ADVERTISEMENT

തിരുവനന്തപുരം∙ ഒറ്റ ദിവസത്തിൽ കൃഷി വകുപ്പ് പുതുതായി കണ്ടെത്തിയത് 1,02,314 കൃഷിയിടങ്ങൾ. ഒരു സെന്റു മുതൽ ഒരേക്കർ വരെ കൃഷിയിടങ്ങൾ ഇതിലുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി, കർഷകദിനത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങൾ പുതുതായി കണ്ടെത്തി കൃഷിയിറക്കിയ ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണ‍മെന്നായിരുന്നു കൃഷി ഡയറക്ടറുടെ സർക്കുലർ. 1,076 കൃഷി ഭവനുകൾ‍ക്കായിരുന്നു ചുമതല. ‍ലക്ഷ്യമിട്ട‍തിൽ നിന്നും 2,314 കൃഷിയിടങ്ങൾ കൂടി കണ്ടെത്താൻ കഴിഞ്ഞു. അടുക്കളത്തോട്ടം നിർ‍മിച്ചവയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.

ഏറ്റവും കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തിയത് പാലക്കാട്–10,310. തിരുവനന്തപുരം (9,276), കണ്ണൂർ (9,120) ജില്ലകൾ തൊട്ടടുത്ത്. കുറവ് വയനാട്ടിൽ –2,600. മറ്റു ജില്ലകളിൽ കണ്ടെത്തിയ കൃഷിയിടങ്ങൾ: കൊല്ലം (7,380), പത്തനംതിട്ട (7,436), ആലപ്പുഴ (8,316), കോട്ടയം (6,963), ഇടുക്കി (5,008), എറണാകുളം (7,328), തൃശൂർ (3979), മലപ്പുറം (7,876), കോഴിക്കോട് (7,050), കാസർകോട് (4,672). പുതുതായി കണ്ടെത്തിയ കൃഷിയിടങ്ങളിൽ കൃഷി തുടങ്ങി. 

ഒരു വാർഡിൽ പുതുതായി കണ്ടെത്തുന്ന 6 സ്ഥലങ്ങളിൽ കൃഷിയി‍റക്കണമെന്നും തെളിവായി ഫോട്ടോയും വിഡിയോയും തിരുവനന്തപുരത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോക്കു കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. പുതിയ യുട്യൂബ് ചാനൽ ആരംഭിച്ച് ഫോട്ടോയും വിഡിയോയും അപ് ‍ലോഡ് ചെയ്യണം. കൃഷി ഉദ്യോഗസ്ഥർ അയച്ച ഫോട്ടോയും വിഡിയോയും വീണ്ടും പരിശോധിച്ച ശേഷം ഡിജി‍റ്റൈസ് ചെയ്യും. കൃഷിയുടെ പുരോഗതിയും വരും ദിവസങ്ങളിൽ വിലയിരുത്തും. കൃഷി വകുപ്പ് ഇതിനകം രൂപം നൽകിയ 26,400 കൃഷിക്കൂട്ട‍ങ്ങളിലൂടെ പുതിയ കൃഷിയിടങ്ങളിലെ ഉൽപന്നങ്ങൾ വിൽക്കാനും വരുമാനം കൃഷിയി‍റക്കിയവർക്കു കൈമാറാനും ആലോചനയുണ്ട്. ഉൽപാദന–സേവന–വിപണന മേഖലയുടെ വ്യാപനമാണ് കൃഷി വകുപ്പിന്റെ ഉദ്ദേശ്യം. 

കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പരിഹരിക്കുന്നതിന് രൂപം നൽകിയ ‘കൃഷി‍ദർശൻ’ പരിപാടിയുടെ ഭാഗമായി പുതുതായി കണ്ടെത്തിയ കൃഷിയിടങ്ങൾ പരിശോധിച്ചു വിലയിരുത്തും. മന്ത്രി പി.പ്രസാദ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ മേഖലകളിലെ കർഷകരോടു സംവദിക്കുകയും പരാതികൾക്ക് അവിടെ വച്ചു പരിഹാരം കാണുകയുമാണ് കൃഷിദർശന്റെ ലക്ഷ്യം.

Content Highlight: Agriculture land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com