കാഴ്ചക്കാർ ഒരു കോടി; കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം, മാതൃകയായി വില്ലേജ് കുക്കിങ് ചാനൽ
Mail This Article
ഒരു കോടി കാഴ്ചക്കാരുമായി വില്ലേജ് കുക്കിങ് ചാനൽ. പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു ലോകത്തിനു മുന്നിൽ നിറഞ്ഞു ചിരിക്കുന്നതിനു കാരണം ഈ ആറു േപരാണ്. വി. സുബ്രഹ്മണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി. തമിഴ്സെൽവൻ, ടി. മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം. പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്. ഈ സന്തോഷം പങ്കുവയ്ക്കാൻ ആറു പേരുംകൂടി തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ചു, കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്കും കൈമാറി.
യൂട്യൂബിൽ 'എല്ലാവരും വാങ്കേ..' എന്നു നല്ല നാടൻ തമിഴിൽ ആളുകളെ വിളിച്ചുകയറ്റുന്നത് തമിഴകത്തിന്റെ രുചിവൈവിധ്യങ്ങൾ ലോകത്തിനു സമ്മാനിക്കുന്ന ഒരു കൂട്ടം സാധാരണക്കാരാണ്. ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഓണ്‍ലൈൻ കുക്കിങ് വിഡിയോ എന്ന ആശയം പിറന്നത്. നാട്ടില്‍ ചെറിയ ജോലികൾ ചെയ്തിരുന്ന കസിൻസിനോട് തന്റെ ആശയം സുബ്രഹ്മണ്യൻ പങ്കുവച്ചു. പണം കണ്ടെത്തി വിദേശത്തു പോകണമെന്നു സ്വപ്നം കണ്ടിരുന്ന സഹോദരങ്ങൾ ആ പരീക്ഷണത്തിനൊപ്പം നിന്നു. ഒപ്പം താത്തയുടെ (മുത്തച്ഛൻ) കൈപ്പുണ്യവും. നാടിന്റെ സ്വന്തം വിഭവങ്ങൾ ലോകത്തിനു മുന്നിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
നാടൻ ചാനൽ
വെറും കുക്കിങ് വിഡിയോകൾ മാത്രമായിരുന്നില്ല ആ ക്യാമറകള്‍ പകർത്തിയത്; നാടിന്റെ നിഷ്കളങ്കത കൂടിയാണ്. വയലോരത്തു പച്ചപ്പിനു നടുവിൽ കല്ലുകൊണ്ട് അടുപ്പു കൂട്ടിയാണ് പാചകം. കടയിൽനിന്നു മല്ലിപ്പൊടിയോ മുളകുപൊടിയോ വാങ്ങാറില്ല. എല്ലാം അമ്മിയിൽ അരച്ചെടുക്കുന്നവകൊണ്ടു മാത്രം. ഓരോ ചേരുവയ്ക്കു മുന്നിലും അതിന്റെ പരിശുദ്ധിയുടെ വിളംബരവുമുണ്ട്. നൂറിൽ കുറവ് ആളുകൾക്കു ഭക്ഷണമുണ്ടാക്കി പെരിയതമ്പിക്കു ശീലമില്ല. അതുകൊണ്ടുതന്നെ വലിയ പാത്രങ്ങളിലാണു പാചകം.
എന്തുണ്ടാക്കിയാലും ആറുപേരും ഒന്നിച്ചിരുന്നു രുചി നോക്കും. ഷൂട്ടിനു ശേഷം ഭക്ഷണം നാട്ടിലെ കുട്ടികൾക്കും അനാഥാലയങ്ങളിലേക്കുമെത്തിക്കും. ഒരു മാസം പത്തു ലക്ഷത്തിലധികം രൂപ യൂട്യൂബിൽനിന്നു വരുമാനമായി ലഭിക്കുന്നു. ഫെയ്സ്ബുക്കിൽ നിന്നുള്ളതു വെറെയും. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ചെലവഴിക്കുന്നത്. ബാക്കിയുള്ള തുക കൃത്യമായി പങ്കിട്ടെടുക്കും.
English Summary : Village Cooking channel by Indian farmer-chefs features feasts traditional village food.