ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗം നയിക്കാൻ മലയാളി; കമ്പനിയുടെ തലപ്പത്തെ ഏക ഇന്ത്യക്കാരൻ

Mail This Article
ന്യൂഡൽഹി ∙ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ ടീമിനെ നയിക്കാനായി ഇലോൺ മസ്ക് കൊണ്ടുവന്നത് മലയാളിയായ ടെസ്‍ല എൻജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‍ല കമ്പനിയിൽ പ്രിൻസിപ്പൽ എൻജിനീയറുമായ ഷീൻ ഓസ്റ്റിനാണ് നിലവിൽ ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ തലപ്പത്തുള്ളത്. ട്വിറ്ററിന്റെ തലപ്പത്ത് നിലവിലുള്ള ഏക ഇന്ത്യക്കാരനും ഒരുപക്ഷേ ഷീൻ ആയിരിക്കും. കമ്പനിയുടെ ഡേറ്റ സെന്ററുകൾ അടക്കം എല്ലാത്തരം സുപ്രധാന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളുടെയും ചുമതല ഇൻഫ്രാസ്ട്രക്ചർ ടീമിനാണ്.
2003 ൽ ഐടിസി ഇൻഫോടെക്കിൽ കരിയർ ആരംഭിച്ച ഷീൻ, ആക്സഞ്ചർ അടക്കമുള്ള കമ്പനികളിൽ ജോലി ചെയ്ത ശേഷം 2013 ലാണ് ടെസ്‍ലയിൽ സീനിയർ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എൻജിനീയറായി എത്തുന്നത്.
ടെസ്‍ലയുടെ ഡേറ്റ സെന്റർ ഡിസൈൻ, ഓട്ടോപൈലറ്റ് കംപ്യൂട്ടർ വിഷനു വേണ്ടിയുള്ള മെഷീൻ ലേണിങ് പ്ലാറ്റ്ഫോം അടക്കമുള്ളവയുടെ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. കണക്റ്റഡ് കാർ സർവീസസ് ടീമിന്റെയും ഭാഗമായിരുന്നു. 2018 ൽ ടെസ്‍ല വിട്ട് ബൈറ്റൻ എന്ന സ്റ്റാർട്ടപ്പിലേക്ക് നീങ്ങിയ ഷീൻ പിന്നീട് വിമാനക്കമ്പനിയായ എയർബസിന്റെ ഭാഗമായി.
2019 ൽ വീണ്ടും ടെസ്‍ലയിൽ പ്രിൻസിപ്പൽ എൻജിനീയറായി തിരികെയെത്തി. പ്ലാറ്റ്ഫോം എൻജിനീയറിങ്, സൂപ്പർ കംപ്യൂട്ടിങ്, പ്ലാറ്റ്ഫോം സ്റ്റോറേജ്, ഡേറ്റ സെന്ററുകൾ എന്നിവയാണ് ടെസ്‍ലയിൽ അദ്ദേഹത്തിന്റെ മേഖലകൾ.
കൊല്ലം തങ്കശേരി സ്വദേശികളായ ഓസ്റ്റിൻ സഖറിയയുടെയും അഡലീൻ ഓസ്റ്റിന്റെയും മകനാണ്. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിൽനിന്ന് ബിടെക് നേടി.
English Summary: Malayali Sheen Austin to head twitter infrastructure division