ബാങ്കുകൾക്ക് പണമില്ല
Mail This Article
കൊച്ചി ∙ ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത കമ്മിയായി. നടപ്പു സാമ്പത്തിക വർഷം ആദ്യമാണു പണലഭ്യത കമ്മിയാകുന്നത്. ഇതോടെ വായ്‌പകൾക്കുള്ള പണം കണ്ടെത്തുന്നതിനു നിക്ഷേപങ്ങൾക്കു കൂടിയ നിരക്കിൽ പലിശ നൽകാൻ ബാങ്കുകൾ നിർബന്ധിതമാകും. അതാകട്ടെ ബാങ്കുകളുടെ ലാഭക്ഷമതയെയാണു ബാധിക്കുക. കൂടിയ നിരക്കിൽ നിക്ഷേപം സ്വീകരിക്കാൻ നിർബന്ധിതമാകുമ്പോൾ വായ്‌പ നിരക്കുകൾ ഉയരുമെന്ന അുപകടവുമുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കു പ്രകാരം ഇക്കഴിഞ്ഞ 21ന് ബാങ്കിങ് മേഖലയിലെ പണലഭ്യതയിൽ 23,600 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 2.8 ലക്ഷം കോടിയായിരുന്നു പണലഭ്യത. 2022 ജൂണിനു ശേഷം പണലഭ്യത ഏറ്റവും കൂടിയ നിലവാരത്തിലെത്തിയ ദിവസങ്ങളായിരുന്നു അത്. പണലഭ്യതയുടെ പ്രതിദിന ശരാശരി 2.48 ലക്ഷം കോടി രൂപയിലെത്തിയ ദിനങ്ങൾ. പിൻവലിക്കപ്പെട്ട 2000 രൂപ നോട്ടുകൾ ബാങ്കുകളിലേക്കു പ്രവഹിച്ചതാണു ലഭ്യത ഉയരാൻ പ്രധാന കാരണം.
അതിനിടെ, മേയ് 19നും ജൂലൈ 28നും ഇടയിൽ ലഭിച്ച അധിക നിക്ഷേപത്തിന് 10% എന്ന അധികതോതിലുള്ള കരുതൽ ധന അനുപാതമുണ്ടായിരിക്കണമെന്ന ആർബിഐ നിർദേശമാണു പണലഭ്യത ചോർത്തിയിരിക്കുന്നത്. ആർബിഐയിൽ നിന്നു വായ്‌പ നേടേണ്ട അവസ്‌ഥയിലാണ് ഇക്കഴിഞ്ഞ 14നു ശേഷം പല ബാങ്കുകളും. പണലഭ്യത കമ്മിയായ സാഹചര്യത്തിൽ എന്തു നടപടിയാണു സ്വീകരിക്കേണ്ടതെന്ന് ആർബിഐ തീരുമാനിക്കും. കമ്മി താൽക്കാലികമാണെങ്കിൽ ആർബിഐ ഇടപെടലുണ്ടാകില്ല. അധിക കരുതൽ ധന അനുപാത വ്യവസ്‌ഥ തുടരണോ എന്ന് സെപ്‌റ്റംബർ 8ന് ആർബിഐ പരിശോധിക്കുന്നുണ്ട്.
Content Highlight: Banking system liquidity turns deficit