ഗ്ലാമറിന്റെ കാര്യത്തിൽ പ്രായം തോൽക്കും; 51-ാം വയസിൽ പൂർണ നഗ്നയായി ക്യാമറയ്ക്കു മുൻപിൽ ജെന്നിഫർ ലോപ്പസ്
Mail This Article
പുതിയ സംഗീത ആൽബത്തിൽ പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ട് അഭിനേത്രിയും ഗായികയുമായ ജെന്നിഫർ ലോപ്പസ്. ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറക്കിയ ‘ഇൻ ദ് മോണിങ്’ എന്ന ഗാനത്തിലാണ് താരം വിവസ്ത്രയായി എത്തിയിരിക്കുന്നത്. ബന്ധങ്ങളും അതിൽ നിന്നുകൊണ്ടുള്ള വളർച്ചയുമാണ് ഗാനത്തിന്റെ ഇതിവൃത്തം. നിങ്ങളെ മാനിക്കാത്തവരിൽ നിന്നും, അംഗീകരിക്കാത്തവരിൽ നിന്നും സ്വയം ചിറകുവിരിച്ച് പറന്നകലൂ എന്ന സന്ദേശമാണ് ജെന്നിഫർ ലോപ്പസ് പാട്ടിലൂടെ പറഞ്ഞു വയ്ക്കുന്നത്.
ഗ്ലാമറിന്റെ അതിർ വരമ്പുകൾ ഭേദിക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന താരമാണ് ജെന്നിഫർ. എന്നാൽ പുതിയ ഗാനത്തിലെ ഈ മാറ്റം ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ ലുക്ക് സമൂഹമാധ്യമലോകത്ത് ചൂടേറിയ ചർച്ചാ വിഷയമായി. അമ്പത്തിയൊന്നാം വയസ്സിലും കൃത്യമായ രീതിയിൽ ആരോഗ്യം പരിപാലിക്കുന്ന ജെന്നിഫറിനെ നിരവധി പേർ പ്രശംസിച്ചു. ജെന്നിഫറിന്റെ കാര്യത്തിൽ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
താരത്തിന്റെ അനായാസമായ മെയ്‌വഴക്കത്തെക്കുറിച്ചാണ് പലരുടെയും ആശ്ചര്യം നിറഞ്ഞ പ്രതികരണങ്ങൾ. അതേസമയം പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ടതിനെതിരെ പരോക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ചുരുങ്ങിയ സമയത്തിനകം വൈറലായ പാട്ട് ഇതിനോടകം പത്ത് ലക്ഷത്തിലധികം ആസ്വാദകരെയും സ്വന്തമാക്കി. മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള പാട്ടിന്റെ വ്യത്യസ്തമായ ആവിഷ്കാര രീതിയും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.