അസഫാക് സ്ഥിരം മദ്യപാനി; മോഷണവും ശീലം: വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തി
Mail This Article
ആലുവ∙ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അസഫാക് ആലം സംഭവദിവസം രാവിലെ 11ന് ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നു റിപ്പോര്‍ട്ട്. കാലിനേറ്റ പരുക്കിനാണ് ഇയാള്‍ ചികിത്സ തേടിയത്. ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അസഫാക് മദ്യപിച്ച ശേഷം റോഡില്‍ കിടക്കുന്നത് കടക്കാര്‍ കണ്ടിരുന്നു. കടയുടെ മുന്നില്‍ കിടക്കുകയായിരുന്ന ഇയാള്‍ പിന്നീട് എഴുന്നേറ്റു പോയി. ഇയാളുടെ പോക്കറ്റില്‍നിന്നു വീണ മരുന്നിന്റെ കുറിപ്പടി സമീപത്തെ കടയുടമയ്ക്കു ലഭിച്ചിരുന്നു. ഇതിനുശേഷം 9 മണിയോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആലുവ സിവില്‍ സ്റ്റേഷന്‍ റോഡിലുള്ള ബവ്‌കോ ഔട്ട്ലെറ്റില്‍നിന്നു അസഫാക് മദ്യം വാങ്ങിയിരുന്നതായും കണ്ടെത്തി.
ഇയാള്‍ പലപ്പോഴും മദ്യപിച്ചു റോഡില്‍ കിടക്കാറുണ്ടായിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. അടുത്തിടെ ഒരു അതിഥിത്തൊഴിലാളിയുടെ മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകയറി മൊബൈലും പണവും മോഷ്ടിച്ചു. തുടര്‍ന്ന് അതിഥിത്തൊഴിലാളി ഇയാളെ പിടികൂടി ഫോണ്‍ തിരികെ വാങ്ങുകയായിരുന്നു. മറ്റൊരാളുടെ മുറിയിലെത്തി 3,000 രൂപ മോഷ്ടിച്ചു.
English Summary: Aluva child murder case accused ashfaq alam was a drunkard says local residents