ADVERTISEMENT

തൊടുപുഴ ∙ നിക്ഷേപകൻ ആത്മഹത്യ ചെയ്ത് നാലുദിവസം പിന്നിടുകയും ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവരികയും ചെയ്തിട്ടും പുതിയ കേസെടുക്കാൻ തയാറാകാതെ പൊലീസ്. കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ പള്ളിക്കവല മുളങ്ങാശേരിൽ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിലാണ് അന്വേഷണം ഇഴയുന്നത്.

അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുള്ള ഒൻപതംഗ പ്രത്യേക അന്വേഷണ സംഘം ഇന്നലെ സൊസൈറ്റി ഭരണസമിതിയംഗങ്ങളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവും ഭരണസമിതിയംഗവുമായ വി.ആർ.സജിയുടെ മൊഴി രേഖപ്പെടുത്തിയോയെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല.

മരണത്തിന്റെ തലേന്നു രാത്രി, സാബു ഉൾപ്പെട്ട സ്വാശ്രയസംഘത്തിന്റെ യോഗം ചേർന്നിരുന്നു. ആ സംഘത്തിൽപെട്ട പകുതിയോളം പേരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. സാബുവിന്റെ ആത്മഹത്യക്കുറിപ്പിൽ പേരു പറഞ്ഞിട്ടുള്ള  സൊസൈറ്റി സെക്രട്ടറിയടക്കമുള്ള മൂന്നു ജീവനക്കാരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. 

ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിൽ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി. സൊസൈറ്റിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സർക്കാർ സാബുവിന്റെ‌ കുടുംബത്തിനൊപ്പം: മന്ത്രി വാസവൻ

നെടുങ്കണ്ടം ∙ സർക്കാർ സാബുവിന്റെ കുടുംബത്തോടൊപ്പമെന്നു സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ. സാബു നിക്ഷേപിച്ച പണം വേഗത്തിൽ കുടുംബത്തിനു തിരികെ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കട്ടപ്പന റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിലെ ജീവനക്കാർ തെറ്റു ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പൊലീസ് നടപടി സ്വീകരിക്കും. സിപിഎം നേതാവിന്റെ ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം നടത്തും.  തെറ്റുചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സിപിഎമ്മിനുള്ളതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി റോഷിക്ക് എതിരെയും രോഷം

തൊടുപുഴ ∙ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ, ജീവനൊടുക്കിയ സാബു തോമസിന്റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വൈകിയെന്ന് ആരോപണം. സംസ്കാരം നടന്ന ദിവസം 20 കിലോമീറ്ററിനുള്ളിൽ അദാലത്തിൽ പങ്കെടുത്ത മന്ത്രി സംസ്കാരത്തിന്റെ പിറ്റേന്നാണു സാബുവിന്റെ വീട്ടിലെത്തിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സർക്കാരിന്റെ പ്രതിനിധിയായി പങ്കെടുക്കേണ്ടതിനാലാണ് എത്താതിരുന്നതെന്ന് മന്ത്രി റോഷി വിശദീകരിച്ചു.

English Summary:

Sabu Thomas Suicide: Police investigation drags on after threatening message surfaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com