ADVERTISEMENT

പിറവം ∙ പിറവം സീറ്റ് തനിക്കു ലഭിക്കാത്തതു പണം നൽകാനില്ലാത്തതിനാലാണെന്നു കേരള കോൺഗ്രസ് (എം) സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നു രാജിവച്ച യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭാംഗവുമായ ജിൽസ് പെരിയപ്പുറം. പിറവം നഗരസഭാ കൗൺസിലിൽ സ്വതന്ത്ര നിലപാടെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഡോ. സിന്ധുമോൾ ജേക്കബ് സിപിഎം അംഗമാണെന്ന് അവർക്കെതിരെ സിപിഎം നടപടി വന്നതോടെ തെളിഞ്ഞു. ഇതോടെ കേരള കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടെന്നു വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽനിന്നുള്ള രാജിക്കത്ത് ജിൽസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് അയച്ചുകൊടുത്തു. ഇതിനിടെ, കേരള കോൺഗ്രസ് ലീഡറും പിറവത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ അനൂപ് ജേക്കബ് എംഎൽഎ ഇന്നലെ ജിൽസ് പെരിയപ്പുറവുമായി കൂടിക്കാഴ്ച നടത്തി. കൂറുമാറ്റനിയമം ബാധകമല്ലെങ്കിലും ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ജിൽസ് പറഞ്ഞു. സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനവുമായി ബിജെപി നേതൃത്വവും സമീപിച്ചിരുന്നതായി ജിൽസ് പറഞ്ഞു

ജിൽസ് പെരിയപ്പുറത്തിന്റെ നിലപാട് പിറവം നഗരസഭാ ഭരണത്തിലും നിർണായകമാകും. 27 അംഗ കൗൺസിലിൽ എൽഡിഎഫ്–15 ,യുഡിഎഫ്–12 എന്നിങ്ങനെയാണു കക്ഷിനില. സർക്കാർ ജോലി ലഭിച്ചതിനാൽ എൽഡിഎഫിലെ ഒരു അംഗം രാജി വച്ചതോടെ 14 അംഗങ്ങളാണ് ഇപ്പോൾ എൽഡിഎഫിനൊപ്പമുള്ളത്. ജിൽസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാടെടുത്താൽ ഇരുമുന്നണിക്കും അംഗബലം തുല്യമാകും.

പ്രതികരിക്കാനില്ല: ജോസ്

പാലാ ∙ പിറവം പേയ്മെൻറ് സീറ്റാണെന്ന ജിൽസിന്റെ ആരോപണം മറുപടി അർഹിക്കുന്നില്ലെന്നു ജോസ്. കെ. മാണി. ആരോപണങ്ങൾക്കു മറുപടി പറയാനാണെങ്കിൽ അതിനേ സമയം കാണൂ. പിറവത്ത് രണ്ടില ചിഹ്നത്തിൽ ഡോ. സിന്ധുമോൾ ജേക്കബ് മത്സരിക്കും. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. സ്ഥാനാർഥികളെ തീരുമാനിച്ചത് എല്ലാവരും കൂടിയാലോചിച്ചാണ്. ഇതിനായി ഉപസമിതിയെയും നിയോഗിച്ചിരുന്നു. കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ചർച്ച നടത്തും. പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. അവ പരിഹരിക്കും. കുറ്റ്യാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നതു സിപിഎം പറഞ്ഞിട്ടല്ല .സീറ്റുകൾ വച്ചു മാറുന്ന ചർച്ചകളും നടന്നിട്ടില്ല – ജോസ് കെ. മാണി പറഞ്ഞു.

Sindhu
ചിരി പോരട്ടെ! പിറവത്തെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ഡോ.സിന്ധുമോൾ ജേക്കബിന്റെ ഫോട്ടോഷൂട്ട് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ താൽക്കാലിക സ്റ്റുഡിയോയിൽ നടക്കുന്നു. ആദ്യമായാണു സിന്ധു കേരള കോൺഗ്രസ് ഓഫിസിലെത്തിയത്. ചിത്രം: റിജോ ജോസഫ് ∙ മനോരമ

English Summary: Piravom seat controversy: Jils Periyapuram speaks against Sindhumol Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com