എം.വി.ഗോവിന്ദന്റെ ഇടപെടൽ; പാമ്പുപിടിത്തം മതിയാക്കി വിശാലിന് ഇനി ആശുപത്രി തുടങ്ങാം

Mail This Article
കോട്ടയം ∙ ഏണിയും പാമ്പും കളി പോലെ നീണ്ട പോരാട്ടം ജയിച്ചതിന്റെ സന്തോഷത്തിലാണ് തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ ഡോ. വിശാൽ സോണി (31). സ്വന്തം വീട്ടിൽ ഡോക്ടർക്ക് ഇനി ആയുർവേദ ആശുപത്രി തുടങ്ങാം. മന്ത്രി എം.വി.ഗോവിന്ദന്റെ ഇടപെടലാണു ലൈസൻസ് ലഭിക്കാൻ ഇടയാക്കിയത്.
2016ൽ പഠനം പൂർത്തിയാക്കിയെങ്കിലും തൊഴിൽരഹിതനായിരുന്നു വിശാൽ. പാമ്പുപിടിത്തമായിരുന്നു ആശ്രയം. വനം വകുപ്പിന്റെ കോഴ്സും പാസായി. ഇതുവരെ 75 പാമ്പുകളെ പിടിച്ചു.
അമ്മയും മുത്തശ്ശിയുമെല്ലാം താമസിച്ചിരുന്ന വീട്ടിൽ ആയുർവേദ ആശുപത്രി തുടങ്ങാൻ ശ്രമിച്ചെങ്കിലും നിയമം കീറാമുട്ടിയായി. ആധാരവും ഉടമകളുടെ നിരാക്ഷേപപത്രവും വേണമെന്നായിരുന്നു ചട്ടം. ഉടമകളായിരുന്ന മുത്തശ്ശിമാർ മരിച്ചുപോയതും ആധാരം ലഭ്യമല്ലാതായതും വിനയായി. 5 വർഷം വിവിധ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞയാഴ്ച സമൂഹമാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടു. അതു മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. കഴിഞ്ഞ ദിവസം തിരുവാർപ്പ് പഞ്ചായത്തിൽ പോയി അപേക്ഷ നൽകി. ആശുപത്രി തുടങ്ങിയാലും പാമ്പുപിടിത്തം തുടരുമെന്നാണു വിശാൽ പറയുന്നത്.
Content Highlight: Dr. Vishal Sony