കോട്ടയത്ത് അപ്രതീക്ഷിത സ്ഥാനാർഥിയുമായി സിപിഎം; സിന്ധുമോള്‍ എന്ന പുതുമുഖം
Mail This Article
തിരുവനന്തപുരം∙ സജീവമായിരുന്ന സുരേഷ് കുറുപ്പിന്റെയും വി.എൻ.വാസവന്റെയും പേരുകൾ തള്ളിയാണ് സിന്ധുമോൾ ജേക്കബ് കോട്ടയത്തെ സ്ഥാനാർഥിനിരയിലേക്ക് ഉയർന്നു വന്നത്. ഉഴവൂർ പഞ്ചായത്തംഗമാണ് സിന്ധുമോൾ ജേക്കബ്. ഇന്ന് ചേരുന്ന സിപിഎം പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിലപാടും സ്ഥാനാർഥി തീരുമാനത്തില്‍ നിര്‍ണായകമാകും.
അപ്രതീക്ഷിതമായാണ് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധുമോള്‍ ജേക്കബ് കോട്ടയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള സംരക്ഷണ യാത്രക്കിടെ കോട്ടയത്ത് പറഞ്ഞു. ഇതോടെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പലരും ഉറപ്പിച്ചു.
ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു. പക്ഷേ ഒരുഘട്ടത്തിലും സിന്ധുമോള്‍ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിന്ധുമോളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പുതുമുഖ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമാണ്.
പി.കെ. ഹരികുമാറിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹരികുമാര്‍ ചുമരെഴുത്തും നടത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ സീറ്റ് ജനതാദളിന് വിട്ട് നല്‍കുകയായിരുന്നു. വിവിധ സമുദായ സംഘടനകളുമായുള്ള ഉറ്റബന്ധവും ഹരികുമാറിനെ പരിഗണിക്കുന്നതില്‍ മുഖ്യ ഘടകമാണ്. ജനതാദളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്.