സുദേവ് നായർ വിവാഹിതനായി; വധു മോഡൽ അമർദീപ്
Mail This Article
നടൻ സുദേവ് നായർ വിവാഹിതനായി. മോഡൽ രംഗത്തു തിളങ്ങി നിൽക്കുന്ന അമർദീപ് കൗർ ആണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.
‘മൈ ലൈഫ് പാര്‍ട്നർ’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.