്ടു പോകുന്നതാണ് വിജയം എന്ന സന്ദേശം പ്രേക്ഷകർക്ക് പകരുന്ന നല്ലൊരു ഫീൽ ഗുഡ് സിനിമയാണ് പ്രജീഷിന്റെ മേരി ആവാസ് സുനോ എന്ന് വിനോദ് ഇല്ലംപിള്ളി പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി വിനോദ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു....
‘‘ഏറെ ആരാധകരുള്ള ഒരു റേഡിയോ ജോക്കിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ ആധാരമാക്കിയാണ് മേരി ആവാസ് സുനോ എന്ന പ്രജീഷ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഈ കഥ ശരിക്കും മാഹിർ എന്ന നടന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തം കൂടിയാണ്. ഇത് ഒരു ഇമോഷനൽ സിനിമയാണ്. ഇതിലെ ഫ്രെമുകൾക്ക് സൗന്ദര്യത്തേക്കാൾ കൂടുതൽ കഥയുടെ മൂഡ് പ്രേക്ഷകരിലെത്തിക്കുക എന്ന ദൗത്യം കൂടിയുണ്ട്. ഞാൻ മുൻപ് ചെയ്ത ‘കനകം കാമിനി കലഹം’ വളരെ കളർഫുൾ ആയ സിനിമ ആയിരുന്നു. ഒരു പ്രത്യേക കളർ പാലറ്റ് വച്ചാണ് ആ സിനിമ ചെയ്തത്. മേരി ആവാസ് സുനോ ഡിമാൻഡ് ചെയ്തത് പ്രത്യേക ഒരു കളർ പാലറ്റ് ഒന്നുമല്ല. ആർജെ ശങ്കർ എന്ന മനുഷ്യന്റെയും അയാളെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെയും ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ അതേപടി കാണികളിൽ എത്തിക്കുക എന്നുള്ളതാണ്. സിനിമാറ്റോഗ്രാഫിയുടെ ഗ്ലാമറോ സ്റ്റൈലോ ഒന്നുമല്ല ആവശ്യം.
ലെൻസിങ്ങിന്റെ പ്രത്യേകത ഈ ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. 135 ലെൻസ് ആണ് ഞാൻ ഈ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പ്രജീഷിന്റെ എല്ലാ ചിത്രങ്ങളും വളരെ ഇമോഷനൽ ആയ യഥാർഥ ജീവിതങ്ങളാണ് വരച്ചു വയ്ക്കുന്നത്. സ്നേഹത്തിൽ പൊതിഞ്ഞാണ് പ്രജീഷ് ഓരോ സീനും കോർത്തിണക്കുന്നത്. പ്രജീഷ് മനസ്സിൽ കണ്ട മുഹൂർത്തങ്ങൾ അതേപടി ഒപ്പിയെടുക്കുന്ന തരത്തിൽ യാഥാർഥ്യമായി തോന്നുന്ന രീതിയിൽ ആണ് ഞാൻ ക്യാമറ ചെയ്തത്. എഫ് എം സ്റ്റേഷനും ആശുപത്രിയുമൊക്കെയാണ് സിനിമയിൽ കൂടുതൽ വരുന്നത്. ആദ്യപകുതിയിൽ സിനിമ കൂടുതൽ കളർഫുൾ ആയി കാണിക്കുകയും രണ്ടാം പകുതി ആയപ്പോൾ കഥയോട് നീതി പുലർത്തിക്കൊണ്ടു കഥ ആവശ്യപ്പെടുന്ന രീതിയിലും ആണ് ചെയ്തത്.
മഞ്ജു വാരിയർ വളരെ നന്നായി ചെയ്ത മറ്റൊരു സിനിമയാണിത്. മഞ്ജുവും ജയസൂര്യയും കഴിവു തെളിയിച്ച താരങ്ങളാണ് അവരിൽനിന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള അഭിനയമുഹൂർത്തങ്ങളാണ് നമുക്ക് കിട്ടിയത്. ശിവദയും ജയസൂര്യതയും അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിലെവിടെയോ നമ്മൾ കണ്ടു മറന്ന ഒരു ഭാര്യഭർത്താക്കന്മാരെ ഓർമിപ്പിക്കും. അവർ രണ്ടുപേരും അനായാസം തങ്ങളുടെ ഭാഗം മനോഹരമാക്കി. ജോണി ആന്റണി ചേട്ടൻ വ്യത്യസ്തമായ ഒരു വേഷത്തിലെത്തി ഞെട്ടിച്ചു. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചത്. ജിക്കു എന്ന സൗണ്ട് എൻജിനീയർ ആണ് അത് ചെയ്തത്.
ആശുപത്രി രംഗങ്ങളൊക്കെ കാണിക്കുമ്പോൾ സിങ്ക് സൗണ്ട് വളരെ ഗുണം ചെയ്തു. സൗണ്ട് മിക്സ് ചെയ്തത് വിസ്മയ മാക്സിലെ ഹരി ആയിരുന്നു. പ്രജേഷിനൊപ്പം സിനിമ ചെയ്തത് വളരെ നല്ലൊരു അനുഭവമായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ഒരു സിങ്ക് ഉണ്ടായിരുന്നു. പ്രജേഷിനൊപ്പം ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത്. നിർമാതാവ് ബി. രാഗേഷുമായിട്ടുള്ള മൂന്നാമത്തെ ചിത്രമാണ്. വെള്ളം പോലെ തന്നെ ജയസൂര്യയുടെയും പ്രജീഷ് സെന്നിന്റെയും കരിയറിലെ പുതിയൊരു നാഴികക്കല്ലായിരിക്കും മേരി ആവാസ് സുനോ.’’-വിനോദ് ഇല്ലംപള്ളി പറഞ്ഞു.