ഒന്നരയടി മണ്ണിന് ഒരു ദിവസം!

Mail This Article
ഏറ്റുമാനൂർ ∙ ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിനെ സംസ്കരിക്കുന്നതിനു സ്ഥലം അനുവദിക്കാതെ 22 മണിക്കൂർ നേരം നഗരസഭയുടെ ക്രൂരത. വേദഗിരിയിൽ താമസിക്കുന്ന യുവതി വ്യാഴാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി സ്ഥിതി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ പൊതു ശ്മശാനം ഇല്ല.
ഏറ്റുമാനൂരിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ അനുമതി തേടി പൊലീസ് നഗരസഭയെ സമീപിച്ചു. അതിരമ്പുഴ പഞ്ചായത്തിന്റെ അപേക്ഷ വ്യാഴാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് എത്തിച്ചെങ്കിലും സമയം കഴിഞ്ഞുവെന്നു പറഞ്ഞു മടക്കി. ഇന്നലെ പകലും അനുമതി കൊടുത്തില്ല.
മൃതദേഹവുമായി നഗരസഭ ഓഫിസിൽ കുത്തിയിരിക്കുമെന്ന് ഏറ്റുമാനൂർ എസ്ഐ അനൂപ് സി. നായർ പറഞ്ഞതോടെയാണ് നഗരസഭ ചെയർമാൻ ഇടപെട്ട് അനുമതി നൽകിയത്. അപ്പോഴേക്കും പ്രസവം നടന്നിട്ട് 36 മണിക്കൂർ കഴിഞ്ഞിരുന്നു, അപേക്ഷ നൽകിയിട്ട് 22 മണിക്കൂറും. മൃതദേഹം മറവു ചെയ്യാൻ ശ്മശാനത്തിലെ ജീവനക്കാരെയും നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയും 7 പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു.