മധു വധക്കേസ്: ജാമ്യവ്യവസ്ഥ ലംഘിച്ചു; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, ഹാജരായ 3 പേർ റിമാൻഡിൽ
Mail This Article
മണ്ണാർക്കാട് (പാലക്കാട്) ∙ അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി–പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്നു കാണിച്ചു പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചാണു വിചാരണക്കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ ജാമ്യം റദ്ദാക്കിയത്. കോടതിയിൽ ഹാജരായ 3 പേരെ റിമാൻഡ് ചെയ്തു. മറ്റു 9 പേർക്കായി വാറന്റ് പുറപ്പെടുവിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരാഴ്ച അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി തള്ളി.
നാലാം പ്രതി കെ.അനീഷ്, ഏഴാം പ്രതി പി.കെ.സിദ്ദീഖ്, പതിനഞ്ചാം പ്രതി സി.ബിജു എന്നിവരെയാണു റിമാൻഡ് ചെയ്തത്. രണ്ടാം പ്രതി കെ.മരയ്ക്കാർ, മൂന്നാം പ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി പി.അബൂബക്കർ, ഒൻപതാം പ്രതി വി.നജീബ്, പത്താം പ്രതി എം.വി.ജൈജുമോൻ, പതിനൊന്നാം പ്രതി സി.അബ്ദുൽ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ്, പതിനാറാം പ്രതി വി.മുനീർ എന്നിവർക്കായാണു വാറന്റ് പുറപ്പെടുവിച്ചത്. ഇന്നലെ ഹാജരാകാൻ കഴിയില്ലെന്നു 9 പേരും കോടതിയെ അറിയിച്ചിരുന്നു. ആകെ 16 പ്രതികളാണു കേസിലുള്ളത്.
പ്രതികൾ സാക്ഷികളുമായി ഫോണിൽ പലതവണ ബന്ധപ്പെട്ടെന്നും കോടതിയിൽ മൊഴി മാറ്റാൻ സ്വാധീനം ചെലുത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
16നു വാദം പൂർത്തിയായ കേസ് വിധി പറയാൻ ഇന്നലത്തേക്കു മാറ്റിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ തന്നെ 12 പേരുടെയും ജാമ്യം റദ്ദാക്കിയതായി ജഡ്ജി കെ.എം.രതീഷ്കുമാർ അറിയിച്ചു. ജാമ്യം റദ്ദാക്കിയതു സാക്ഷികളെ സ്വാധീനിക്കുന്നതു തടയാൻ ഒരു പരിധി വരെ സഹായിക്കുമെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു.
English Summary: Attappadi Madhu Case: Court cancelled 12 accused bail