വിസിലടിച്ചുകാണാം ‘ബിഗിൽ’; റിവ്യു
Mail This Article
സ്പോർട്സ് മോട്ടിവേഷനൽ സിനിമകൾ പലതും നാം കണ്ടിട്ടുണ്ടാകും. എന്നാൽ സ്പോർട്സും മോട്ടിവേഷനും മാസ്സിനും മസാലയ്ക്കും ഒപ്പം ചേർത്ത് ദീപാവലിക്ക് അറ്റ്ലിയും വിജയ്‌യും ഒരുക്കിയ ഒന്നാംതരം സദ്യയാണ് ബിഗിൽ. ഉടനീളം വിസിലടിച്ചു കാണാവുന്ന ആവേശ രംഗങ്ങൾ നിറഞ്ഞ ചിത്രം. ക്ലീഷേ രക്ഷക വേഷങ്ങളിൽനിന്നു വിജയ് എന്ന താരം പുറത്തെത്തിയത് കൂടുതൽ കരുത്തനായിട്ടെന്നു വെളിവാക്കുന്നു ഈ സിനിമ.
മൈക്കിൾ ഒരു ലോക്കല്‍ റൗഡിയാണ്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി കത്തിയെടുക്കുന്ന അച്ഛന്റെ പാത പിന്തുടരുന്ന മകൻ. എന്നാൽ അപ്രതീക്ഷിതമായി മൈക്കിളിന് ഒരു ജോലി ലഭിക്കുന്നു. തമിഴ്നാട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ച്. ഡൽഹിയിലെത്തി അവരെ പരിശീലിപ്പിച്ച് ദേശീയ ജേതാക്കളാക്കുകയാണ് ദൗത്യം. എന്നാൽ റൗഡിയായ ഒരാൾ ഒരു വനിതാ ടീമിനെ എങ്ങനെ പരിശീലിപ്പിക്കും. അവിടെ നിന്നാണ് ‘ബിഗിലി’ന്റെ തുടക്കം.
തമിഴ്നാട് ഫുട്ബോൾ ടീമിലെ മിന്നുംതാരമായ ബിഗിൽ എങ്ങനെ ഗുണ്ടയായി മാറി. അച്ഛനായ രായപ്പന്റെ സ്വപ്നമായിരുന്നു ബിഗിൽ ദേശീയ ടീമിൽ ഇടംനേടുക എന്നത്. അവസാനനിമിഷം അവർക്കെന്താണു സംഭവിച്ചത്. തണുപ്പൻ തുടക്കത്തിൽനിന്നു ബിഗിൽ ചുവടുമാറുന്നതു രായപ്പന്റെയും ബിഗിലിന്റെയും വരവോടെയാണ്.
വിജയ്‌യുടെ ഇതുവരെ കണ്ടിട്ടില്ലാത്ത അവതാരമാണ് രായപ്പൻ. വേറെ ലെവൽ ഐറ്റം എന്ന് ആ കഥാപാത്രത്തെ വിശേഷിപ്പിക്കാം. കഥാപാത്രത്തിന്റെ ശബ്ദവ്യതിയാനത്തിലും മാനറിസത്തിലും രായപ്പൻ ഒരുപടി മുന്നിൽ തന്നെ. ഫുട്ബോൾ കോച്ച് ആയും വിജയ് തകർത്താടി. പ്രത്യേകിച്ച്, സ്വന്തം ടീമിനെ വെല്ലുവിളിച്ച് ഒറ്റയ്ക്കു കളിക്കുന്ന രംഗത്തിലെ വിജയ്‌യുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഊഹിക്കാവുന്ന കഥാഗതിയാണെങ്കിലും കളർഫുൾ എന്റർടെയ്നർ തന്നെയാണ് ബിഗിൽ. മാസിന് മാസ്, ഇമോഷനൽ രംഗങ്ങൾ, ഹരംപിടിപ്പിക്കുന്ന ഫുട്ബോൾ കാഴ്ചകൾ, പ്രണയം അങ്ങനെ എല്ലാം സമാസമം ചേർന്ന അറ്റ്ലി എന്റർടെയ്നർ. ആദ്യ പകുതിയിലെ ഫുട്ബോൾ രംഗങ്ങളിലെ വിഎഫ്എക്സും വില്ലൻ കഥാപാത്രങ്ങളും കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു.
ചെറിയ സ്ക്രീൻസ്പേസിലും മലയാളിതാരം റെബ മോണിക്ക ജോൺ തന്റെ കഥാപാത്രം ഗംഭീരമാക്കി. വർഷ ബൊല്ലമ്മ, അമൃത, ഇന്ദുജ തുടങ്ങിയവരും റോളുകൾ കൈയടക്കത്തോടെ അവതരിപ്പിച്ചു.
വനിതകളുടെ ഫുട്ബോൾ ഗെയിം സ്ക്രീനിൽ അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. ലൈവ് സ്പോർട്സ് ഗെയിം കാണുന്ന അതേ വികാരത്തോടെതന്നെ കളി ആസ്വദിക്കാൻ പ്രേക്ഷകനുമാകുന്നു. ഫുട്ബോൾ താരങ്ങളായി എത്തിയ പതിമൂന്നു താരങ്ങളും പ്രഫഷനൽ താരങ്ങളെപ്പോലെ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചതും. ഫുട്ബോളിലെ നിയമങ്ങൾ എത്ര കൃത്യമായി ചിത്രത്തിലും ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കണ്ടുതന്നെ അറിയണം. സിനിമയിലും കഥയിലും ചോദ്യങ്ങളില്ലല്ലോ.
വൈകാരിക രംഗങ്ങളിലൂടെ പ്രേക്ഷകനെ കൈയിലെടുക്കുന്ന സംവിധായകനാണ് അറ്റ്ലി. നായികമാരുടെ അകാല മരണങ്ങൾ അറ്റ്ലി ചിത്രങ്ങളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇത്തവണ ആ പതിവു തെറ്റിച്ചു. മരണം കൊണ്ടല്ല, ഉള്ളിൽ തട്ടുന്നതും ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ കഥാസന്ദർഭങ്ങൾ കൊണ്ടാണ് ഇത്തവണ സിനിമ വൈകാരികമാകുന്നത്.
അച്ഛൻ–മകൻ ബന്ധത്തിന്റെ കെട്ടുറപ്പും സ്നേഹവും പരസ്പരമുള്ള ആലിംഗനത്തോടെ പകർന്നു നൽകുന്ന സംവിധായകൻ ഭാര്യാ–ഭർതൃബന്ധത്തിൽ സ്ത്രീയ്ക്കു കൊടുക്കേണ്ട പരിഗണനയും എടുത്തുപറയുന്നു. ആസിഡ് ആക്രമണത്തെത്തുടർന്ന് ജീവിതത്തോടു മുഖംതിരിച്ചിരിക്കുന്ന പെൺകുട്ടിക്ക് ഫുട്ബോൾ ഒരു വെളിച്ചമാകുന്നതും, സ്വപ്നങ്ങളെ പെട്ടിയിലാക്കി ഭർത്താവിന്റെ ഇഷ്ടത്തിനു ജീവിക്കുന്ന വീട്ടമ്മയ്ക്കു അതൊരു ചിറകായി മാറുന്നതും സിനിമയിലെ മനോഹര നിമിഷങ്ങളാണ്.
വിഷ്വൽട്രീറ്റ് ആയി ബിഗിലിനെ ഒരുക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നത് ഛായാഗ്രാഹകൻ ജി.കെ. വിഷ്ണുവാണ്. വിഷ്ണുവിന്റെ ഫ്രെയിമിങ്ങിലും കളർടോണ്‍സിലും ലൈറ്റിങ്ങിലും ബിഗിൽ മികച്ച അനുഭവമാകുന്നു. സിങ്കപ്പെണ്ണേ എന്ന ഗാനത്തിന്റെ കൊറിയോഗ്രഫിയും ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. എ.ആർ. റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വിസിലടിച്ചുപോകാൻ പ്രേക്ഷകനെയും പ്രേരിപ്പിക്കും.
പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ ഫുട്ബോൾ മത്സരങ്ങൾ ആവേശത്തോടെ കാണിക്കാൻ എഡിറ്റർ റൂബനും കഴിഞ്ഞു. ആദ്യ പകുതിയിലെ ചില രംഗങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് തോന്നി.
ഒരു സ്പോർട്സ് സിനിമയ്ക്ക് കാണികളെ മൂന്നു മണിക്കൂർ പിടിച്ചിരുത്തുകയെന്നത് പ്രയാസമാണ്. വിമർശനങ്ങൾ ധാരാളമുണ്ടായേക്കാം. അധികം ജനപ്രിയമല്ലാത്ത വനിതാ ഫുട്ബോൾ പോലൊരു കായിക ഇനത്തിൽ പ്രേക്ഷകർക്കും താൽപര്യം കുറവായിരിക്കും. എന്നിട്ടും അത്തരമൊരു പ്രമേയത്തെ മാസ് സിനിമയുടെ ഫ്രെയിമിനുള്ളിൽ മനോഹരമായി സന്നിവേശിപ്പിച്ച് തിയറ്റിൽ ആരവം സൃഷ്ടിക്കാൻ കഴിഞ്ഞത് അറ്റ്ലി എന്ന സംവിധായകന്റെ മികവാണ്. ഒപ്പം, വിജയ് എന്ന ക്രൗഡ്പുള്ളറിന്റെ സാന്നിധ്യം ചേരുമ്പോൾ ബിഗിൽ പ്രേക്ഷകർക്കു വിരുന്നാകുന്നു.
പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന തരത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഇത്തവണയും അറ്റ്ലി വിജയിച്ചു. പ്രത്യേകിച്ചും ഇടവേളയ്ക്കു ശേഷം വരുന്ന റെബയുടെയും വർഷയുടെയും കഥാപാത്രങ്ങൾ. നയൻതാരയ്ക്കും കതിരിനും എടുത്തുപറയത്തക്ക പ്രകടനത്തിനുള്ള സ്പേസ് സിനിമയിലില്ലെന്നു പറയേണ്ടിവരും. ജാക്കി ഷ്റോഫ്, ഡാനിയൽ ബാലാജി, ഐ.എം.വിജയൻ എന്നിവർ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളും ചിലസമയത്ത് വിജയ് ഇഫക്ടിൽ മങ്ങിപ്പോകുന്നു. യോഗി ബാബു, വിവേക്, ആനന്ദ്‌രാജ് എന്നിവരാണ് മറ്റ് താരങ്ങൾ.
വനിതാ ഫുട്ബേൾ പ്രമേയമാക്കുന്ന സിനിമയ്ക്കു ലഭിച്ചേക്കാവുന്ന സ്വീകാര്യതയുടെ പരിമിതികൾ മനസ്സിലാക്കി, അതിനൊപ്പം വിജയ് എന്ന താരത്തിന്റെ മൂല്യവും കച്ചവട ചേരുവകളും ചേർത്ത് ആരാധകർക്കു വിസിൽ അടിച്ചു കാണാനും അല്ലാത്തവർക്ക് മനം നിറഞ്ഞ് ആസ്വദിക്കാനും സാധിക്കുന്ന രീതിയിൽ അറ്റ്ലീ ഒരുക്കിയ സിനിമ എന്ന് ബിഗിലിനെ വിശേഷിപ്പിക്കാം.