യുഎഇയിലേക്ക് എൻഐഎ: ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

Mail This Article
ന്യൂഡൽഹി ∙ സ്വർണക്കടത്തു കേസിൽ അന്വേഷണ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം യുഎഇയിലേക്കു പോകുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
യുഎഇ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയാണ് എൻഐഎ സംഘത്തിന്റെ യാത്രയുടെ പ്രധാന ഉദ്ദേശ്യം. ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു.
സ്വർണക്കടത്തു കേസിൽ ഇതിനകം 12 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തെ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്.
മൊഴികളുടെ വിശദ പരിശോധന തുടങ്ങി
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മുഴുവൻ പ്രതികളുടെയും ചോദ്യംചെയ്യൽ പൂർത്തിയാക്കിയതോടെ എൻഐഎ യും കസ്റ്റംസും മൊഴികളുടെ വിശദമായ പരിശോധന തുടങ്ങി. തെളിവുകളുടെ അടിസ്ഥാനത്തിൽ മൊഴികളുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. മൊഴികളിലെ പൊരുത്തക്കേടിൽ പ്രതികൾ വിശദീകരണം നൽകേണ്ടിവരും.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. പ്രതികൾ ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം കൈപ്പറ്റിയതായി സംശയമുള്ള ചിലരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു.
English summary: Gold smuggling: Faisal Fareed