ആർടി ചെക്പോസ്റ്റിൽ റെയ്ഡ്, 5 മണിക്കൂറിൽ 1.61 ലക്ഷം രൂപ

Mail This Article
വാളയാർ (പാലക്കാട്) ∙ വ്യാഴാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ മൂന്നര വരെ നീണ്ട വിജിലൻസ് പരിശോധനയിൽ വാളയാർ ഇൻ, ഔട്ട്, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്നായി 1,61,060 രൂപ പിടികൂടി.
ഇന്നലെ വാളയാർ ഔട്ട് ചെക്പോസ്റ്റിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു കണക്കിൽപെടാത്ത 41,000 രൂപ ഉൾപ്പെടെ 80,700 രൂപയാണു പിടിച്ചത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്ന് 71,560 രൂപയും വേലന്താവളത്തു നിന്ന് 8,800 രൂപയുമാണു പിടിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണു വിജിലൻസ് മിന്നൽ പരിശോധനയ്ക്കെത്തിയത്.
ജനുവരിയിൽ മൂന്നാം തവണയാണു മോട്ടർ വാഹന ചെക്പോസ്റ്റ് കേന്ദ്രീകരിച്ചുള്ള വിജിലൻസ് പരിശോധന നടന്നത്. ജനുവരി 11ന് 5 ചെക്പോസ്റ്റുകളിൽ നിന്നായി 1,49,490 രൂപയും 13ന് 1,77,490 രൂപയും പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ 4,88,040 രൂപയാണു പിടികൂടിയത്.