ട്രഷറിയിൽ പണമില്ല; പ്രാദേശിക വികസനം മൂന്നിലൊന്നായി
Mail This Article
തിരുവനന്തപുരം ∙ അടുത്ത മാസം പുതിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കഴിഞ്ഞ ബജറ്റിൽ പദ്ധതികൾക്കായി നീക്കിവച്ച 7460.65 കോടി രൂപയിൽ മൂന്നിലൊന്നു മാത്രം ചെലവിട്ടു തദ്ദേശ സ്ഥാപനങ്ങൾ. സർക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 2489 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവിട്ടത്. 440.51 കോടി രൂപ അനുവദിക്കാത്തതിനാൽ പതിനെണ്ണായിരത്തിൽപരം ബില്ലുകൾ സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ സമയത്തെ പദ്ധതിവിഹിത വിനിയോഗത്തിലെ പുരോഗതി പോലും ഇത്തവണ ഇല്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 86,883 പ്രോജക്ടുകളാണ് ഇത്തവണ 1200 തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കിയത്. ഇവയുടെ പുരോഗതി 33.36% മാത്രമാണ്. ട്രഷറികളിലുള്ള 18,169 ബില്ലുകൾ പാസാക്കി പണം അനുവദിച്ചാൽ 2929.17 കോടിയായി (39.26%) ചെലവിടൽ ഉയരുമെന്നു മാത്രം. മെയ്ന്റനൻസ് ഗ്രാന്റുമായി ബന്ധപ്പെട്ട 229 കോടി രൂപയുടെ ഏഴായിരത്തിൽപരം ബില്ലുകളും ട്രഷറികളിൽ കുടുങ്ങി.
കോർപറേഷനുകളിൽ 25% ഫണ്ട് പോലും ചെലവിടാനായിട്ടില്ല. 87 നഗരസഭകളിൽ ഇതു 30 ശതമാനത്തിനു താഴെയാണ്. ഇതോടെ ഇത്തവണയും പദ്ധതി നിർവഹണം സാമ്പത്തിക വർഷത്തിന്റെ അവസാനം കണക്കുകളിലെ കളി മാത്രമായി അവശേഷിക്കും.
പണം അനുവദിക്കുന്നതിലും പ്രോജക്ടുകൾ തയാറാക്കുന്നതിലും വന്ന നിയന്ത്രണങ്ങളാണു പദ്ധതി പുരോഗതിയെ പിന്നോട്ടടിച്ചത്. സംസ്ഥാന സർക്കാർ 1851 കോടി രൂപ വീതം മൂന്നു ഗഡുവായി നൽകുന്ന പ്ലാൻ ഫണ്ടിന്റെ ആദ്യഗഡു ഏപ്രിലിൽ നൽകി. രണ്ടാം ഗഡു ഓഗസ്റ്റിനു പകരം നവംബറിലാണു കൈമാറിയത്. ജനുവരി ആദ്യവാരമാണ് മൂന്നാം ഗഡു നൽകേണ്ടത്. മൂന്നു ഗഡുക്കളായി നൽകുന്ന മെയ്ന്റനൻസ് ഗ്രാന്റിൽ രണ്ടു ഗഡു നൽകിയെങ്കിലും ഏറെ വൈകി.
കേന്ദ്ര ഗ്രാന്റും അപൂർണം
കേന്ദ്ര ധനകാര്യ കമ്മിഷൻ നൽകേണ്ട അടിസ്ഥാന ഗ്രാന്റിന്റെ രണ്ടു ഗഡുക്കളിൽ ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്ന 814 കോടി രൂപയിൽ 252 കോടി രൂപ മാത്രമാണ് ഇതു വരെ സംസ്ഥാനത്തിനു ലഭിച്ചത്. ഈ തുകയും തദ്ദേശ സ്ഥാപനങ്ങൾക്കു കൃത്യമായി കൈമാറിയിട്ടില്ല. അടിസ്ഥാന ഗ്രാന്റിൽ മുഴുവൻ തുകയും നൽകാതെ, കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ അടിച്ചേൽപിച്ച് ഫണ്ട് തടയുകയാണെന്നാണു സംസ്ഥാനത്തിന്റെ വാദം.