ADVERTISEMENT

തിരുവനന്തപുരം ∙ വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവ് കൈകാര്യം ചെയ്തത് ആഗോളതലത്തിൽ നടന്ന വൻ കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം. സൈബർ കുറ്റകൃത്യ സംഘങ്ങൾ മുതൽ ഭീകരവാദ സംഘടനകൾ വരെയുള്ളവയുടെ പണമാണ് അലക്സേജിന്റെ നേതൃത്വത്തിലുള്ള ‘ഗാരന്റെക്സ്’ എന്ന ക്രിപ്റ്റോ കറൻസി സ്ഥാപനത്തിലൂടെ കടന്നുപോയതെന്നും കുറ്റവാളികളുടെ വിവരങ്ങളടക്കം ഇയാൾ രഹസ്യമായി സൂക്ഷിച്ചെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഏതാനും വർഷങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങളിൽ മിക്കവയുടെയും പിന്നിൽ അലക്സേജിന്റെ സാന്നിധ്യമുണ്ട്. 

സൈബർ ആക്രമണസംഘങ്ങളായ ബ്ലാക്ക് ബസ്റ്റ, കോന്റി, പ്ലേ ഗ്രൂപ്പ് എന്നിവ സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടിയ പണം അലക്സേജിന്റെ സ്ഥാപനത്തിലേക്കെത്തി. ഇവയടക്കമുള്ള ആഗോള കുറ്റവാളിസംഘങ്ങൾക്കു സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള ഇടമായി ഗാരന്റെക്സ് പ്രവർത്തിച്ചു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ വട്ടംകറക്കിയ സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തി പരിഗണിക്കുമ്പോൾ അലക്സേജിന്റെ അറസ്റ്റ് അതീവ നിർണായകമാണെന്നാണു വിലയിരുത്തൽ.

അലക്സേജിന് ബന്ധമുള്ള സൈബർ കുറ്റകൃത്യങ്ങൾ 

∙ കോന്റി റാൻസംവെയർ ഗ്രൂപ്പ്: ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ സൈബർ കുറ്റകൃത്യ സംഘങ്ങളിലൊന്ന്. 2020ൽ റഷ്യ ആസ്ഥാനമായുള്ള ഹാക്കിങ് സംഘങ്ങൾ തുടക്കമിട്ടു. അതേ വർഷം 150ൽ അധികം കമ്പനികളിൽ ആക്രമണം നടത്തി.

∙ ബ്ലാക്ക് ബസ്റ്റ ഗ്രൂപ്പ്:  2022 ഏപ്രിൽ മുതൽ സജീവം. കഴിഞ്ഞവർഷം മേയിൽ യൂറോപ്പ്, ഓസ്ട്രേലിയ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ അഞ്ഞൂറോളം കമ്പനികളിൽ സൈബർ ആക്രമണം നടത്തി.

∙ പ്ലേ ഗ്രൂപ്പ്:  2022 ജൂണിൽ ആദ്യ സൈബർ ആക്രമണം. യുഎസിലെ സർക്കാർ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലടക്കം നുഴഞ്ഞുകയറി. വിവിധ ഭൂഖണ്ഡങ്ങളിലായി ഇതുവരെ 300ൽ അധികം സൈബർ ആക്രമണങ്ങൾ.

∙ ലസാറസ് ഗ്രൂപ്പ്:  ഉത്തര കൊറിയൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതെന്നു കരുതപ്പെടുന്ന സൈബർ സംഘം. 2016ൽ ബംഗ്ലദേശ് ബാങ്കിൽ നടത്തിയ ആക്രമണത്തിലൂടെ കോടികൾ തട്ടിയെടുത്തു.

ലഹരിക്കടത്ത് വഴിയും പണം 

ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘങ്ങളിൽനിന്നുള്ള പണവും അലക്സേജിന്റെ സ്ഥാപനത്തിലേക്കെത്തിയെന്നാണ് യുഎസ് ഏജൻസിയുടെ കണ്ടെത്തൽ.

English Summary:

Alexej Besiokov: The 'Great White Shark' of global cybercrime arrested

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com