ദേശീയ കായികതാരത്തിനെതിരെ ക്രൂര റാഗിങ്, ചെവി തകർത്തു

Mail This Article
മണ്ണാർക്കാട് ∙ എംഇഎസ് കല്ലടി കോളജിൽ സീനിയർ വിദ്യാർഥികളുടെ ക്രൂര റാഗിങ്ങിനെത്തുടർന്നു ദേശീയ കായികതാരത്തിനു ചെവിക്കു ഗുരുതരമായി പരുക്കേറ്റു. 6 സീനിയർ വിദ്യാർഥികൾക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തു.
ദേശീയ വുഷു സ്വർണ മെഡൽ ജേതാവും ഒന്നാം വർഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർഥിയുമായ കൊടക്കാട് ചേരങ്ങൽതൊടി മുഹമ്മദ് ദിൽഷാദിന്റെ (19) കർണപുടം പൊട്ടിയിട്ടുണ്ട്. ശനിയാഴ്ച തുടങ്ങുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാവില്ല.
സീനിയർ വിദ്യാർഥികളായ മുഹമ്മദ് ഷിബിൽ (20), ഷനിൽ (20) എന്നിവർക്കും കണ്ടാലറിയാവുന്ന 4 പേർക്കുമെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണു കേസെടുത്തത്. വിദ്യാർഥിയുടെ പരാതി കോളജ് അധികൃതർ തന്നെയാണു പൊലീസിനു കൈമാറിയത്.
യുജിസിയുടെ ആന്റി റാഗിങ് സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും 2 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നും പ്രിൻസിപ്പൽ ഡോ. ഒ.പി. സലാഹുദ്ദീൻ അറിയിച്ചു. ഇവിടെ, വർഷങ്ങൾക്കു മുൻപു സംഘം തിരിഞ്ഞുള്ള റാഗിങ്ങിനെത്തുടർന്നു വിദ്യാർഥിക്കു കണ്ണു നഷ്ടമായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണു 15 അംഗ സംഘം കോളജിനു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ വച്ചു തന്നെ മർദിച്ചതെന്നു ദിൽഷാദ് പറഞ്ഞു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്നു വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണു ദിൽഷാദിനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. ചെവിക്കു സാരമായ പരുക്കാണെന്നും അദ്ദേഹം പറഞ്ഞു.