ADVERTISEMENT

മുംബൈ∙ അടൽ സേതുവിൽനിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷിച്ച് കാർ ഡ്രൈവറും പൊലീസും. അടൽ സേതുവിന്റെ കൈവരിയിൽ സംശയാസ്പദമായി സ്ത്രീയെ കണ്ടതോടെ കാർ ഡ്രൈവർക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ കടലിലേക്ക് ചാടാൻ തുടങ്ങിയ സ്ത്രീയുടെ കൈയിൽ പിടിച്ച ഡ്രൈവർ ഇവരെ താഴേക്ക് വീഴാതെ രക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൈവരിയിലിക്കുന്ന സ്ത്രീ ആദ്യം എന്തോ ഒരു വസ്തു കടലിലേക്ക് എറിയുന്നത് ദൃശ്യങ്ങളിൽ കാണുന്നുണ്ട്. കാർ ഡ്രൈവർ അവരോട് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും സ്ത്രീ കടലിലേക്ക് ചാടാൻ ശ്രമിച്ചു. ഇതിനിടെ ഡ്രൈവർ കൈവരിക്കിപ്പുറം നിന്ന് സ്ത്രീയുടെ കൈയിൽ പിടിച്ചു കടലിൽ വീഴാതെ നോക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന പൊലീസിന്റെ പട്രോളിങ് വാഹനം പാഞ്ഞെത്തുകയും പൊലീസ് ​ഉദ്യോഗസ്ഥർ പാലത്തിനു മുകളിൽ കയറി സ്ത്രീയെ രക്ഷിക്കുകയുമായിരുന്നു.

നവി മുംബൈ പൊലീസിലെ ലളിത് ഷിർസത്, കിരൺ മഹ്ത്രേ, യഷ് സോനാവാനെ. മയൂർ പട്ടീൽ എന്നീ ഉദ്യോഗസ്ഥർ വിഷയത്തിൽ സമയോചിത ഇടപെടലാണ് നടത്തിയതെന്ന് മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും കമ്മിഷണർ പങ്കുവച്ചു. അതേസമയം രക്ഷകനായ കാർ ഡ്രൈവർ ആരാണെന്ന് വ്യക്തമല്ല. മുലുന്ദ് സ്വദേശിയായ റീമ മുകേഷ് പട്ടേൽ (56) ആണ് പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

English Summary:

Dramatic Bridge Rescue Caught on Camera: Car Driver Prevents Tragedy at Atal Setu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com