നെഹ്റു ട്രോഫി: ജലരാജാവായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

Mail This Article
ആലപ്പുഴ ∙ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാക്കളായി. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ.

രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 4.31.57 മിനിറ്റിലാണ് ഇവർ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ജലോത്സവത്തിൽ ആലപ്പുഴ പുന്നമട കായൽ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു.

മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്റു ട്രോഫി സൊസൈറ്റി ചെയർമാനുമായ വി.ആർ.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിച്ചത്.

20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്‌റു ട്രോഫിയിൽ ജനപങ്കാളിത്തം ഏറിയെങ്കിലും വിദേശികൾ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി. ഓൺലൈൻ ടിക്കറ്റ് റെക്കോർഡ് വിൽപനയായിരുന്നു ഇത്തവണ. 10 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ടിക്കറ്റാണ് വിറ്റത്.
English Summary: Nehru Trophy Boat race, Live updates