മനോരമ ഓൺലൈൻ ‘ഗൂഗിൾ ശക്തി’ സോഷ്യൽ ചാംപ്യൻ
Mail This Article
ന്യൂഡൽഹി∙ ‘ഗൂഗിൾ ശക്തി’ പദ്ധതിയുടെ സോഷ്യൽ ചാംപ്യൻ പുരസ്കാരം മനോരമ ഓൺലൈനിന്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ ഗൂഗിൾ ന്യൂസിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്രതിരോധമുയർത്തിയ മാധ്യമ കൂട്ടായ്മയാണ് ‘ഗൂഗിൾ ശക്തി’. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യയിലെ അൻപതിലേറെ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള 300 ഫാക്ട് ചെക്കർമാരും റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും പദ്ധതിയിൽ പങ്കെടുത്തു. വ്യാജവിവരങ്ങളും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളും വ്യാജ തിരഞ്ഞെടുപ്പു സര്‍വേകളും നിര്‍മിത ബുദ്ധി വഴിയുള്ള ഡീപ് ഫെയ്ക്കുകളുമെല്ലാം തൽസമയം തിരിച്ചറിഞ്ഞ് അവ പരക്കുന്നതിനു മുൻപേ പ്രതിരോധിച്ചു. കലക്ടീവിന്റെ ഭാഗമായി നൂറിലേറെ ഫാക്ട് ചെക്ക് വാർത്തകളും നിരവധി ഫാക്ട് ചെക്ക് വിഡിയോകളും വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. മനോരമ ഓൺലൈൻ ഫാക്ട്‌ചെക്ക് പേജ് സന്ദർശിക്കാം: www.manoramaonline.com/factcheck
മലയാള മനോരമ, ഇന്ത്യാ ടുഡേ, വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രധാന മാധ്യമങ്ങളും ഡേറ്റ ലീഡ്‌സിന്റെ നേതൃത്വത്തില്‍ മിസ്‌ഇന്‍ഫര്‍മേഷന്‍ കോംപാക്ട് അലയന്‍സ്, ബൂം, ദ് ക്വിന്റ്, വിശ്വാസ് ന്യൂസ്, ഫാക്ട്‌ലി, ന്യൂസ് ചെക്കര്‍ എന്നിവയും ചേര്‍ന്നതായിരുന്നു ഈ കൂട്ടായ്മ. തിരഞ്ഞെടുപ്പിലെ ഫാക്ട് ചെക്കിങ്ങിനായുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണിത്.