6 നഗരങ്ങളിൽ ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്റർ

Mail This Article
തിരുവനന്തപുരം∙ മൊബൈൽ ഫോണും ഇന്റർനെറ്റും അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന ഡിജിറ്റൽ അഡിക്‌ഷൻ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 6 നഗരങ്ങളിൽ ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്ററുകൾ (ഡി–ഡാഡ്) ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
ജില്ലാപൊലീസ് മേധാവികൾക്കാണ് ഇതിന്റെ ചുമതല. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനും കേരള പൊലീസിന്റെ ചിരി ഹെൽപ് ലൈൻ (94979 00200) നമ്പർ 24 X 7 പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ തോതു മനസ്സിലാക്കി കൗൺസലിങ് നൽകുന്നതിനും ഇവ നിയന്ത്രിക്കുന്നതിനാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും മനഃശാസ്ത്ര വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സേവനം വിനിയോഗിക്കുന്നുണ്ട്.
ലഹരിക്കെതിരെ ശക്തമായ നടപടി: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം∙ ലഹരി ഉപയോഗം കർശനമായി തടയാനും കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കാനും അടുത്ത അധ്യയന വർഷത്തേക്ക് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചതായി മന്ത്രി വി.ശിവൻകുട്ടി.
ഈ വർഷത്തെ പദ്ധതികളുടെ തുടർച്ചയായിട്ടാകും പുതിയ പ്രവർത്തനങ്ങൾ. മേയിൽ നടത്തുന്ന അധ്യാപക പരിശീലന പരിപാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രത്യേക മൊഡ്യൂളുകൾ ഉൾപ്പെടുത്തും. അടുത്തവർഷത്തെ പ്രവേശനോത്സവത്തിന്റെ മുഖ്യ പ്രമേയവും ലഹരി വിരുദ്ധ പ്രവർത്തനമാകും. ലഹരി ഉപയോഗവും തെറ്റായ ജീവിത ശൈലിയും മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ക്യാംപുകളും കൗൺസലിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കും. പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയാനും പ്രത്യേക പദ്ധതി നടപ്പാക്കും. ഒഴിവു സമയങ്ങളിൽ കുട്ടികളുടെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലേക്കു പോകാതിരിക്കാൻ വായനയ്ക്കും കലാ–കായിക പരിപാടികൾക്കും കൂടുതൽ പ്രാധാന്യം നൽകും. കുട്ടികളുടെ കൂട്ടായ്മയായ ജാഗ്രതാ ബ്രിഗേഡുകളും രക്ഷിതാക്കളുടെ കൂട്ടായ്മകളും കൂടുതൽ ശക്തമാക്കും. എക്‌സൈസ് വകുപ്പും പൊലീസും ചേർന്ന് സ്‌കൂൾ തലത്തിൽ പ്രതിരോധ ക്ലബ്ബുകൾ രൂപീകരിച്ചും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അധ്യാപകർ കോഓർഡിനേറ്റർമാരായി ക്ലാസ് ജാഗ്രതാ സമിതികളുമുണ്ട്. ലഹരിക്കെതിരായ പാഠങ്ങൾ പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.