ADVERTISEMENT

ന്യൂഡൽഹി∙ കർണാടകയിൽ നേടിയ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ, അവിടെ സ്വീകരിച്ച പ്രചാരണ തന്ത്രം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പുകളിൽ ‘കർണാടക മോഡൽ’ പ്രചാരണം നടത്തുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ  25, 26 തീയതികളിലൊന്നിൽ ചർച്ച നടത്താനാണ് ആലോചന. 

ബിജെപിയെ കടന്നാക്രമിക്കുന്നതിൽ മാത്രം പ്രചാരണം കേന്ദ്രീകരിക്കാതെ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും അവതരിപ്പിച്ചാണു കർണാടകയിൽ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. പ്രചാരണത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങൾ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണു കർണാടകയിലെ വൻ വിജയത്തിനു വഴിയൊരുക്കിയതെന്നു പാർട്ടി വിലയിരുത്തുന്നു. 

ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ജനപ്രിയ വാഗ്ദാനങ്ങൾ  അവതരിപ്പിക്കും. കർണാടകയിലേതു പോലെ പ്രധാന നേതാക്കൾക്കു മേഖല തിരിച്ച് പ്രചാരണത്തിന്റെ ചുമതല നൽകും. 

കർണാടകയിൽ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിറക്കിയതു വഴി, പറഞ്ഞ വാക്കു പാലിക്കുന്ന പാർട്ടിയാണു കോൺഗ്രസ് എന്ന സന്ദേശം ജനങ്ങൾക്കു നൽകാൻ സഹായിച്ചുവെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. 

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണത്തിലാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഭരണം നിലനിർത്തുക എളുപ്പമല്ലെന്നാണു വിലയിരുത്തൽ. ഛത്തീസ്ഗഡിൽ ആഞ്ഞുപിടിച്ചാൽ ഭരണം നിലനിർത്താമെന്നാണു പ്രതീക്ഷ. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ഭരണവും നേടിയശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിലൂടെ ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശിൽ ബിജെപി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തങ്ങൾക്കു ഗുണം ചെയ്യുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നു വാഗ്ദാനം ചെയ്ത് ഈ 3 സംസ്ഥാനങ്ങളിലും ഒബിസി വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിക്കും. 

മൂന്നിടങ്ങളിലും പോരാട്ടം ബിജെപിയുമായി നേർക്കുനേർ ആണെന്നതിനാൽ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കും നിർണായകമാകും. ത്രികോണ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ സംഘടനാതലത്തിൽ പാർട്ടി ശക്തിയാർജിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ.

English Summary: Congress to follow Karnataka model election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com