മനുഷ്യാവകാശ പോരാട്ടങ്ങളുടെ നായകൻ; അയ്യങ്കാളി, ജനാധിപത്യത്തിന്റെ അപ്പോസ്തലൻ

Mail This Article
കേരളസമൂഹത്തെ ഇന്നു കാണുന്ന വിധത്തിൽ ജനാധിപത്യവൽക്കരിച്ചതിൽ അയ്യങ്കാളിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ സാധുജന പരിപാലന സംഘത്തിനും നിർണായക പങ്കാണുള്ളത്. സാമൂഹിക സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സ്വാതന്ത്ര്യപൂർവ കേരളത്തിലെ ദലിതരുടെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ നായകനായി അയ്യങ്കാളി മാറിയതോടെയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹികനീതി, മൗലികാവകാശം തുടങ്ങിയവയെക്കുറിച്ചുള്ള പരമ്പരാഗതവും സവർണവുമായ പ്രബലസങ്കൽപങ്ങൾ തിരുത്തപ്പെട്ടത്.
ഇതൊക്കെയായിട്ടും മരണാനന്തരം നാലു പതിറ്റാണ്ടെങ്കിലും അദ്ദേഹത്തെ കേരളസമൂഹം വേണ്ടവിധം തിരിച്ചറിയുകയോ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകുകയോ ചെയ്തില്ല. പല നിലകളിലും അദ്ദേഹം ഏറക്കുറെ വിസ്മരിക്കപ്പെടുകപോലും ചെയ്തു. വർഗവിശകലനത്തിൽ മാത്രമായി പരിമിതപ്പെട്ട ഇടതുപക്ഷ സാമൂഹികചിന്തയ്ക്കു മേൽക്കയ്യുണ്ടായിരുന്ന കാലത്തെ ഉപരിപ്ലവമായ ‘ജാതിരഹിത പുരോഗമന’ ചിന്തയായിരുന്നു ഇതിനു പ്രധാന കാരണം. ഈ ചിന്ത ‘സവർണ / ലിബറൽ പുരോഗമനവാദി’കളോടൊപ്പം നല്ലൊരു വിഭാഗം ദലിതരിലേക്കും പടർന്നു. അതോടെ അയ്യങ്കാളിയുടെ സാമൂഹികപ്രസക്തി തിരിച്ചറിയാനുള്ള വിശകലനോപാധികളും അതു രേഖപ്പെടുത്താനുള്ള ഭാഷയും ദലിതർക്കു കൈമോശം വരിയും ചെയ്തു.
വലതുപക്ഷ ഭൂപ്രഭുക്കളിൽപോലും അത്യാവശ്യത്തിനു തൊഴിലാളിവർഗബോധം ഇടതുപക്ഷ / പുരോഗമന കേരളത്തിന്റെ ഭാവുകത്വത്തിൽനിന്നു കുതറിമാറി, പ്രച്ഛന്നമായും അല്ലാതെയും നിലനിൽക്കുന്ന ജാതിവഴക്കങ്ങളെ തിരിച്ചറിഞ്ഞ് അയ്യങ്കാളിയുടെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി വേർതിരിച്ചെടുക്കാൻ ദലിതർക്കു പതിറ്റാണ്ടുകൾ വേണ്ടിവന്നു. ടി.എച്ച്.പി.ചെന്താരശ്ശേരി എഴുതിയ അയ്യങ്കാളിയുടെ ജീവചരിത്ര ഗ്രന്ഥമാണ് (1979) അതിനു തുടക്കം കുറിച്ചത്.

ഇതെത്തുടർന്നും മറ്റു സ്വതന്ത്രജ്ഞാനാന്വേഷണങ്ങളുടെ ഫലമായും എൺപതുകളിൽ രൂപംകൊണ്ട് തൊണ്ണൂറുകളോടെ സജീവമായ ദലിത് വ്യവഹാരമാണ് അയ്യങ്കാളിയെ കേരളീയ പൊതുമണ്ഡലത്തിന് അവഗണിക്കാനാകാത്ത സാന്നിധ്യമായി വീണ്ടെടുത്തത്. പ്രധാനമായും ഡോ. ബി.ആർ.അംബേദ്കറുടെ സാമൂഹിക-രാഷ്ട്രീയ ചിന്തയുടെ അടിത്തറയിലാണ് ഈ ദലിത് വ്യവഹാരവും ഇടപെടലുകളും വികാസം പ്രാപിച്ചത്. ഇക്കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്കറുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ സമ്പൂർണകൃതികളും ദലിതരുടെ സ്വതന്ത്ര ചിന്താമണ്ഡലത്തെ ആഴവും പരപ്പുമുള്ളതാക്കി.
സാമൂഹികനീതിക്കും തുല്യതയ്ക്കും വിഭവാധികാരത്തിനും വേണ്ടി ഇപ്രകാരം സമാഹരിക്കപ്പെട്ട ദലിത് വ്യവഹാരങ്ങളും ഇടപെടലുകളും ആത്മാഭിമാനത്തോടെ ഉയർത്തിപ്പിടിച്ച രൂപകമായിരുന്നു അയ്യങ്കാളി. ഒരു പരിധിവരെയെങ്കിലും ഇടതു-വലതു ഭേദമെന്യേ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കും സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും അയ്യങ്കാളിയെ സ്വീകരിക്കേണ്ടിവന്നതിൽ കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകൾക്കിടെ ജാതീയഹിംസകളുടെ ‘നിരന്തര പ്രതിപക്ഷ’മായി തിടംവച്ച ദലിത് വ്യവഹാരങ്ങൾക്കു നിർണായക പങ്കാണുള്ളത്. വിജെടി ഹാളിന്റെ പേര് ഒരു സുപ്രഭാതത്തിൽ മഹാത്മാ അയ്യങ്കാളി ഹാൾ എന്നാക്കി ഭരണകർത്താക്കൾ മാറ്റിയതല്ലല്ലോ. അതിനുപിന്നിൽ മുൻചൊന്ന ദലിത് വ്യവഹാരവും പ്രേരകശക്തിയായിട്ടുണ്ട്. ചരിത്രത്തിന്റെ തെരുവോരങ്ങളിലൂടെ അയ്യങ്കാളിക്കു ജയ് വിളിച്ചു കടന്നുപോയ പതിനായിരക്കണക്കിനു ‘പഞ്ചമി’മാരുടെ ഉശിരും അതിനു പിന്നിലുണ്ട്.

നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അടിമത്തവും ജാതിവ്യവസ്ഥയും ഊഴിയംവേലയും ആശ്രിതതൊഴിൽ സമ്പ്രദായവും മൂലം അടിസ്ഥാന മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട അയിത്ത ജാതിസമൂഹങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി സന്ധിയില്ലാതെ പോരാടിയതുകൊണ്ടാണ് അയ്യങ്കാളിയെ ജനാധിപത്യത്തിന്റെ അപ്പോസ്തലനായി ദലിത് സമൂഹം വാഴ്ത്തുന്നത്. ജാതീയ / വംശീയ / ലിംഗ മേധാവിത്ത ചിന്തകൾ കയ്യൊഴിഞ്ഞ പൊതുസമൂഹത്തിലെ മനുഷ്യരും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പൊതുവഴിയിലൂടെയുള്ള ദലിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വേണ്ടി അയ്യങ്കാളി നടത്തിയ സമരങ്ങൾ ഇന്നു കേരളചരിത്രത്തിന്റെ ഭാഗമാണ്. ആത്മാഭിമാനത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നടത്തിയ ‘അടിലഹള’കൾ ഇന്നു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.
ആയിരക്കണക്കിനു ദലിത് സ്ത്രീകളെ അണിനിരത്തി അയ്യങ്കാളിയും ഗോപാലദാസനും സംഘടിപ്പിച്ച ‘കല്ലുമാലസമരം’ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനപ്പോരാട്ടങ്ങളിലെ ജ്വലിക്കുന്ന അധ്യായമാണ്. ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്ന അയ്യങ്കാളിയുടെ പ്രഖ്യാപനം ഇന്നൊരു ‘സമരകവിത’യാണ്. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന (1912-33) കാലത്ത് ഭൂമിയും തൊഴിലും സംവരണവും ഉൾപ്പെടെയുള്ള വിഭവാധികാരങ്ങൾക്കായി അദ്ദേഹം സമർപ്പിച്ച ഹർജികളും നടത്തിയ പ്രസംഗങ്ങളും അധികാരത്തിലും ദേശീയസ്വത്തിലുമുള്ള ദലിത് അഭാവത്തെ പ്രശ്നവൽക്കരിച്ച ആദ്യകാല ഇടപെടലുകളാണ്. ഇനിയൊരാൾക്കും അയ്യങ്കാളി ഇല്ലാത്ത ‘മലയാളികളുടെ മാതൃഭൂമി’ എഴുതാനാകില്ലെന്നു ചുരുക്കം.
1863 ൽ ജനിച്ച് 1941ൽ അന്തരിച്ച അയ്യങ്കാളിയുടെ ജീവിതവും ഇടപെടലുകളും കേരളീയ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും മിഴിവാർന്നതും ചടുലവുമായ ഏടാണ്. ചില പതിറ്റാണ്ടുകളിൽ വിസ്മരിക്കപ്പെട്ടുപോയെങ്കിലും സമകാലിക കേരളം ഇന്നു ജനാധിപത്യത്തിനും സാമൂഹികനീതിക്കും വേണ്ടി ഹൃദയത്തിലേറ്റുന്ന പേരുകളിൽ മുൻനിരക്കാരനാണ് അയ്യങ്കാളി.
(കവിയും എഴുത്തുകാരനുമാണ് ലേഖകൻ)
English Summary: Ayyankali birth anniversary