‘പുഷ്പയിലെ പാട്ടിനൊപ്പം ഇനി ചുവടുവയ്ക്കില്ല’; ആരാധകരോട് രശ്മിക മന്ദാന
![Reshmika-sami-dance Reshmika-sami-dance](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2023/3/22/Reshmika-sami-dance.jpg?w=1120&h=583)
Mail This Article
അല്ലു അർജുൻ ചിത്രം പുഷ്പയിലെ ‘സാമി സാമി’ പാട്ടിന് ഇനി ചുവടുവയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. കുറെയേറെ തവണ താൻ ഇതേ പാട്ടിനൊപ്പം നൃത്തം ചെയ്തുവെന്നും ഇനിയും അത് ആവർത്തിച്ചാൽ കുറച്ചു കഴിയുമ്പോൾ ശാരീരിക പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും നടി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു രശ്മിക.
നേരിട്ട് കാണുമ്പോള്‍ ‘സാമി സാമി’ പാട്ടിന് ഒരുമിച്ചു ചുവടുവയ്ക്കാന്‍ പറ്റുമോ എന്ന് ഒരു ആരാധകൻ ചോദിച്ചു. ‘ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമിക്കൊപ്പം നൃത്തം ചെയ്തു. ഇനിയും ആ ചുവടു വച്ചാൽ ഭാവിയിൽ നടുവേദന വരുമെന്നാണു തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം’, രശ്മിക പറഞ്ഞു.
550 മില്യനിലധികം പേരാണ് ഇതിനകം ‘സാമി സാമി’ കണ്ടത്. 2021ല്‍ പുഷ്പയുടെ റിലീസിനു ശേഷം നിരവധി വേദികളില്‍ രശ്മിക മന്ദാന ആ സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിച്ചിട്ടുണ്ട്. പുഷ്പയ്ക്കു വേണ്ടി ദേവി ശ്രീ പ്രസാദ് ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഇപ്പോഴും പാട്ടിന് ആരാധകർ ഏറെ.