‘എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാന്‍..’; പ്രണയവാർത്തയിൽ പ്രതികരിച്ച് കീര്‍ത്തി സുരേഷ്

Mail This Article
കീര്‍ത്തി സുരേഷിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാർത്ത. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വാർത്തകൾ പടർന്നു. ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കീർത്തിയുടെ പ്രതികരണം.
‘‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം.’’–കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു. തന്റെ പേരില്‍ ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീർത്തിയുടെ ട്വീറ്റ്. കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുമ്പും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

നാനി നായകനായ ‘ദസറ’യാണ് കീർത്തിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ് പുതിയ പ്രൊജക്ട്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയപ്പെടുന്ന മാമന്നനിൽ വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ചിരഞ്ജീവിക്കൊപ്പം ‘ഭോല ശങ്കർ’ എന്നൊരു തെലുങ്ക് ചിത്രത്തിലും കീർത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. അജിത് നായകനായ ‘വേതാളം’ സിനിമയുടെ റീമേക്ക് ആണിത്.