ഇന്ത്യൻ 2, പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി; ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ്
Mail This Article
കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളാണ് ഈ വർഷം റിലീസിനെത്തുന്നത്. ഇന്ത്യൻ 2, പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി, ദേവര, എസ്കെ 21 ഉൾപ്പടെ പന്ത്രണ്ടോളം പ്രധാന സിനിമകളുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഇതിൽ സലാർ, കോൺജറിങ് കണ്ണപ്പൻ എന്നീ സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞു. തിയറ്റർ റിലീസിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്ന മറ്റു സിനിമകൾ ഏതൊക്കെയെന്നു നോക്കാം.
തങ്കലാൻ
കോലാർ സ്വർണ ഖനി പശ്ചാത്തലമായി പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന പീരിയോഡിക്കൽ ആക്‌ഷൻ ചിത്രമാണ് തങ്കലാൻ. വിക്രം നായകനാകുന്ന സിനിമയിൽ പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഏപ്രിലിൽ ചിത്രം റിലീസിനെത്തും.
ഇന്ത്യൻ 2
ഷങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996ൽ പുറത്തുവന്ന 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമൽഹാസൻ വീണ്ടുമെത്തുന്നു. രാകുൽ പ്രീത് സിങ്, പ്രിയാ ഭവാനി ശങ്കർ, കാജൽ അഗർവാൾ, ഗുൽഷൻ ഗ്രോവർ, സിദ്ധാർഥ്, ബോബി സിംഹ, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാന അഭിനേതാക്കൾ. അന്തരിച്ച നടൻ നെടുമുടി വേണുവിനെ എഐ സാങ്കേതിക വിദ്യ വഴി ചിത്രത്തിൽ പുനർസൃഷ്ടിക്കുന്നുണ്ട്.
പുഷ്പ 2
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ ദ് റൂള്‍. 2021ല്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് കലക്‌ഷന്‍ നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍. ഭന്‍വന്‍ സിങ് ശെഖാവത്ത് എന്ന പൊലീസ് വേഷത്തിലാണ് താരം എത്തുക. പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അല്ലു അര്‍ജുന്‍റെ മാര്‍ക്കറ്റ് വാല്യൂ ഇതിന് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്. 2024 ഓഗസ്റ്റ് 15നാണ് റിലീസ്.
േദവര
‘ആര്‍ആർആറി’നു ശേഷം ജൂനിയർ എൻടിആർ പ്രധാന േവഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. സെയ്ഫ് അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിൽ അണിനിരക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5 ന് റിലീസ് ചെയ്യും.
വിടാമുയർച്ചി
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ. തൃഷയാണ് നായിക. അർജുൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് വിടാമുയർച്ചിയുടെയും ഛായാഗ്രഹണം.
എസ്കെ 21
കമൽഹാസൻ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം. ശിവകാർത്തികേയൻ നായകനാകുന്ന സിനിമയിൽ സായി പല്ലവിയാണ് നായിക. ആർമി ഉദ്യോഗസ്ഥന്റെ േവഷത്തിൽ ശിവകാർത്തികേയൻ എത്തുന്നു.
ഈ വലിയ സിനിമകൾ കൂടാതെ കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന കണ്ണിവേഡി, റിവോൾവർ റീത്ത എന്നീ സിനിമകൾ, ആര്‍ജെ ബാലാജിയുടെ സൊർഗ വാസൽ, അനുപമ പരമേശ്വരന്റെ തില്ലു സ്ക്വയർ, വിജയ് സേതുപതിയുടെ മഹാരാജാ, നന്ദമൂരി ബാലകൃഷ്ണയുടെ എൻബികെ109 തുടങ്ങിയ ചിത്രങ്ങളുടെയും ഒടിടി പ്രിമിയര്‍ നെറ്റ്ഫ്ലിക്സിലൂടെയാകും.