യന്ത്രത്തകരാർ: പറന്നുയരുന്നതിനിടെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ നിലത്ത് ഇടിച്ചിറക്കി

Mail This Article
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിൽനിന്നു പറന്നുയർന്ന കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ യന്ത്രത്തകരാറിനെ തുടർന്നു നിലത്ത് ഇടിച്ചിറക്കി. പൈലറ്റ് ഉൾപ്പെടെ ഉള്ളിലുണ്ടായിരുന്ന 3 സേനാംഗങ്ങളും രക്ഷപ്പെട്ടു. ഇതിൽ ഒരാൾക്കു ചെറിയ പരുക്കുണ്ട്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡന്റും മലയാളിയുമായ വിപിനാണു ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്റ് കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ടോട്‌ല എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ സുനിൽ ടോട്‌ലയ്ക്കാണു ചെറിയ പരുക്കേറ്റത്. പ്രധാന റൺവേക്ക് 5 മീറ്റർ അകലെയായിരുന്നു അപകടം.
ഇടിച്ചിറക്കിയ ഉടൻ ഇടത്തേക്കു ചെരിഞ്ഞു വീണ ഹെലികോപ്റ്ററിന്റെ പ്രധാന പങ്കകൾ (മെയിൻ റോട്ടർ ബ്ലേഡ്) നിലത്തു തട്ടി ഒടിഞ്ഞുതൂങ്ങി. ചട്ടക്കൂടിനും സാരമായ തകരാറുണ്ട്. ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. അപകടത്തെത്തുടർന്നു സുരക്ഷാകാരണങ്ങൾ മുൻനിർത്തി വിമാനത്താവളത്തിന്റെ റൺവേ അടച്ചിട്ടു. വിമാന സർവീസുകൾ 2 മണിക്കൂറോളം നിർത്തി.

കഴിഞ്ഞ വർഷം തീരസംരക്ഷണ സേനയുടെ കൊച്ചി യൂണിറ്റിനു ലഭിച്ച 2 എഎൽഎച്ച് (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ) ധ്രുവ് എംകെ 3 ഹെലികോപ്റ്ററുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡ് എയർ സ്റ്റേഷനോടു ചേർന്ന ഹെലിപ്പാഡിൽനിന്നു പറന്നുയർന്ന് 40 അടി ഉയരത്തിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട ഹെലികോപ്റ്റർ പൈലറ്റുമാർ ഏറെപ്പണിപ്പെട്ടു റൺവേയുടെ ഇടതു വശത്ത് ഇടിച്ചിറക്കുകയായിരു ന്നു.
മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമുള്ള ചലനങ്ങൾ നിയന്ത്രിക്കുന്ന സൈക്ലിക് കൺട്രോൾസിനുണ്ടായ തകരാറാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു കോസ്റ്റ്ഗാർഡ് അധികൃതർ അറിയിച്ചു. കോസ്റ്റ് ഗാർഡ് അന്വേഷണം പ്രഖ്യാപിച്ചു. എഎൽഎച്ച് ധ്രുവ് എംകെ 3 ഹെലികോപ്റ്റർ മാർച്ച് 8നും സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. മുംബൈ തീരത്തുണ്ടായ അപകടത്തിൽ പൈലറ്റ് അറബിക്കടലിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വൈമാനികരെ മറ്റൊരു ഹെലികോപ്റ്റർ എത്തിച്ചാണു രക്ഷപ്പെടുത്തിയത്.
English Summary: Helicopter crashed at Nedumbassery Airport