ആദ്യം ‘ബോണ്ട്’, പിന്നാലെ സ്ഥാനാർഥി: പലരും കൊതിച്ച സീറ്റിൽ ഒടുവിൽ ശതകോടീശ്വരി; ബിജെപിയുടെ ‘പൊൻ’ പല്ലവി– വിഡിയോ
Mail This Article
45 ദിവസം, ഏഴു ഘട്ടം, 543 മണ്ഡലങ്ങൾ, 260 പാർട്ടികൾ, 10 ലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ, 96.8 കോടി വോട്ടർമാർ– കന്യാകുമാരി മുതൽ കശ്മീർ വരെ പടർന്നു കിടക്കുന്ന, ജനസംഖ്യയിൽ 140 കോടിയും കടന്ന് ലോകത്തെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറയുമ്പോൾ ഇതൊന്നും വലിയ സംഖ്യകളേയല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഏറ്റവും വലിയ മഹോത്സവം കൊണ്ടാടുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഉത്സവം കെങ്കേമമാക്കാൻ പണം ഒഴുക്കുന്നത് സ്വഭാവികം. എന്നാൽ ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിലയേറിയ, ചെലവേറിയ തിരഞ്ഞെടുപ്പായി 2024ലെ പൊതു തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. വികസിത രാജ്യങ്ങളുടെ പോലും തിരഞ്ഞെടുപ്പു ബജറ്റിനെ മറികടന്നാണ് ഇന്ത്യയിലെ ചെലവ് കുതിച്ചു കയറിയത്. ലോകറെക്കോർഡെന്നുതന്നെ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിന് 60,000 കോടിയാണ് ചെലവായിരുന്നതെങ്കിൽ ഇത്തവണ അത് 1.20 ലക്ഷം കോടിയിലധികം രൂപയാകുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്കാക്കുന്നത്. ഇത്രയേറെ പണം ചെലവാക്കാൻ തക്ക ധനികരാണോ നമ്മുടെ രാഷ്ട്രീയക്കാർ? അവിടെയുമുണ്ട് വൈരുധ്യങ്ങളേറെ.