ADVERTISEMENT

ഇതിഹാസകാവ്യമായ രാമായണം നിർമിക്കാൻ കന്നഡ സൂപ്പർസ്റ്റാർ യഷ്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദംഗല്‍, ചിച്ചോര്‍ എന്നിവയുടെ സംവിധായകന്‍ നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. 

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി ലോക ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ പങ്കാളിയായി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിക്കഴിഞ്ഞ യഷിനെ തന്നെ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിർമാതാവ് നമിത് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിര്‍മിക്കുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്‌സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി.

രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഏപ്രിൽ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. യഷ് സിനിമയിൽ ഏത് വേഷത്തിലാണെത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.

രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.

മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.

English Summary:

Yash, Prime Focus India team up for Ramayana adaptation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com