'ആ ബക്കറ്റ്... നീല ബക്കറ്റ്'; തിരികെ എത്തിച്ച് റാപ്പർ തിരുമാലി

Mail This Article
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ‘നീലബക്കറ്റ്’ പാട്ടിനു പുതിയ പതിപ്പൊരുക്കി മലയാളി റാപ്പർ തിരുമാലി. 2006–ൽ പുറത്തിറങ്ങിയ നീലബക്കറ്റ് പാട്ടിൽ ഹോസ്റ്റൽ ജീവിതത്തെക്കുറിച്ചായിരുന്നു വിവരിച്ചത്. ഹോസ്റ്റലിലെ ഒരു വിദ്യാർഥിയുടെ നീല നിറമുള്ള ബക്കറ്റ് കാണാതാവുകയും ആ വിഷമത്തിൽ ബക്കറ്റുമായുള്ള ആത്മബന്ധം വിവരിക്കുന്നതുമായിരുന്ന പ്രമേയം.
രണ്ടര മിനിട്ടോളം മാത്രം ദൈർഘ്യമുള്ള പാട്ടിനു മലയാളത്തിലെ ആദ്യ റാപ് സോങ് എന്ന വിശേഷണവും കിട്ടി. സോഷ്യൽ മീഡിയ അത്രയ്ക്ക് സജീവമല്ലാതിരുന്ന കാലമായിട്ടു പോലും നീലബക്കറ്റ് പാട്ട് യുവാക്കൾക്കിടയിൽ പ്രചരിച്ചു. 50 സെന്റ് എന്ന റാപ്പ് ആർട്ടിസ്റ്റിന്റെ കാൻഡി ഷോപ്പ് പാട്ടിന്റെ റീമേക്ക് ആയാണ് നീല ബക്കറ്റ് പാട്ട് ഒരുക്കിയത്.
ബക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് പഴയ പാട്ടിൽ പറയുന്നതെങ്കില്‍ ആ ബക്കറ്റ് തിരികെ കിട്ടിയതാണ് പുതിയ പതിപ്പിന്റെ പ്രമേയം. ‘ബ്ലൂബക്കറ്റ് റീ ബെർത്ത്’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത്. സാധാരണയായി റാപ് ഒരുക്കാനായി കാലിക വിഷയങ്ങളാണ് തിരുമാലി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പൂർണമായും തമാശ രൂപേണയാണ് ഈ പാട്ട് ചെയ്തത്. തഡ്‌വൈസർ റാപ് ആർട്ടിസ്റ്റാണ് പാട്ടിന്റെ മ്യൂസിക് പ്രൊഡക്‌ഷൻ ചെയ്തിരിക്കുന്നത്.
പതിവു രീതിയിൽ നിന്നും മാറിയതിനാൽ വിമർശനങ്ങളെ നേരിടേണ്ടി വരുമെന്ന് കരുതി എന്നും, എന്നാൽ അത്തരം പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും പ്രതീക്ഷിച്ചതിലപ്പുറം സ്വീകാര്യത പാട്ടിനു ലഭിച്ചു എന്നും റാപ്പ് ആർട്ടിസ്റ്റ് തിരുമാലി മനോരമ ഓൺലൈനിനോടു പറഞ്ഞു. പാട്ട് ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മൻപും തിരുമാലി പുറത്തിറക്കിയ റാപ്പുകള്‍ക്കു മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.