ADVERTISEMENT

പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.

വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാർ ഓർമയായിട്ട് ഇന്ന് നാല്‍പ്പത്തിയെട്ട് വർഷം. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകൻ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വയലാർ നൽകിയ സംഭാവനകൾ ചെറുതല്ല. വയലാർ ഓർമയിലൂടെ ഒരു ചെറുസഞ്ചാരം.

ഒരിക്കൽ കേട്ടാൽ മറക്കാത്ത എത്ര പ്രണയഗാനങ്ങളാണ് വയലാർ നമുക്കു സമ്മാനിച്ചതെന്നതിന് ഒരു കണക്കും കാണില്ല. വരികളിൽ എത്ര മനോഹരമായാണ് പ്രണയം വിരിഞ്ഞത്. കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകി, തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയാകുന്ന കാമുകി.. ഇങ്ങനെയെല്ലാം തന്റെ അനുരാഗിണിയെ വർണിക്കാൻ വയലാറിനേ കഴിയൂ. പാരിജാതം തിരുമിഴി തുറന്നു, ജമന്തി പൂക്കൾ പ്രണയത്തെ പൂക്കളുമായും പ്രകൃതിയുമായും ബന്ധിപ്പിച്ചു.

ഒരേസമയം പ്രണയവും കാമവും നിറയുന്ന വരികള്‍. തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ, വെണ്ണ തോൽക്കുമുടലോടെ എന്ന വരികളിലെല്ലാം കാമുകിയുടെ ഉടലഴകിനെ വർണിക്കുന്നു. ഇവിടെ ഓരോ ജീവ തരംഗവും ഇണയെ തേടും രാവിൽ... എന്ന് വയലാർ പാടിയപ്പോൾ അത് മനുഷ്യമനസ്സിന്റെ അഗാധ തൃഷ്ണയായി. ഇങ്ങനെ എഴുത്തിലൂടെ പ്രണയത്തിന്റെ എല്ലാതലങ്ങളെയും സ്പർശിച്ച മറ്റൊരു കവിയുണ്ടാകുമോ? എത്രവരികൾ... എത്രഭാവങ്ങള്‍...

സാധാരണ മനുഷ്യനിൽ നിറയുന്ന വികാരങ്ങളോടെ പാട്ടിലെ ആദ്യവരി എഴുതുന്ന വയലാറിന്റെ അടുത്ത വരിയിൽ കാണുക പകരക്കാരനില്ലാത്ത കവിയെയായിരിക്കും.

വയലാർ എന്ന പച്ച മനുഷ്യനും മഹാകവിയും

കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്തു വയലാർ. ഒരേസമയം പച്ചമനുഷ്യനും പ്രഗത്ഭനായ കവിയും ആയി. ഒരു സാധാരണ മനുഷ്യനിൽ നിറയുന്ന വികാരങ്ങളോടെ പാട്ടിലെ ആദ്യവരി എഴുതുന്ന വയലാറിന്റെ അടുത്ത വരിയിൽ കാണുക പകരക്കാരനില്ലാത്ത കവിയെയായിരിക്കും. സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം എന്ന പാട്ടെഴുതുന്നത് വയലാറിലെ സാധരണക്കാരനെങ്കിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എഴുതിയത് പ്രഗത്ഭനായ കവിഹൃദയമാണ്.

കടലിനക്കരെ പോണോരെ എന്നെഴുതിയപ്പോൾ കണ്ടത് സാധാരണ മനുഷ്യന്റെ ഭാവനകൾ. സ്വർണ ചാമരം വീശി എത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ എന്നു പാടിയപ്പോൾ കണ്ടതു കവിയിലെ സ്വപ്ന സഞ്ചാരിയെ. പ്രവാചകൻമാരെ പറയൂ പാടിയപ്പോൾ തത്വശാസ്ത്രത്തിന്റെ തലങ്ങളിലൂടെ കവി നടന്നു. അങ്ങനെ മനുഷ്യന്റെ സകല ഭാവങ്ങളെയും ഭാവനയിൽ കുറിച്ചിട്ടു ഈ യുഗപുരുഷൻ.

വീര്യം നിറഞ്ഞ വിപ്ലവ സൂര്യന്‍

മനുഷ്യ വികാരങ്ങൾ മാത്രമല്ല, വയലാറിന്റെ തൂലിക തുമ്പിൽ നിന്നും ഉതിർന്നു വീണത്. ചോരതിളയ്ക്കുന്ന വിപ്ലവവരികളും പിറന്നു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മനസ്സിൽ ഓർക്കാത്ത കമ്യൂണിസ്റ്റ് അനുഭാവികൾ കുറവായിരിക്കും. എങ്ങനെയാണു പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ ആ പേനയിൽ നിന്നും വീഴുന്നതിന്റെ രഹസ്യം മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്നതാണു വാസ്തവം.

കഥകളുള്ള വരികൾ

വയലാർ എഴുതിയ ഓരോ വാക്കിനും കഥകൾ പറയാനുണ്ടെന്നാണു ചില ആസ്വാദകരെങ്കിലും പറയുന്നത്. കഥകളിൽ പിറന്ന വരികളെല്ലാം മിഴിവുള്ള ഗാനങ്ങളായി. ഒരു കഥ ഇങ്ങനെ, സമയം പാതിരാത്രി കഴിഞ്ഞിരിക്കണം. കാറിൽ മയക്കത്തിലായിരുന്നു അപ്പോൾ വയലാർ. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. പെട്ടന്നാണ് പിറ്റേന്ന് കമ്പോസ് ചെയ്യേണ്ട ഒരു പാട്ടിനെ കുറിച്ചു സുഹൃത്തിന് ഓർമവന്നത്. അദ്ദേഹം പതുക്കെ വയലാറിനെ തട്ടിയുണർത്തി ചോദിച്ചത്രേ 'കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്, പാട്ടെഴുതിയോ?' ആ നിമിഷം രാത്രിയുടെ എല്ലാം മനോഹരിതയും ആവാഹിച്ചു നിൽക്കുകയായിരുന്നു പ്രകൃതി. നിശബ്ദതയ്ക്കൊരു ചലനമുണ്ടെന്ന് വയലാർ അറിഞ്ഞത് ആ നിമിഷത്തിലായിരിക്കണം. ഒഴിഞ്ഞ സിഗരറ്റ് കവർ കീറിയെടുത്തു അദ്ദേഹം അതിൽ ഇങ്ങനെ കുറിച്ചു. 'ചലനം ചലനം ചലനം'.

ഏത് അക്ഷരം കിട്ടിയാലും അതിൽ ഗാനം എഴുതുന്ന ആളാണല്ലോ. എങ്കിൽ 'മൃ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗാനം എഴുതൂ. മൃഗം, മൃദംഗം എന്നീ വാക്കുകളിൽ തുടങ്ങാന്‍ പാടില്ലെന്ന് നിബന്ധനയും വച്ചു മലയാറ്റൂർ.

മറ്റൊരു കഥ ഇങ്ങനെ. റെക്കോർഡിങ്ങിനു തലേന്നു പോലും പാട്ടുകിട്ടാതെ പരിഭ്രാന്തനായ ഒരു നിർമാതാവ് റെക്കോർഡിങ് ദിവസം അതിരാവിലെ വയലാറിനെ തേടി എത്തി. വയലാറല്ല പാട്ടെഴുതുന്നതെങ്കിൽ സംഗീതം നൽകില്ലെന്ന് സംഗീത സംവിധായകൻ പറഞ്ഞത് ആ നിർമാതാവിനെ കൂടുതൽ ആധിയിലാക്കി. രാത്രി വിളിച്ചപ്പോൾ താൻ പറയുമ്പോൾ വരുന്നതല്ല ഭാവന എന്നു പറഞ്ഞു വയലാ‍ർ ഫോൺ വെക്കുകയും ചെയ്തു. ആ മറുപടിയിൽ നിന്നു തന്നെ പാട്ട് എഴുതിയിട്ടില്ലെന്നതു വ്യക്തം. വയലാറിനെ തിരഞ്ഞ് ഹോട്ടൽ റൂമിലെത്തുമ്പോഴും തന്റെ റെക്കോർഡിങ് മുടങ്ങുമെന്നായിരുന്നു ആ നിർമാതാവ് കരുതിയത്. എന്നാൽ മേശപ്പുറത്ത് അയാളുടെ ചിത്രത്തിനായുള്ള പാട്ട് ഒരു കടലാസ്സിൽ എഴുതി വച്ചിരുന്നു. അടുത്ത് വയലാർ അഗാധ നിദ്രയിലും.

മലയാറ്റൂരിന്റെ വെല്ലുവിളിയിൽ പിറന്നതത്രെ മറ്റൊരു മനോഹരഗാനം. ഒരിക്കൽ മലയാറ്റൂർ രാമകൃഷ്ണൻ സൗഹൃദ സംഭാഷണത്തിനിടെ വയലാറിനോടു പറഞ്ഞത്രേ. ഏത് അക്ഷരം കിട്ടിയാലും അതിൽ ഗാനം എഴുതുന്ന ആളാണല്ലോ. എങ്കിൽ 'മൃ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗാനം എഴുതൂ. മൃഗം, മൃദംഗം എന്നീ വാക്കുകളിൽ തുടങ്ങാന്‍ പാടില്ലെന്ന് ഒരു നിബന്ധനയും വച്ചു മലയാറ്റൂർ. ഏതായാലും സുഹൃത്തിന്റെ വെല്ലുവിളി വയലാർ ഏറ്റെടുത്തു. അങ്ങനെ പിറന്നതത്രേ മൃണാളിനി എന്ന ഗാനം. അത്രയും മനോഹരമായ വരികൾക്കു മലയാളി വയലാറിനോളം തന്നെ കടപ്പെട്ടിരിക്കും മലയാറ്റൂരിനോട്.

ഒടുവിൽ 1975 ഒക്ടോബർ 27ന് അക്ഷരലോകത്തോടു വിടപറയുമ്പോൾ പറയാനുള്ളതു വയലാർ നേരത്തെ കുറിച്ചിട്ടിരുന്നു എന്നു കരുതണം. വയലാറിന്റെ  ഓര്‍മകൾ പോലെ അനശ്വരമായി ആ വരികള്‍,

‘ഈ മനോഹര തീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി 

എനിക്കിനിയൊരു ജൻമം കൂടി....’

English Summary:

Remembering Vayalar Ramavarma on his 48th death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com